ജില്ലയിലെ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് വിവിധ വകുപ്പുകളും ഉദ്യോ​ഗസ്ഥരും മുന്‍ഗണന നല്‍കണമെന്ന് ജില്ലാ വികസന സമിതി ആവശ്യപ്പെട്ടു. പല വകുപ്പുകളും പദ്ധതികള്‍ക്കായി പണം ചെലവഴിച്ചത് കുറഞ്ഞ തോതിലാണ്. സര്‍ക്കാര്‍ ജില്ലക്കനുവദിച്ച ഫണ്ടുകള്‍ ലാപ്‌സാകാതെ ജില്ലയില്‍ തന്നെ വിനിയോഗിക്കുന്നതിനുള്ള നടപടികള്‍ ഉണ്ടാകണമെന്നും ജില്ലാ വികസന സമിതി ആവശ്യപ്പെട്ടു.

ഉപയോഗിക്കാത്ത കെട്ടിടങ്ങള്‍ സംബന്ധിച്ച വിവരം നല്‍കണം

ജില്ലയില്‍ വിവിധ വകുപ്പുകളുടെ കീഴില്‍ നിര്‍മ്മിച്ച ഇതുവരെ ഉപയോഗിക്കാത്ത കെട്ടിടങ്ങള്‍, അപകടാവസ്ഥയിലുള്ള കെട്ടിടങ്ങള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ഉടന്‍ ലഭ്യമാക്കാന്‍ ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് ജില്ലാ വികസന സമിതി യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി. ജില്ലയില്‍ വിവിധ വകുപ്പുകള്‍ക്ക് കീഴില്‍ ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച ക്വാര്‍ട്ടേഴ്‌സുകള്‍, ഓഫീസ് കെട്ടിടങ്ങള്‍, ഹോസ്റ്റലുകള്‍ എന്നിവ ഉപയോഗിക്കാതെയും ഉപയോഗിക്കുന്നവ യഥാസമയം അറ്റകുറ്റപ്പണി നടക്കാത്തതിനെ തുടര്‍ന്ന് ഉപയോഗ ശൂന്യമാകുകയും ചെയ്യുന്നുണ്ട്. ഇത്തരത്തിലുള്ള ചില കെട്ടിടങ്ങള്‍ സാമൂഹ്യ ദ്രോഹികളുടെ താവളമാകുന്നതായും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ യോഗത്തില്‍ പറഞ്ഞു. ഇതിനെ തുടര്‍ന്നാണ് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയത്. നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടും സാങ്കേതിക കാരണങ്ങളാലോ മറ്റോ ഉദ്ഘാടനം ചെയ്യാത്ത കെട്ടിടങ്ങള്‍ വലിയ ബാധ്യതയാണ് സര്‍ക്കാരിനുണ്ടാക്കുന്നത്.

ജില്ലയില്‍ വന്യജീവി ആക്രമണത്തില്‍ പരിക്ക് പറ്റുന്ന വളര്‍ത്ത് മൃഗങ്ങളുടെ തുടര്‍ചികിത്സ പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാലയില്‍ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കും. ജനവാസ മേഖലയിലിറങ്ങി ഭീതി വിതയ്ക്കുന്ന കടുവയെ കൂട് വെച്ച് പിടിക്കുന്നതിനുള്ള ഉത്തരവ് നല്‍കുന്നതിനുള്ള അധികാരം ജില്ലയിലെ വനം നോഡല്‍ ഓഫീസര്‍ക്ക് നല്‍കാന്‍ നടപടികള്‍ സ്വീകരിച്ചു വരുന്നു. മഞ്ഞക്കൊന്ന നിര്‍മാര്‍ജനവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍ പുരോഗമിക്കുകയാണ്. വയനാട് ഡിവിഷനിലെ നാല് റേഞ്ചുകളിലായി 1,49,388 തൈകള്‍ നിര്‍മാര്‍ജനം ചെയ്തു. ജില്ലയില്‍ നീതി ആയോഗിന്റെ ആസ്പിരേഷണല്‍ ബ്ലോക്ക് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബ്ലോക്ക് ഡെവലപ്‌മെന്റ് സ്ട്രാറ്റജി പൂര്‍ത്തിയായി. അതിനായി പ്രവര്‍ത്തിച്ച വകുപ്പുകളെയും ഉദ്യോഗസ്ഥരെയും ജില്ലാ കളക്ടര്‍ അഭിനന്ദിച്ചു.

വാഹന അപര്യാപ്തത ഉള്‍പ്പടെയുള്ള കാരണങ്ങള്‍ക്കൊണ്ട് സ്‌കൂളില്‍ ഹാജാരാകാത്ത ഗോത്ര വിദ്യാര്‍ത്ഥികളുടെ വിവരങ്ങളും ഗോത്ര വിദ്യാര്‍ത്ഥികളെ സ്‌കൂളിലേക്ക് എത്തിക്കാനുള്ള നടപടികളും യോഗം ചര്‍ച്ച ചെയ്തു.

എം.എല്‍.എ മാരുടെ ഫണ്ട് വിനിയോഗവും 2023-24 സാമ്പത്തിക വര്‍ഷത്തെ വിവിധ വകുപ്പുകളുടെ സാമ്പത്തിക വിനിയോഗവും എന്റെ ജില്ല മൊബൈല്‍ ആപ്ലിക്കേഷന്റെ പുരോഗതിയും യോഗം വിലയിരുത്തി. യോഗത്തില്‍ ജില്ലാ കലക്ടര്‍ ഡോ.രേണുരാജ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, എ.ഡി.എം എന്‍.ഐ ഷാജു, ജില്ലാ പ്ലാനിങ് ഓഫീസര്‍ ആര്‍. മണിലാല്‍, ജനപ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.