എ.ഐ.സി.ടി.ഇ മാനദണ്ഡങ്ങള്‍ക്കനുസൃതമായി കോളേജുകളില്‍ അടുത്ത അധ്യയനവര്‍ഷം തന്നെ സിലബസ് പരിഷ്‌കരണം നടത്തുമെന്ന് ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീല്‍ അറിയിച്ചു. പരീക്ഷാ നടത്തിപ്പിലും മൂല്യനിര്‍ണയത്തിലും അടിമുടി പരിഷ്‌കരണം വരുമെന്നും അദ്ദേഹം വ്യക്തമാക്കി.  സംസ്ഥാനത്തെ എയ്ഡഡ്/സ്വാശ്രയ എഞ്ചിനീയറിംഗ്, ആര്‍കിടെക്ചര്‍, എം.ബി.എ, എം.സി.എ കോളേജുകളിലെ മാനേജര്‍മാരുടേയും പ്രിന്‍സിപ്പല്‍മാരുടേയും യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിലബസ് പരിഷ്‌കരണം സംബന്ധിച്ച് എഞ്ചിനീയറിംഗ് കോളേജുകളിലും പോളി ടെക്‌നിക്കുകളിലും ഇതോടനുബന്ധിച്ച് ശില്‍പശാലകള്‍ സംഘടിപ്പിക്കും. മോഡല്‍ കരിക്കുലം ചട്ടക്കൂടില്‍ നിന്നുകൊണ്ട് പരമാവധി വിദ്യാര്‍ഥികളെ സഹായിക്കുന്ന രീതിയിലുള്ള പരിഷ്‌കരണം കെ.ടി.യുവിലും കൊണ്ടുവരും. എന്‍ട്രന്‍സ് പരീക്ഷാ കലണ്ടര്‍ അടിയന്തരമായി പരിഷ്‌കരിക്കും. നൂതന കോഴ്‌സുകള്‍ തുടങ്ങാന്‍ താത്പര്യം പ്രകടിപ്പിച്ച് മുന്നോട്ടുവരുന്ന സൗകര്യങ്ങളുള്ള സ്ഥാപനങ്ങളെ പരിഗണിക്കും. പെര്‍മനന്റ് അഫിലിയേഷന്‍ നടപടികള്‍ ലഘൂകരിക്കുെമന്നും അദ്ദേഹം പറഞ്ഞു.
‘ഫോര്‍ ദി സ്റ്റുഡന്റ്‌സ്’ എന്ന പേരില്‍ മന്ത്രിയുടെ ഓഫീസില്‍ വെബ് പോര്‍ട്ടല്‍ ആരംഭിക്കും. ഇവിടെ ലഭിക്കുന്ന വിവരങ്ങള്‍ ബന്ധപ്പെട്ട കേന്ദ്രങ്ങളിലേക്കോ സര്‍വകലാശാലകളിലോ കൈമാറും. കൃത്യമായ മറുപടിയോ പരിഹാരമോ നിശ്ചിതസമയത്തിനുള്ളില്‍ നല്‍കിയില്ലെങ്കില്‍ അത് മനസിലാക്കി നടപടിയെടുക്കാന്‍ സൗകര്യമുണ്ടാകും.
മലയാളികള്‍ കൂടുതലുള്ള വിദേശരാജ്യങ്ങളിലായി നാലോ അഞ്ചോ എന്‍ട്രന്‍സ് പരീക്ഷാ  കേന്ദ്രങ്ങള്‍ ആരംഭിക്കും. ഇതുവഴി കൂടുതല്‍ മലയാളികള്‍ക്ക് സര്‍വകലാശാലകളില്‍ പ്രവേശനം നേടാനാകും.
അക്കാദമിക നിലവാരം പടിപടിയായി ഉയര്‍ത്താനാണ് ശ്രമം. കേരളത്തില്‍ എഞ്ചിനീയറിംഗ് ഉള്‍പ്പെടെയുള്ള പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് പകുതിയിലേറെ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്ന അവസ്ഥയാണ്. പ്രായോഗികത സംബന്ധിച്ച് യാതൊരു പഠനവുമില്ലാതെ സ്ഥാപനങ്ങള്‍ തുടങ്ങിയതിനാലാണിത്. പുതുതായി സ്ഥാപനങ്ങള്‍ തുടങ്ങാനിറങ്ങുന്നവരെങ്കിലും ഇക്കാര്യങ്ങള്‍ പരിശോധിക്കണം. ഉള്ള സൗകര്യങ്ങള്‍ എങ്ങനെ വിനിയോഗിക്കാം എന്ന് മനസിലാക്കണം.
നിലവില്‍ എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷക്ക് രണ്ടുശതമാനം മാര്‍ക്ക് ലഭിച്ചാല്‍വരെ എഞ്ചിനീയറിംഗിന് ചേരാം. എന്നാല്‍ അയാള്‍ 45 ശതമാനം മാര്‍ക്ക് നേടിയാലേ എഞ്ചിനീയറിംഗ് പരീക്ഷ ജയിക്കാനാകൂ. എ.ഐ.സി.ടി.ഇയുടെ മോഡല്‍ കരിക്കുലം അനുസരിച്ച് 2019 മുതല്‍ എഞ്ചിനീയറിംഗ് പാസാകാന്‍ കുറഞ്ഞ മാര്‍ക്ക് 40 ശതമാനമാക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കും.
സ്ഥാപനങ്ങള്‍ നടത്തുന്നതിന് എ.ഐ.സി.ടി.ഇ യുടെ നിബന്ധനകള്‍ കൃത്യമായി പാലിക്കണം. എല്ലാ കോളേജുകളും സ്ഥിരം പ്രിന്‍സിപ്പല്‍മാരെ നിയമിക്കണം. കുറഞ്ഞത് അഞ്ചോ, ആറോ വര്‍ഷമെങ്കിലും അവര്‍ക്ക് സേവന കാലാവധി നിശ്ചയിക്കണം. നിലവില്‍ പലയിടത്തും വര്‍ഷംതോറും അല്ലെങ്കില്‍ സെമസ്റ്റര്‍ തോറും പ്രിന്‍സിപ്പല്‍ മാറുന്ന അവസ്ഥയുണ്ട്. പിഎച്ച്.ഡി ഉള്ളവരെ മാത്രമേ പ്രിന്‍സിപ്പല്‍മാരായി എഞ്ചിനീയറിംഗ് കോളേജുകള്‍ നിയമിക്കാവൂ.
നാക് അക്രഡിറ്റേഷന്‍ പോലെ സംസ്ഥാന സര്‍ക്കാര്‍ ‘സാക്’ (സ്‌റ്റേറ്റ് അസസ്‌മെന്റ് ആന്റ് അക്രഡിറ്റേഷന്‍ കൗണ്‍സില്‍) ആരംഭിക്കും. ജനുവരി ഒന്നുമുതല്‍ സ്വാശ്രയകോളേജുകള്‍ക്ക് ഈ അംഗീകാരത്തിനായി അപേക്ഷിക്കാം. നാകിനുള്ള അതേ നിബന്ധനകളാകും ‘സാകി’നും. അംഗീകാരമുള്ള കോളേജുകള്‍ക്കേ പുതിയ കോഴ്‌സുകള്‍ക്കും മറ്റ് സൗകര്യങ്ങള്‍ക്കും സര്‍ക്കാരിനെ സമീപിക്കാനാകൂ എന്ന നിലവന്നാല്‍ ആവശ്യമായ ഭൗതികസൗകര്യങ്ങള്‍ സ്വഭാവികമായും ഉണ്ടാകും. എല്ലാ കോളേജുകളും എന്‍.ബി.എ, നാക് അക്രഡിറ്റേഷനും നേടാനാകണം.
എഞ്ചിനീയറിംഗ് അധ്യാപകരായി എം ടെക് യോഗ്യതയുള്ളവരെ മാത്രമേ നിയമിക്കാവൂ. അധ്യാപക-വിദ്യാര്‍ഥി അനുപാതം 1:20 എങ്കിലും ആക്കണം. നിയമിക്കുന്ന അധ്യാപകരില്‍ 20 ശതമാനം മാത്രമേ കരാര്‍ അല്ലെങ്കില്‍ താത്കാലിക നിയമനം പാടുള്ളൂ.
കോളേജുകളില്‍ വിര്‍ച്വല്‍ ക്ലാസ് റൂമുകള്‍ അടിയന്തരമായി സജ്ജീകരിക്കണം. യൂണിവേഴ്‌സിറ്റികളുമായും വൈസ് ചാന്‍സലര്‍മാരുമായി വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ബന്ധം സുദൃഢമാക്കാനും പ്രമുഖ വ്യക്തികള്‍ വന്നാല്‍ അവരുടെ ക്ലാസുകളും പ്രഭാഷണങ്ങളും എല്ലാ വിദ്യാര്‍ഥികളിലും എത്താനും ഇത് സഹായിക്കും.
കോളേജുകളില്‍ വിദ്യാര്‍ഥികളെ ചേര്‍ക്കുമ്പോള്‍ രക്ഷിതാക്കളുടെ കുട്ടികളുടെയും മൊബൈല്‍ നമ്പര്‍ വാങ്ങി അവര്‍ക്ക് ആപ്പോ ആധുനിക സാങ്കേതികതയോ ഉപയോഗിച്ച് അക്കാദമിക, പരീക്ഷാ വിവരങ്ങള്‍ കൃത്യമായി നല്‍കാനാകണം.
സ്റ്റുഡന്റ്‌സ് ഗ്രീവന്‍സ് സെല്‍ സര്‍വകലാശാലകളില്‍ നിര്‍ബന്ധമായി ഉണ്ടാകണം. കേരള ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ ഇതിനുള്ള നടപടി തുടങ്ങിയിട്ടുണ്ട്. സര്‍വകലാശാലകളില്‍ കോള്‍ സെന്റര്‍ വേണം. സ്വന്തമായി ഐ.ടി സെല്‍ തുടങ്ങാന്‍ എല്ലാ സര്‍വകലാശാലകളോടും നിര്‍ദേശിച്ചിട്ടുണ്ട്.
എ.ഐ.സി.ടി.ഇ നിഷ്‌കര്‍ഷിക്കുന്ന ശമ്പളം നല്‍കാന്‍ മാനേജ്‌മെന്റുകള്‍ തയാറായാലേ അധ്യാപകരെ കുറേകാലമെങ്കിലും പിടിച്ചുനിര്‍ത്താനാകൂ. എല്ലാ അക്കാദമികവര്‍ഷത്തിന്റെയും തുടക്കത്തില്‍ സര്‍വകലാശാലകളില്‍ കോളേജുകള്‍ അധ്യാപകരുടെയും പ്രിന്‍സിപ്പലിന്റെയും വിവരങ്ങള്‍ അറിയിക്കണം. കോളേജുകളുടെ സൈറ്റുകളിലും അധ്യാപകരുടെ വിവരം കൃത്യമായി അപ്‌ഡേറ്റ് ചെയ്യണം.
പരീക്ഷാ നടത്തിപ്പും മൂല്യനിര്‍ണയവും കുറ്റമറ്റതാക്കാനുള്ള നടപടികള്‍ ആരംഭിച്ചു.സ്വാശ്രയകോളേജ് അധ്യാപകര്‍ക്ക് പരീക്ഷാമൂല്യനിര്‍ണയം നടത്തിയാല്‍ വേതനം നല്‍കാന്‍ തീരുമാനിച്ചതായി മന്ത്രി അറിയിച്ചു. ഇത് ഉടന്‍ പ്രാബല്യത്തില്‍ വരും. സമയബന്ധിതമായി ഫലം പ്രഖ്യാപിച്ചാലേ കൂടുതല്‍ കുട്ടികള്‍ പഠിക്കാനെത്തൂ. പരീക്ഷാ നടത്തിപ്പിനും മൂല്യനിര്‍ണയത്തിനും സര്‍ക്കാര്‍, എയ്ഡഡ് കോളേജുകളിലെ അധ്യാപകര്‍ മാത്രം മതിയാകില്ല, സ്വാശ്രയ കോളേജ് അധ്യാപകരുടെ സേവനവും ഇതിന് അത്യാവശ്യമാണ്.
മൂല്യനിര്‍ണയം സംബന്ധിച്ച് കെ.ടി.യു വിദ്യാര്‍ഥികളുടെ പരാതികള്‍ പരിഹരിക്കും. മൂല്യനിര്‍ണയത്തില്‍ വീഴ്ച വരുത്തുന്ന അധ്യാപകര്‍ക്ക് എര്‍പ്പെടുത്തിയിരുന്ന പിഴ 5000 രൂപയില്‍നിന്ന് 25000 ആക്കി ഉയര്‍ത്തിയിട്ടുണ്ട്. രണ്ടാമതും വീഴ്ച വരുത്തിയാല്‍ അവര്‍ക്ക് കോളേജുകളില്‍ പഠിപ്പിക്കാനാവില്ല.
വിദ്യാര്‍ഥിപ്രവേശനത്തിനുള്ള സര്‍ക്കാരിന്റെയും എ.ഐ.സി.ടി.ഇയുടെയും മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണം. കോഴ്‌സ് പൂര്‍ത്തിയാക്കാതെ പകുതിവെച്ച് നിര്‍ത്തിപോകുന്ന കുട്ടികളില്‍നിന്ന് അധികഫീസ് ഈടാക്കരുത്. ലോകനിലവാരത്തില്‍ ആദ്യ 200ല്‍ വരുന്ന ശാസ്ത്രഗവേഷണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് ഗവേഷണങ്ങളും ഇന്‍േറണ്‍ഷിപ്പുകളും സ്റ്റുഡന്റ് എക്‌സ്‌ചേഞ്ച് പദ്ധതികളും നടത്താന്‍ ചട്ടങ്ങള്‍ സര്‍വകലാശാല ഉടന്‍ രൂപീകരിക്കും. 100 വിദേശവിദ്യാര്‍ഥികളെയെങ്കിലും ഒരു സര്‍വകലാശാലയുടെ കീഴില്‍ പഠിപ്പിക്കാനാകണം. ഇത്തരം വിദ്യാര്‍ഥികളില്‍നിന്ന് ട്യൂഷന്‍ ഫീ കൂടുതല്‍ ഈടാക്കുകയുമരുത്.
കോളേജ് വികസന കൗണ്‍സിലുകളില്‍ വിദ്യാര്‍ഥി പ്രതിനിധികളും വേണം. കാമ്പസ് പ്ലേസ്‌മെന്റ് വര്‍ധിപ്പിക്കാന്‍ നടപടി വേണം. നൈപുണ്യ അധിഷ്ഠിത പരിശീലനം, പഠനത്തോടൊപ്പം വരുമാനം നേടാനാകുന്ന പദ്ധതികള്‍ തുടങ്ങിയവ ഉണ്ടാകണമെന്നും മന്ത്രി നിര്‍ദേശിച്ചു.
തുടര്‍ന്ന് വിവിധ വിഭാഗം കോളേജ് മാനേജര്‍മാരുടേയും പ്രിന്‍സിപ്പല്‍മാരുടേയും പ്രതിനിധികള്‍ അഭിപ്രായങ്ങള്‍ പങ്കുവെച്ചു. നല്ല നിര്‍ദേശങ്ങള്‍ തുറന്ന മനസ്സോടെ സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. ഉന്നതവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഉഷാ ടൈറ്റസ്, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.