സ്ത്രീ സുരക്ഷയുടെ പാഠങ്ങൾ വീടുകളിൽ നിന്ന് തന്നെ തുടങ്ങണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി. കേരള വനിതാ കമ്മീഷനും തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവ്വകലാശാല, തുഞ്ചൻ സ്മാരക ഗവ. കോളജും സംയുക്തമായി സംഘടിപ്പിച്ച സ്ത്രീ സുരക്ഷാ ജില്ലാ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

ആൺ-പെൺ സമഭാവനയുടെ അന്തരീക്ഷം വീടുകളിൽ നിന്ന് തന്നെ ഉണ്ടാവണം. ആൺകുട്ടികളെപ്പോലെ പെൺകുട്ടികൾക്കും അവരുടെ അഭിപ്രായങ്ങൾ പറയാനും ചിന്താഗതികൾ പ്രകടിപ്പിക്കാനുമുള്ള അവസരമൊരുക്കണം. വിധേയത്വ മനോഭാവത്തോടെ പെൺകുട്ടികളെയും മേധാവിത്വ മനോഭാവത്തോടെ ആൺകുട്ടികളെയും വളർത്തുന്ന സാഹചര്യം ഇല്ലാതാക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്നും അവർ പറഞ്ഞു.

തുഞ്ചൻ സ്മാരക ഗവ. കോളേജിൽ നടന്ന സെമിനാറിൽ വനിതാ കമ്മീഷൻ അംഗം വി.ആർ മഹിളാമണി അധ്യക്ഷത വഹിച്ചു. അഡ്വ. രാജേഷ് പുതുക്കാട് സെമിനാറിൽ ക്ലാസെടുത്തു. തുഞ്ചൻ സ്മാരക ഗവ. കോളജ് പ്രിൻസിപ്പൽ ഡോ. എം.എസ് അജിത്, തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവ്വകലാശാല എൻ.എസ്.എസ് കോ -ഓർഡിനേറ്റർ ഡോ.കെ ബാബുരാജൻ, ഡോ. കെ.ആർ ധന്യ, ഡോ. എം.ജി മല്ലിക തുടങ്ങിയവർ സംസാരിച്ചു.