വയനാട് തുരങ്കപാത യാഥാര്‍ത്ഥ്യമാക്കാനുള്ള നടപടികള്‍ വേഗത്തിലാക്കും. തുരങ്കപാത നിര്‍മ്മാണത്തിന്‍ 19.59 ഹെക്ടര്‍ ഭൂമിയാണ് ആവശ്യമായുള്ളത്. തോട്ടഭൂമിയും ഉള്‍പ്പെട്ടതാണ് പ്രദേശം. തോട്ട ഭൂമി വില നല്‍കി ഏറ്റെടുക്കുന്നതിനായി പ്രത്യേക അനുമതിക്കായി റവന്യുസെക്രട്ടറിക്ക് കത്തുനില്‍കിയതായി ജില്ലാ കളക്ടര്‍ മേഖല അവലോകന യോ​ഗത്തെ അറിയിച്ചു. കിഫ്ബിയില്‍ നിന്നും 3.8 കോടി രൂപ വനംവകുപ്പിന് നല്‍കി.
ജനുവരി 2024 പദ്ധതി തുടങ്ങാന്‍ ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നത്. ടെണ്ടര്‍ നടപടികള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനായി കിഫ്ബിക്കും പൊതുമരാമത്ത് വകുപ്പിനും കത്തുനല്‍കിയതായി കോഴിക്കോട്, വയനാട് ജില്ലാ കളക്ടര്‍മാര്‍ യോഗത്തെ അറിയിച്ചു. തുരങ്കപാതയ്ക്കായുള്ള ഭൂമി ഏറ്റെടുക്കല്‍ പൂര്‍ണ്ണമായും നയപരമായിരിക്കണമെന്നും കൃത്യതയോടും ജാഗ്രതയോടുമുള്ള നടപടി ക്രമങ്ങള്‍ പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് ഏറെ സഹായകരമാകുമെന്നും മുഖമന്ത്രി ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
മലയോര ഹൈവ നിര്മ്മാണം പൂര്ത്തിയാക്കണം
വയനാട് ജില്ലയെ ബന്ധിപ്പിക്കുന്ന മലയോര ഹൈവെയുടെ നിര്‍മ്മാണം വേഗത്തിലാക്കാന്‍ അവലോകനയോഗം നിര്‍ദ്ദേശിച്ചു. രണ്ടുകൈവഴിയായണ് വയനാട് ജില്ലയിലൂടെ മലയോര ഹൈവേ കടന്നുപോകുന്നത്. ബോയ്സ് ടൗണിൽ നിന്നും തുടങ്ങി മാനന്തവാടി കല്‍പ്പറ്റ മേപ്പാടി ചൂരല്‍മല റോഡിലൂടെ കോഴിക്കോട് ജില്ലയിലെ മരിപ്പുഴയില്‍ വന്നുചേരും. ബോയ്സ് ടൗണ്‍ വാളാട് കുഞ്ഞോം നിരവില്‍പ്പുഴ വഴി ചുങ്കക്കുറ്റി വഴി കോഴിക്കോട് ജില്ലയിലേക്ക് പ്രവേശിക്കുന്നു. 89.221 കിലോ മീറ്റര്‍ പാതയില്‍ നാല് റീച്ചുകളായിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. ഇതില്‍ മൂന്ന് റീച്ചുകളുടെ പ്രവൃത്തി മുന്നേറുകയാണെന്ന് അധികൃതര്‍ യോഗത്തെ അറിയിച്ചു.