തദ്ദേശ സ്വയംഭരണവകുപ്പ് വലിയൊരു പരിവർത്തനത്തിന്റെ ഘട്ടത്തിലാണെന്നും സേവനങ്ങൾ ലഭ്യമാക്കുകയും  പ്രാദേശിക വികസനം ഉറപ്പുവരുത്തുകയും ചെയ്യുന്നതിനൊപ്പം പ്രാദേശിക സാമ്പത്തിക വികസനത്തിനും തദ്ദേശ സ്ഥാപനങ്ങൾ നേതൃത്വം നൽകണമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. തിരുവനന്തപുരം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇൻ ഗവൺമെന്റി (ഐ.എംജി) ൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്കുള്ള പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ഏകീകൃത തദ്ദേശ സ്വയംഭരണവകുപ്പ് നിലവിൽ വന്നിരിക്കുകയാണ്. ഏകീകരണ നടപടികൾ പുരോഗമിച്ചു കൊണ്ടിരിക്കുന്നു.  ജനങ്ങൾക്ക് സേവനങ്ങൾ ലഭ്യമാക്കുക, പ്രാദേശിക വികസനം ഉറപ്പാക്കുക എന്നിങ്ങനെ രണ്ട് മേഖലകളിലായിരുന്നു തദ്ദേശസ്ഥാപനങ്ങളുടെ പ്രവർത്തനം. എന്നാൽ വകുപ്പ് ഏകീകരണത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കിൽ കാതലായ മാറ്റം വരികയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

പ്രാദേശിക സാമ്പത്തിക ഉല്പാദനത്തിന് നേതൃത്വം നൽകുക, അതിൽ ഇടപെടുക എന്നതാണ് പുതിതായി തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് സർക്കാർ പ്രതീക്ഷിക്കുന്നത്. പ്രാദേശിക സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുക, സംരംഭകരെ കണ്ടെത്തുക, അവർക്ക് പിന്തുണയും മാർഗനിർദേശങ്ങളും നൽകുക, തൊഴിലും വരുമാനവും സൃഷ്ടിക്കുക തുടങ്ങിയവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പുതിയ കർത്തവ്യം നിർവഹിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളെ പ്രാപ്തരാക്കുക എന്നതാണ് ഈ പരിശീലനത്തിന്റെ പ്രധാനപ്പെട്ട ഉദ്ദേശ്യമെന്നും മന്ത്രി പറഞ്ഞു.

941 ഗ്രാമപഞ്ചായത്തുകൾ, 87 മുൻസിപ്പാലിറ്റികൾ, ആറ് കോർപ്പറേഷനുകൾ, 152 ബ്ലോക്ക് പഞ്ചായത്തുകൾ, 14 ജില്ലാ പഞ്ചായത്തുകൾ എന്നിവിടങ്ങളിലെ സെക്രട്ടറിമാരാണ് പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നത്. 30 പേർ വീതമുള്ള  ബാച്ചുകളിലായി മൂന്ന് മേഖലകളിലായാണ് പരിശീലന പരിപാടി നടക്കുന്നത്. തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, പ്രിൻസിപ്പൽ ഡയറക്ടർ എം.ജി രാജമാണിക്യം, ഐ.എം.ജി ഡയറക്ടർ കെ ജയകുമാർ, , പഞ്ചായത്ത് വകുപ്പ് ഡയറക്ടർ എച്ച്. ദിനേശൻ, നഗരകാര്യ വകുപ്പ് ഡയറക്ടർ അലക്‌സ് വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.