തിരുവനന്തപുരം: സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് വേണ്ടി 1.50 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വനിതാശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ജെ.ജെ. സെല്‍, പോസ്‌കോ സെല്‍, ആര്‍.ടി.ഇ സെല്‍, കുട്ടികളുടെ അവകാശങ്ങള്‍ ശക്തിപ്പെടുത്തല്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഭരണാനുമതി നല്‍കിയത്. പോക്‌സോ സെല്ലിന് 52.40 ലക്ഷവും ആര്‍.ടി.ഇ. ഡിവിഷന് 22 ലക്ഷവും ജെ.ജെ. മോണിറ്ററിംഗ് സെല്ലിന് 30 ലക്ഷം രൂപയും കുട്ടികളുടെ അവകാശങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് 45.60 ലക്ഷം രൂപയുമാണ് അനുവദിച്ചതെന്നും മന്ത്രി പറഞ്ഞു.

കുട്ടികളുടെ സമഗ്ര വികാസത്തോടൊപ്പം പ്രത്യേക പരിരക്ഷ ഉറപ്പു വരുത്തിയാണ് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നത്. മൗലികാവകാശങ്ങള്‍ സംരക്ഷിക്കുന്നതോടൊപ്പം കുട്ടികളെ അവരുടെ ചെറുപ്രായത്തില്‍ ഒരു തരത്തിലും ദുരുപയോഗപ്പെടുത്താതിരിക്കുന്നതിനും പ്രത്യേകം ശ്രദ്ധിക്കുന്നു. കുട്ടികളെ ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്നും സംരക്ഷിക്കുന്നതിനായി പോക്‌സോ സെല്ലും കുട്ടികളുടെ സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസത്തിനുള്ള അവകാശത്തിനായി ആര്‍.ടി.ഇ. ഡിവിഷനും പ്രവര്‍ത്തിക്കുന്നു. ജുവനല്‍ ജസ്റ്റിസ് ആക്ട് ഫലപ്രദമായി നടപ്പാക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കുന്നതിനായാണ് ജെ.ജെ. മോണിറ്ററിംഗ് സെല്‍ ഉള്ളത്. യൂണിവേഴ്‌സല്‍ ചില്‍ഡ്രന്‍സ് വീക്ക്, സംവാദം, കണ്‍സള്‍ട്ടേഷന്‍, പരിശീലന പരിപാടികള്‍, സോഷ്യല്‍ മീഡിയ ക്യാംപയിന്‍, ബോധവത്ക്കരണം, ഹെല്‍പ് ഡെസ്‌ക് തുടങ്ങിയ വിവിധങ്ങളായ പരിപാടികളാണ് കുട്ടികളുടെ അവകാശങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് വിപുലമായ അധികാരങ്ങളാണ് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനുളളത്. ബാലാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടി നിലവിലുള്ള ഏതു നിയമത്തിലുമുള്ള വ്യവസ്ഥകള്‍ പരിശോധിക്കുന്നതിനും അവ ഫലപ്രദമായി നടപ്പിലാക്കുന്നതിനാവശ്യമായ മാര്‍ഗങ്ങള്‍ ശുപാര്‍ശ ചെയ്യുന്നതിനും കമ്മീഷന് അധികാരമുണ്ട്. ബാലാവകാശ ലംഘനവും നിഷേധവും സംബന്ധിച്ച കേസുകള്‍ അന്വേഷണ വിചാരണ ചെയ്യുന്നതിനും അത്തരം കേസുകളില്‍ പ്രോസിക്യൂഷന്‍ നടപടികള്‍ തുടങ്ങുന്നതിന് ശുപാര്‍ശ ചെയ്യുന്നതിനും കമ്മീഷന് അധികാരമുണ്ട്. ഉചിതമായ കേസുകളില്‍ നഷ്ടപരിഹാരം നല്‍കുവാന്‍ ശുപാര്‍ശ ചെയ്യുന്നതിനും ഒരു സിവില്‍ കോടതിയുടെ അധികാരം നല്‍കപ്പെട്ടിട്ടുള്ള കമ്മീഷന് അധികാരമുണ്ട്. ആര്‍.ടി.ഇ. ആക്ട്, പോക്‌സോ ആക്ട് എന്നിവയുടെ നടത്തിപ്പ് നിരീക്ഷിക്കുന്നതിനുള്ള അധികാരവും കമ്മീഷനുണ്ട്. കമ്മീഷന് സമര്‍പ്പിക്കുന്ന പരാതികള്‍ സാധാരണ കടലാസില്‍ എഴുതി സമര്‍പ്പിച്ചാല്‍ മതി. അപേക്ഷാ ഫീസോ, സ്റ്റാമ്പോ, അഭിഭാഷകന്റെ സേവനമോ ആവശ്യമില്ല എന്നതും പ്രത്യേകതയാണ്.