സംസ്ഥാന അതിർത്തി പ്രദേശങ്ങളിലും ചുരങ്ങളിലും മാലിന്യ നിർമാർജനം ഫലപ്രദമാക്കണമെന്ന് മേഖല അവലോകന യോഗത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് നിർദേശിച്ചു. കാസർഗോഡ് , കണ്ണൂർ ,വയനാട്, കോഴിക്കോട് ജില്ലകളെ ഉൾപ്പെടുത്തി മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിൽ കോഴിക്കോട്  ചെറുവണ്ണൂർ മറീന കൺവെൻഷൻ സെന്ററിൽ  നടത്തിയ  മേഖലാ അവലോകന യോഗത്തിലാണ് മന്ത്രിയുടെ നിർദേശം.

സംസ്ഥാനത്തു പൊതുവിൽ മാലിന്യ സംസ്കരണ കാര്യത്തിൽ ഉണ്ടാകുന്ന മാറ്റം അതിർത്തി സ്ഥലങ്ങളിൽ പ്രതിഫലിക്കുന്നില്ല. ഇത്തരം സ്ഥലങ്ങളിൽ ശാശ്വതമായ സംവിധാനം ഉണ്ടാക്കണം. മാതൃകാപരമായ പ്രവർത്തനങ്ങളാണ് മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി കണ്ണൂർ ജില്ലയിൽ നടത്തുന്നതെന്ന് യോഗം വിലയിരുത്തി. ജില്ലയിലെ 90 ശതമാനം തദ്ദേശഭരണ സ്ഥാപനങ്ങളും ക്ലീൻ കേരള കമ്പനിയുമായി കരാറിൽ ഏർപ്പെട്ടും മറ്റുള്ളവ സ്വകാര്യ ഏജൻസികളുടെ സഹായത്തോടെയും പാഴ് വസ്തുക്കളും മാലിന്യങ്ങളും യഥാസമയം നീക്കം ചെയ്യുന്നു.
2023 24 വാർഷിക പദ്ധതിയിലുൾപ്പെടുത്തി മാലിന്യ സംസ്കരണത്തിനായി 369 പുതിയ പദ്ധതികൾ  പ്രഖ്യാപിച്ചു. കേന്ദ്രീകൃത മാലിന്യ സംസ്കരണ പ്ലാന്റുകൾ, മാർക്കറ്റുകളിലെ മാലിന്യ സംസ്കരണ സംവിധാനങ്ങൾ, പുതിയ എംസിഎഫ്, മിനി എം സി എഫ്, ആർ ആർ എഫ് എന്നിവ സ്ഥാപിക്കൽ തുടങ്ങിയവ ഉൾപ്പെട്ടതാണ് പദ്ധതികൾ. ഇതിൽ പടന്നപ്പാലം മലിനജല സംസ്കരണ പ്ലാന്റ്  (എസ് ടി പി ) ഡിസംബർ 15 ഓടെ പൂർത്തിയാകും. ബയോ മൈനിങ് വേഗത്തിലാക്കാൻ യോഗം നിർദേശം നൽകി. ഇതു സംബന്ധിച്ചു കരാർ വ്യവസ്ഥകൾ പാലിക്കപ്പെടുന്നുവെന്നു ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉറപ്പാക്കണമെന്നും യോഗം നിർദേശിച്ചു.വള്ള്യായി  എഫ് എസ് ടി പി സ്ഥാപിക്കുന്നതിന് ഡിപിസി അംഗീകാരം ലഭിച്ചു. കൂടാതെ ജില്ലയിൽ കൂടുതൽ പ്ലാന്റുകൾ സ്ഥാപിക്കുന്നതിനായി സർക്കാർ കൈവശമുള്ള നാല് സ്ഥലങ്ങളുടെ സാധ്യതാ പഠനം നടത്തി നടപടികൾ പുരോഗമിക്കുകയാണ്.
ഓഗസ്റ്റ് മാസത്തെ കണക്കുകൾ പ്രകാരം വീടുകളിൽ നിന്നുള്ള യൂസർഫീ കലക്ഷന്റെ ശരാശരിയിൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനം കണ്ണൂരിനാണ്. യൂസർ ഫീ കളക്ഷനിൽ ആഗസ്ത് മാസം 19 തദ്ദേശഭരണ സ്ഥാപനങ്ങൾ 90 ശതമാനത്തിന് മേലെയാണ്.
പ്രവർത്തനമാരംഭിക്കാത്ത ടേക്ക് എ ബ്രേക്ക് യൂണിറ്റുകളെ കുടുംബശ്രീ സംരംഭകരുടെ സഹായത്തോടെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ പ്രവർത്തിപ്പിക്കുന്നതിനുള്ള കർമ്മ പരിപാടി തയ്യാറാക്കും.