കേരളത്തെ വൈജ്ഞാനിക സമൂഹമായി മാറ്റുകയാണ് സർക്കാർ ലക്ഷ്യമെന്ന് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു. ഏറനാട് താലൂക്ക് കോ-ഓപ്പറേറ്റീവ് എജ്യുക്കേഷണൽ സൊസൈറ്റിയുടെ ഇ.ടി.സി.ഇ.എസ് കോളജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസ് സെന്ററും ഏറനാട് കോ-ഓപ്പറേറ്റീവ് എജ്യു പാർക്കും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ഉന്നത വിദ്യാഭ്യാസ മേഖല ശക്തിപ്പെടുത്തിക്കൊണ്ട് നവ വൈജ്ഞാനിക സമൂഹമായി മാറ്റുന്നതിന് പതാകവാഹകരായി മുന്നിൽ നടക്കേണ്ടവരാണ് ഉന്നതവിദ്യാഭ്യാസ മേഖലയുമായി പ്രവർത്തിക്കുന്നവരെന്നും മന്ത്രി പറഞ്ഞു. പരിപാടിയിൽ അഡ്വ യു.എ. ലത്തീഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു. കാലിക്കറ്റ് സർവ്വകലാശാല രജിസ്ട്രാർ ഡോ. ഇ.കെ. സതീഷ് മുഖ്യപ്രഭാഷണം നടത്തി. സഹകരണ ജോയിന്റ് രജിസ്ട്രാർ പി.ബഷീർ, പി.കെ മുബഷീർ, കെ.കൃഷ്ണദാസ്, അഡ്വ. പി.എം സഫറുള്ള, വാസുദേവൻ, ശ്രീവിദ്യ എടക്കണ്ടത്തിൽ, കെ.പി മുഹമ്മദ് കുട്ടി, എ.വി സുലൈമാൻ തുടങ്ങിയവർ പങ്കെടുത്തു. ഏറനാട് താലൂക്ക് കോ-ഓപ്പറേറ്റീവ് എജുക്കേഷണൽ സൊസൈറ്റി പ്രസിഡന്റ് അഡ്വ. പി.ഇ രാജഗോപാൽ സ്വാഗതവും പ്രിൻസിപ്പൽ ഡോ.സി അബ്ദുൽ മജീദ് നന്ദിയും പറഞ്ഞു.