തീവ്രതയേറിയ ലൈറ്റ് ഉപയോഗിച്ച് അനധികൃത മത്സ്യ ബന്ധനം നടത്തുന്ന യാനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുത്ത് ഫിഷറീസ് – മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍. ലൈറ്റുകള്‍ ഉപയോഗിച്ച് അനധികൃത മത്സ്യബന്ധനം നടത്തിയ മൂന്ന് ബോട്ടുകള്‍ ഫിഷറീസ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് പിടിച്ചെടുത്ത് പിഴ ചുമത്തി.

തീവ്രതയേറിയ ലൈറ്റ് ഉപയോഗിച്ച് കൂട്ടത്തോടെ മത്സ്യങ്ങളെ ആകര്‍ഷിച്ച് മത്സ്യബന്ധനം നടത്തുന്ന രീതി മത്സ്യ സമ്പത്ത് കുറയാനിടയാക്കുന്നതാണ്. ഇതിലൂടെ പരമ്പരാഗത മത്സ്യതൊഴിലാളിയ്ക്ക് മത്സ്യലഭ്യത കുറയും എന്ന് കാണിച്ച് പരമ്പരാഗത മത്സ്യതൊഴിലാളികള്‍ നല്‍കിയ പരാതിയില്‍ അഴീക്കോട് ഫഷറീസ് സ്റ്റേഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ എം എഫ് പോളിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണം സംഘം ആഴക്കടലില്‍ നടത്തിയ പരിശോധനയില്‍ ഹൈവോള്‍ട്ടേജ് ലൈറ്റുകള്‍ ഉപയോഗിച്ച് അനധികൃത മത്സ്യബന്ധനം നടത്തിയ ബോട്ടുകള്‍ പിടികൂടി.

മുനമ്പം പള്ളിപ്പുറം സ്വദേശി ചീനിപ്പറമ്പില്‍ വീട്ടില്‍ സണ്ണി പിന്‍ഹീറോ എന്നയാളുടെ ഉടമസ്ഥതയിലുള്ള താനിയ, മുനമ്പം പള്ളിപ്പുറം സ്വദേശി ഓളാട്ടുപുരയ്ക്കല്‍ റൈജുവിന്റെ വചനം 3, കൊച്ചി വെണ്ണല സ്വദേശി തറമ്മേല്‍ വീട്ടില്‍ നിഷാദ് ജോര്‍ജിന്റെ അല്‍ജോഹര്‍ എന്നീ മൂന്ന് ബോട്ടുകളാണ് പിടിച്ചെടുത്തത്.

കടലില്‍ കൃത്രിമമായി അമിത വെളിച്ചമുണ്ടാക്കി മത്സ്യക്കൂട്ടങ്ങളെ ആകര്‍ഷിച്ച് ഒന്നിച്ച് കോരിയെടുക്കുന്ന മത്സ്യബന്ധനം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിരോധിച്ച മത്സ്യ ബന്ധന രീതിയാണ്. 12 വാട്‌സിന് താഴെ വെളിച്ച സംവിധാനം ഉപയോഗിക്കാനാണ് അനുമതിയുള്ളത്. ഇതു ലംഘിച്ച് ഇതര സംസ്ഥാന തൊഴിലാളികളെ ഉപയോഗപ്പെടുത്തി 3255 വാട്ട് ലൈറ്റ് ഉപയോഗിച്ചായിരുന്നു അനധികൃത മീന്‍പിടുത്തം നടത്തിയിരുന്നത്.

പരിശോധനയും നടപടികളും കര്‍ശനമാക്കാന്‍ തൃശ്ശൂര്‍ ജില്ല ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ പ്രത്യേക നിര്‍ദ്ദേശം നല്‍കിയിരുന്നു. തൃശ്ശൂര്‍ ജില്ലയുടെ തെക്കേ അതിര്‍ത്തിയായ അഴീക്കോട് മുതല്‍ വടക്കേ അതിര്‍ത്തിയായ കാപ്രിക്കാട് വരെയുള്ള കടല്‍തീരത്തും ആഴക്കടലിലും നിരീക്ഷണം ശക്തമാക്കി വരവേയാണ് മുനമ്പം, അഴീക്കോട് ഭാഗത്ത് നിന്ന് വന്ന ബോട്ടുകളാണ് രാത്രിയില്‍ നിരോധിത മത്സ്യബന്ധന രീതിയായ ഹൈ വോള്‍ട്ടേജ് ലൈറ്റുകള്‍ ഉപയോഗിച്ച് ആഴക്കടലില്‍ അനധികൃത മാര്‍ഗങ്ങളിലൂടെ മത്സ്യ ബന്ധനം നടത്തിയിരുന്നത്. പരിശോധനയില്‍ തീവ്രതയേറിയ ലൈറ്റ് ഉപയോഗിച്ച് മത്സ്യ ബന്ധനം നടത്തിയ ബോട്ടുകളില്‍ ഉപയോഗിച്ചിരുന്ന ഹൈവോള്‍ട്ടേജ് എല്‍ഇഡി ലൈറ്റുകള്‍, ഹൈമാസ്റ്റ് ലൈറ്റുകള്‍, ട്യൂബ് ലൈറ്റുകള്‍ എന്നിവ പിടിച്ചെടുത്തു.

കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമ (കെഎംഎഫ് റെഗുലേഷന്‍ ആക്ട്) പ്രകാരം കേസെടുത്ത് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തു. നിയമനടപടികള്‍ പുര്‍ത്തിയാക്കിയ ബോട്ടുകളിലെ മത്സ്യം ലേലം ചെയ്ത് ലഭിച്ച മുന്നരലക്ഷം രുപ സര്‍ക്കാരിലേക്ക് കണ്ടുകെട്ടി. അനധികൃത മത്സ്യബന്ധനം നടത്തിയതിന് വചനം 3 ബോട്ടിന് പിഴയായി രണ്ടു ലക്ഷം രൂപയും, അനധികൃത മത്സ്യബന്ധനത്തിനും പെര്‍മിറ്റ് ഇല്ലാത്തതിനുമായി അല്‍ ജോഹര്‍ ബോട്ടിന് 2,50,000 രുപയും, താനിയബോട്ടിന് 2,50,000 രുപയും പിഴ ചുമത്തി ലഭിച്ച പത്തരലക്ഷം രുപ ട്രഷറിയില്‍ ഒടുക്കി.

പ്രത്യേക പരിശോധന സംഘത്തില്‍ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍മാരായ ഡോ. സീമ, എം എന്‍ സുലേഖ, മെക്കാനിക് ജയചന്ദ്രന്‍, എഎഫ്ഇഒ സംന ഗോപന്‍, മറൈന്‍ എന്‍ഫോഴ്സ്മെന്റ് ആന്റ് വിജിലന്‍സ് വിങ്ങ് ഉദ്യേഗസ്ഥരായ വി എന്‍ പ്രശാന്ത്കുമാര്‍, വി എം ഷൈബു, ഇ ആര്‍ ഷിനില്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. സീ റെസ്‌ക്യൂ ഗാര്‍ഡ്മാരായ പ്രസാദ്, ഫസല്‍, സ്രാങ്ക് ദേവസ്സി, എഞ്ചിന്‍ ഡ്രൈവര്‍ ഉണ്ണികൃഷ്ണന്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്നും അനധികൃത മത്സ്യ ബന്ധനം നടത്തുന്ന യാനങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും തൃശ്ശൂര്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സുഗന്ധകുമാരി അറിയിച്ചു.