സംസ്ഥാനത്തെ ആദ്യ ജില്ലാ ദുരന്തനിവാരണ ടീം
ദുരന്തമുഖങ്ങളിലേയ്ക്ക് സര്‍വസജ്ജരായി സംസ്ഥാനത്തെ ആദ്യത്തെ ജില്ലാ ദുരന്തനിവാരണ ടീം ‘ദ്രുത്’ ഒരുങ്ങുന്നു. കോഴിക്കോട് ജില്ലയിലെ വിവിധ ദുരന്തങ്ങള്‍ നേരിടുന്നതിന് പ്രാദേശികമായി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് രംഗത്തിറക്കുവാന്‍ പറ്റുന്ന തരത്തില്‍ ശാസ്ത്രീയ പരിശീലനം നേടിയവരുടെ സംഘമാണ് രൂപീകരിക്കുന്നത്. ഗാന്ധിജയന്തി വാരാചരണത്തിന്റെ ജില്ലാതല സമാപനത്തോടനുബന്ധിച്ച് നടന്ന ജില്ലാ ദുരന്തനിവാരണസേനയുടെ പ്രഖ്യാപനവും ലോഗോ പ്രകാശനവും കലക്ടര്‍ യു.വി. ജോസ് നിര്‍വഹിച്ചു. നിപ വൈറസും കരിഞ്ചോല ഉരുള്‍പ്പെട്ടലുമെല്ലാം പഠിപ്പിച്ച പാഠങ്ങളില്‍ നിന്നാണ് ജില്ലാ ദുരന്തനിവാരണ സേനയുടെ പ്രവര്‍ത്തനങ്ങള്‍ ജില്ലാഭരണകൂടം ആരംഭിച്ചത്. മനുഷ്യസ്നേഹം കൊണ്ടാണ് ദുരന്തങ്ങളെ കോഴിക്കോട് നേരിട്ടത്. നിപ വൈറസ് ജില്ലയില്‍ ബാധിച്ചപ്പോള്‍ ഏഞ്ചല്‍സുമായി സഹകരിച്ച് ദുരന്തനിവാരണ സേന രൂപീകരിക്കാന്‍ ഒരുക്കങ്ങള്‍ നടത്തിയിരുന്നു. പിന്നീട് പ്രളയവും ഉരുള്‍പ്പെട്ടലും നടന്നതോടെ പദ്ധതി നീണ്ടുപോവുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
സിവില്‍സ്റ്റേഷനിലെ ജില്ലാ ആസൂത്രണ സമിതി ഹാളില്‍ നടന്ന ചടങ്ങില്‍ സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. ഡോ. അജില്‍ അബ്ദുള്ള പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് സി.എച്ച്. ബാലകൃഷ്ണന്‍, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് വി.കെ. വിനോദ്, ഐ ആന്‍ഡ് പിആര്‍ഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ ഇ.വി. സുഗതന്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഒ. മീനാകുമാരി അമ്മ, ജില്ലാ ഫയര്‍ ഫോഴ്സ് ഓഫീസര്‍ ടി. രജീഷ്, ഡോ ബാലസുബ്രഹ്മണ്യം, മാത്യു സി കുളങ്ങര, മുസ്തഫ കെ.പി, ജസ്റ്റ്‌ലി റഹ്മാന്‍, പി.പി. രാജന്‍, ഡോ. മനോജ് കാളൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഡോ എം.കെ ചന്ദ്രമോഹനാണ് ലോഗോ രൂപകല്‍പ്പന ചെയ്തത്. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍ സ്വാഗതവും ഡെപ്യൂട്ടി കലക്ടര്‍ എന്‍. റംല നന്ദിയും പറഞ്ഞു.
റവന്യൂ, പൊലിസ്, ആരോഗ്യം, ഫയര്‍ ആന്റ് റസ്‌ക്യൂ, എയ്ഞ്ചല്‍സ് എന്നിവയുടെ മേല്‍നോട്ടത്തിലാണ് ദ്രുതിന്റെ പ്രവര്‍ത്തനങ്ങള്‍. കലക്ടറേറ്റിലെ ജില്ലാ ദുരന്ത നിവാരണ വിഭാഗം ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. 30 മുതല്‍ 50 വരെ അംഗങ്ങളടങ്ങുന്ന 10 സേനകളാണ് പ്രാദേശികതലങ്ങളില്‍ ആദ്യഘട്ടത്തില്‍ രൂപീകരിക്കുന്നത്. ജില്ലാ തലത്തില്‍ കലക്ടറും പ്രാദേശിക തലങ്ങളില്‍ തഹസില്‍ദാര്‍മാരും സേനയെ നിയന്ത്രിക്കും. ജില്ലയിലെ മലയോര മേഖലകള്‍, തീരദേശ മേഖലകള്‍, മറ്റ് ദുരന്തസാധ്യതാ മേഖലകള്‍ എന്നിവ കേന്ദ്രീകരിച്ചായിരിക്കും സേനയുടെ രൂപീകരണം. സേന അംഗങ്ങള്‍ക്കായി സന്നദ്ധ സംഘടനകള്‍, തൊഴിലാളി സംഘടനകള്‍, ഡ്രൈവര്‍മാര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, വിദഗ്ധ തൊഴിലാളികള്‍, നീന്തല്‍ വിദഗ്ധര്‍, പാമ്പു പിടുത്തക്കാര്‍, സേനയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ തുടങ്ങിയവരില്‍ നിന്ന് നിശ്ചിത മാതൃകയില്‍ അപേക്ഷ ക്ഷണിക്കും. ആരോഗ്യ പരിശോധനയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തില്‍ തെരഞ്ഞടുക്കപ്പെടുന്നവരെയാണ് ദ്രുത് സേനയില്‍ ഉള്‍പ്പെടുത്തുക.