ജില്ലയിലെ വിവിധ ആശുപത്രികളിൽ നടത്തുന്ന അടിസ്ഥാന സൗകര്യ വികസന പ്രവർത്തികളും നിർമ്മാണ പ്രവർത്തനങ്ങളും സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് പറഞ്ഞു. ജില്ലയിലെ താലൂക്ക്, ജില്ല, ജനറൽ ആശുപത്രികൾ സന്ദർശിച്ച ശേഷം മാവേലിക്കരയിൽ ചേർന്ന ജില്ലാതല അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ആർദ്രം ആരോഗ്യം പരിപാടിയുടെ ഭാഗമായാണ് വിവിധ ആരോഗ്യ കേന്ദ്രങ്ങൾ മന്ത്രി സന്ദർശിച്ചത്.

എല്ലാ ആശുപത്രികളിലും സിസിടിവി, ചുറ്റുമതിൽ, സുരക്ഷാ ജീവനക്കാർ എന്നിവ ഉറപ്പാക്കും. സേഫ്റ്റി ഓഡിറ്റ് പ്രകാരമുള്ള സുരക്ഷാ സംവിധാനങ്ങളാണ് ഓരോ ആശുപത്രിയിലും നടപ്പാക്കുന്നത്. ആശുപത്രികളെ കടലാസുരഹിതമാക്കുകയാണ് സർക്കാരിൻറെ ലക്ഷ്യം. സംസ്ഥാനത്തെ മുഴുവൻ ആശുപത്രിയും ഇ- ഹെൽത്ത് ആക്കി മാറ്റും. ആവശ്യമുള്ള ഇടങ്ങളിൽ കൂടുതൽ ജീവനക്കാരെ നിയമിക്കും. ആശുപത്രികളിൽ പുതുതായി നിർമ്മിക്കുന്ന കെട്ടിടങ്ങളിൽ സോളാർ പാനലുകൾ സ്ഥാപിക്കും. നിലവിലെ ആശുപത്രി കെട്ടിടങ്ങളിലും സോളാർ പാനൽ വെക്കുന്ന സാധ്യതകൾ പരിശോധിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു.

ആരോഗ്യവകുപ്പിന് കീഴിൽ ജില്ലയിൽ നിരവധി നിർമ്മാണ പ്രവർത്തനങ്ങളാണ് നടക്കുന്നത്. ഇവ സമയബന്ധിതമായി പൂർത്തിയാക്കും. ആരോഗ്യ പ്രവർത്തകർ, രോഗികൾ, കൂട്ടിരിപ്പുകാർ തുടങ്ങി എല്ലാവരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനായി പ്രത്യേക ഇടപെടലാണ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.