പ്രളയബാധിത പ്രദേശങ്ങളില്‍ പ്രളയം, ഉരുള്‍പൊട്ടല്‍, ജാഗ്രതാ നിര്‍ദ്ദേശങ്ങളും അഗ്‌നിശമനസേനാ വിഭാഗത്തിന്റെ സേവനങ്ങളുമടങ്ങിയ ലഘു ലേഖകള്‍ വിതരണം ചെയ്തു. പ്രളയക്കെടുതി രൂക്ഷമായി നേരിട്ട കല്‍പ്പാത്തി, ഗണേഷ് നഗര്‍, റസിഡന്‍സ് കോളനി വൈസ് പ്രസിഡന്റ് പ്രണവ്ശ്രീ വി.കെ പത്മനാഭനാണ് ആദ്യം ലഘുലേഖ നല്‍കിയത്. തുടര്‍ന്ന് കല്‍പ്പാത്തി തോട്ടുപ്പാലം, ആനച്ചിറ കോളനി, സഞ്ജയ് നഗര്‍ എന്നിവിടങ്ങളിലായി നൂറോളം വീടുകളില്‍ നേരിട്ട് വിതരണം നടത്തി. ജില്ലാ പഞ്ചായത്ത്, ജില്ലാ ഭരണകൂടം, ജില്ലാ ഇന്‍ഫര്‍മേഷന്‍, എന്നിവയുടെ ആഭിമുഖ്യത്തില്‍ അഗ്നിശമന സേന വിഭാഗം, നെഹ്റു യുവകേന്ദ്ര എന്നിവയുടെ സഹകരണത്തോടെ ഗാന്ധിജയന്തി വാരാചരണത്തോടനുബന്ധിച്ചാണ് ലഘുലേഖ വിതരണം നടത്തിയത്. അഗ്നിശമന സേനയുടെ ജില്ലാ മേധാവി അരുണ്‍ ഭാസ്‌ക്കറിന്റെ നിര്‍ദ്ദേശങ്ങളാണ് ലഘു ലേഖയില്‍ ഉള്‍പ്പെടുത്തിയത്. മഴ കനക്കുമ്പോഴും പ്രളയ സൂചന ലഭിക്കുമ്പോഴും ജനങ്ങള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളും ഉരുള്‍പൊട്ടല്‍ ലക്ഷണങ്ങള്‍ സംബന്ധിച്ചും മൂന്ന് പേജുളള ലഘുലേഖയില്‍ വ്യക്തമാക്കുന്നു.

മലമ്പുഴ ഗിരിവികാസിലെ വിദ്യാര്‍ത്ഥികളും നെഹ്റു യുവകേന്ദ്ര വോളണ്ടിയര്‍മാരുമടങ്ങുന്ന 45 അംഗ സംഘമാണ് പാലക്കാട് നഗരത്തിലെ പ്രളയക്കെടുതി നേരിട്ട കല്‍പ്പാത്തി, അംബികാപുരം, ശേഖരിപുരം പ്രദേശങ്ങളിലെ വീടുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്തത്. അതത് വാര്‍ഡ് കൗണ്‍സിലര്‍മാരുടേയും റെസിഡന്‍സ് അസോസിയേഷന്റേയും നേതൃത്വത്തിലാണ് വിതരണം നിര്‍വഹിച്ചത്. ലഘുലേഖയുടെ പ്രചരണം സോഷ്യല്‍ മീഡിയ വഴിയും നടപ്പാക്കുന്നുണ്ട് പാലക്കാട് നഗരസഭ അഞ്ചാം വാര്‍ഡ് കൗണ്‍സിലര്‍ ജയന്തി രാമനാഥന്റെ സാന്നിധ്യത്തിലാണ് കല്‍പ്പാത്തി ഗണേഷ്നഗര്‍ കോളനിയില്‍ വിതരണത്തിന് തുടക്കമിട്ടത്. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് അസി. എഡിറ്റര്‍ പ്രിയ.കെ. ഉണ്ണികൃഷ്ണന്‍, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. സുമ, സബ് എഡിറ്റര്‍ ഗ്രീഷ്മ രാജന്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് ഡോണ തോമസ് തുടങ്ങിയവരും വിതരണത്തില്‍ പങ്കാളികളായി.