പാലക്കാട്: വൈവിധ്യമേറിയ പരിപാടികളോടെ ജില്ലാ ഭരണകൂടം, ജില്ലാ പഞ്ചായത്ത്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, ഹരിതകേരളം-ശുചിത്വമിഷന്‍, നെഹ്രു യുവ കേന്ദ്ര, അഗ്നിശമനസേന തുടങ്ങി വിവിധ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തില്‍ ഒരാഴ്ചയായി നടത്തിവന്ന ഗാന്ധിജയന്തി വാരാചരണം സമാപിച്ചു. പ്രളയബാധിത പ്രദേശങ്ങളില്‍ പ്രളയം, ഉരുള്‍പൊട്ടല്‍, ജാഗ്രതാ നിര്‍ദ്ദേശങ്ങളടങ്ങിയ ലഘു ലേഖകള്‍ വിതരണം ചെയ്താണ് വാരാചരണത്തിന് സമാപനം കുറിച്ചത്.
ഗാന്ധിജിയുടെ 150-ാം ജന്മദിനം അനുസ്മരിച്ച് 150 മണ്‍ചിരാതുകള്‍ തെളിയിച്ചാണ് വാരാചരണത്തിന് തുടക്കമിട്ടത്. പരിപാടിയുടെ ഭാഗമായി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നെഹ്്റു യുവകേന്ദ്ര, എന്‍.എസ്.എസ്.ടെക്‌നിക്കല്‍ സെല്‍ എന്നിവരുടെ കീഴിലുളള 250-തോളം വിദ്യാര്‍ഥികള്‍ പാലക്കാട് നഗരത്തിലെ പൊതുസ്ഥലങ്ങളില്‍ ശുചീകരണം നടത്തി. ജില്ലയില്‍ പ്രളയക്കെടുതി നേരിട്ട പ്രദേശങ്ങളിലൊന്നായ സുന്ദരം കോളനി പരിസരം ചൈല്‍ഡ് ലൈനിന്റെ ആഭിമുഖ്യത്തില്‍ ശുചീകരിക്കുകയും ഫലവൃക്ഷങ്ങള്‍ വെച്ചുപിടിപ്പിക്കുകയും ചെയ്തു. ഗാന്ധി സ്മരണയില്‍ മലമ്പുഴ ഗിരി വികാസ് കേന്ദ്രത്തില്‍ നിന്ന്് മലമ്പുഴ ഗിരി വികാസ്, എലപ്പുളളി ശ്രീനാരായണ പബ്ലിക് സ്‌കൂള്‍, ഗവ.മോയന്‍ മോഡല്‍ ഗേള്‍സ് ഹൈസ്‌കൂള്‍, കല്ലേക്കുളങ്ങര ഹേമാംബിക ഹൈസ്‌കൂള്‍ തുടങ്ങിയ വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളും, വിവിധ ഗാന്ധിയന്‍ സംഘടനാ പ്രതിനിധികളും അങ്കണവാടി വിദ്യാര്‍ത്ഥികളും ശബരി ആശ്രമത്തിലേക്ക് പദയാത്ര നടത്തി. എലപ്പുളളി താലൂക്കാശുപത്രിയില്‍ ശുചീകരണ പ്രവൃത്തി സംഘടിപ്പിച്ചു
പ്രളയക്കെടുതി നേരിട്ട സുന്ദരം കോളനിയിലെ കുട്ടികളുടെ മാനസിക ഉല്ലാസം ലക്ഷ്യമിട്ട് ചൈല്‍ഡ് ലൈനും യൂനിസെഫും സംയുക്തമായി പാട്ടുകൂട്ടം എന്ന പേരില്‍ സംഗീത പരിപാടി സംഘടിപ്പിച്ചു. എലപ്പുളളി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ദുരന്ത നിവാരണ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ദേശീയ ആരോഗ്യദൗത്യവും ഗവ. സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയുടേയും ആഭിമുഖ്യത്തില്‍ അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയുടെ സഹകരണത്തോടെ സെറിബ്രല്‍ പാള്‍സി ബാധിച്ച കുട്ടികള്‍ക്കായി നേത്രപരിശോധനയും പുനരധിവാസ പരിശീലനവും നടത്തി. ഐ.ടി മിഷന്റെ സഹകരണത്തോടെ പ്രളയക്കെടുതിയില്‍ സര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെട്ടവര്‍ക്ക് ലഭ്യമാക്കുന്നതിനായി പട്ടാമ്പി, ആലത്തൂര്‍ താലൂക്കുകള്‍ കേന്ദ്രീകരിച്ച് അദാലത്ത് സംഘടിപ്പിച്ചു. കൊടുവായൂര്‍ ഗവ: ഹൈസ്‌കൂളില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.