സുരക്ഷാ 2023 പദ്ധതി നെന്മേനി ഗ്രാമപഞ്ചായത്തില്‍ പൂര്‍ത്തിയായി. പഞ്ചായത്തിലെ അര്‍ഹരായ മുഴുവന്‍ കുടുംബങ്ങളെയും പ്രധാനമന്ത്രി സുരക്ഷാ ഭീമായോജനാ പദ്ധതിയില്‍ ഉള്‍പ്പെടുത്തി. നെന്മേനി പഞ്ചായത്തില്‍ നടന്ന സുരക്ഷാ പദ്ധതി പ്രഖ്യാപന യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ പുഞ്ചവയല്‍ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷ ജയാ മുരളി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടിജി ചെറുതോട്ടില്‍, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ വി.ടി. ബേബി, സുജാത ഹരിദാസന്‍ നബാര്‍ഡ് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ വി. ജിഷ, ലീഡ് ഡിസ്ട്രിക്ട് മാനേജര്‍ ബിബിന്‍ മോഹന്‍, സാമ്പത്തിക സാക്ഷരതാ കൗണ്‍സിലര്‍ സിന്ധു തുടങ്ങിയവര്‍ സംസാരിച്ചു.
ജില്ലയിലെ അര്‍ഹരായ മുഴുവന്‍ ആളുകളെയും കേന്ദ്ര സര്‍ക്കാരിന്റെ സുരക്ഷാപദ്ധതികളില്‍ ഉള്‍പ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടത്തിന്റെയും ഭാരതീയ റിസര്‍വ് ബാങ്കിന്റെയും നബാര്‍ഡിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ലീഡ് ബാങ്കാണ് ക്യാമ്പെയിന്‍ നടപ്പാക്കിയത്. ചുള്ളിയോട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കുടംബശ്രീ പ്രവര്‍ത്തകര്‍, വാര്‍ഡ് സമിതികള്‍, തൊഴിലുറപ്പ് പ്രവര്‍ത്തകര്‍, എസ്.ടി പ്രമോട്ടര്‍മാര്‍, അക്ഷയ കേന്ദ്രങ്ങള്‍ എന്നിവരുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെയാണ് നേട്ടം കൈവരിച്ചത്.