മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി ഒക്ടോബര്‍ രണ്ട് മുതല്‍ ആരംഭിച്ച ദശദിന ശുചീകരണ യജ്ഞം നെന്മാറ ബ്ലോക്കില്‍ പുരോഗമിക്കുന്നു. ബ്ലോക്കിന് കീഴിലുള്ള ഏഴ് പഞ്ചായത്തുകളിലും ഓരോ ദിവസങ്ങളിലായി ഓരോ ഇടങ്ങള്‍ ശുചിയാക്കുമെന്ന് നവകേരളം ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.
10 ദിവസം നീണ്ടുനില്‍ക്കുന്ന ക്യാമ്പയിനില്‍ ഒക്ടോബര്‍ രണ്ടിന് പൊതുസ്ഥലങ്ങളിലെ ശുചീകരണം, മൂന്നിന് ജലാശയങ്ങളുടെ ശുചീകരണം, നാലിന് മാലിന്യങ്ങള്‍ കുമിഞ്ഞുകൂടി കിടക്കുന്ന സ്ഥലങ്ങള്‍ ശുചീകരിക്കല്‍, അഞ്ചിന് വിദ്യാലയ ശുചീകരണം, ആറിന് ഓഫീസുകള്‍ ശുചീകരിക്കല്‍, ഏഴിന് വ്യാപാര സ്ഥാപനങ്ങളില്‍ ശുചീകരണം എന്നിവ നടന്നു. എട്ടിന് ടൂറിസം കേന്ദ്രങ്ങള്‍, ഒമ്പതിന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കീഴിലുള്ള പൊതുസ്ഥലങ്ങളില്‍ പൂന്തോട്ടം ഉണ്ടാക്കുക, 10 ന് ഗാര്‍ഹിക ശുചീകരണം, 11 ന് തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ ശുചീകരിക്കല്‍ എന്നിവ നടക്കുമെന്ന് നവകേരളം ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.