നാലുവര്‍ഷത്തിനിടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ചിലവഴിച്ചത് 13.19 കോടി രൂപ

മനുഷ്യ – മൃഗ സംഘര്‍ഷം ഒഴിവാക്കാന്‍ ആവശ്യമായ പരിഹാര മാര്‍ഗങ്ങള്‍ കണ്ടെത്താനുള്ള കൂട്ടായ ശ്രമം ഉണ്ടാകണമെന്ന് വനം വന്യജീവിവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. വന്യജീവി വാരാഘോഷത്തോട് അനുബന്ധിച്ച് പീച്ചി കേരള വന ഗവേഷണ സ്ഥാപനത്തില്‍ വനംവകുപ്പ് സംഘടിപ്പിച്ച ഏകദിന ശില്‍പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ആത്യന്തികമായി സംരക്ഷിക്കപ്പെടേണ്ടത് മാനവരാശിയുടെ നന്മയും സുരക്ഷയുമാണ്. ഇതിനായി വനവും മൃഗങ്ങളും മനുഷ്യരും ഒന്നടങ്കം തുല്യ പ്രാധാന്യത്തോടെ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. 2018-2022 കാലയളവില്‍ 13.19 കോടി രൂപയാണ് വന്യമൃഗ ശല്യം തടയുന്നതിനായുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ശാസ്ത്രീയ മാര്‍ഗങ്ങളിലൂടെ വന്യജീവികളെ കാടിനുള്ളില്‍ തന്നെ നിര്‍ത്താന്‍ കഴിയുന്ന മാര്‍ഗങ്ങള്‍, ജലാംശം വലിച്ചെടുക്കുന്ന മരങ്ങളെ ഇല്ലാതാക്കി കൊണ്ടുള്ള പരീക്ഷണങ്ങള്‍, കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ തുടങ്ങിയ ഒട്ടേറെ വിഷയങ്ങളില്‍ ആഴത്തിലുള്ള പഠനം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.

മനുഷ്യ-മൃഗ സംഘര്‍ഷം ഒഴിവാക്കുവാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തേണ്ടത് അനിവാര്യമാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു. കാടിന്റെ വശ്യത സന്ദര്‍ശകര്‍ക്ക് പകര്‍ന്നു നല്‍കുന്ന പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിന്റെ വരവ് വനത്തെക്കുറിച്ചും മൃഗങ്ങളുടെ ജീവിതത്തെക്കുറിച്ചും അടുത്തറിയാനുള്ള അവസരമായി മാറുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഡി ജയപ്രസാദ്, കെഎഫ്ആര്‍ഐ രജിസ്ട്രാര്‍ ഡോ. ടി വി സജീവ്, കെഎഫ്ആര്‍ഐ പ്രതിനിധികള്‍, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മനുഷ്യ-മൃഗ സംഘട്ടന പശ്ചാത്തലത്തില്‍ ആവാസ വ്യവസ്ഥയുടെ നിര്‍വഹണവുമായി ബന്ധപ്പെട്ട നയങ്ങളുടെ പുനപരിശോധന എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ശില്‍പശാല സംഘടിപ്പിച്ചത്. വിവിധ വിഷയാവതരണങ്ങല്‍, ചര്‍ച്ചകള്‍ എന്നിവയും ശില്‍പശാലയുടെ ഭാഗമായി നടന്നു.