ആരോഗ്യ വകുപ്പ്, ആരോഗ്യ കേരളം പാലക്കാട്, വടക്കഞ്ചേരി സമൂഹ്യ ആരോഗ്യ കേന്ദ്രം എന്നിവയുടെ നേതൃത്വത്തില്‍ ലോക കാഴ്ച ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ പി.പി. സുമോദ് എം.എല്‍.എ. നിര്‍വഹിച്ചു. ഈ ലോകത്തെ വര്‍ണവൈവിധ്യങ്ങള്‍ ഒരിക്കല്‍പോലും ദര്‍ശിക്കാത്ത ലക്ഷകണക്കിനാളുകളുണ്ടെന്നും ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഇന്ദ്രിയമായ കണ്ണ് കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കണമെന്നും എം.എല്‍.എ. ഓര്‍മിപ്പിച്ചു. തൊഴിലിടങ്ങളില്‍ നിങ്ങളുടെ കണ്ണുകളെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് ഈ വര്‍ഷത്തെ കാഴ്ച ദിന പ്രമേയം.

ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ബാബു അധ്യക്ഷയായി. ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അലീമ, വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രശ്മി ഷാജി, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ. റീനകുമാരി,  ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെ.ആര്‍. ഡോ. ശെല്‍വരാജ്, ജില്ലാ ഡെപ്യൂട്ടി എഡ്യുക്കേഷന്‍ മീഡിയ ഓഫീസര്‍ ആല്‍ജോ സി. ചെറിയാന്‍, വടക്കഞ്ചേരി സാമൂഹ്യ ആരോഗ്യ കേന്ദ്രം പബ്ലിക് ഹെല്‍ത്ത് നേഴ്സ് സൂപ്പര്‍വൈസര്‍ എസ്. സുധ, വടക്കഞ്ചേരി സാമൂഹ്യ ആരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ. പ്രദീപ് സംസാരിച്ചു.

ഉദ്ഘാടനത്തോടനുബന്ധിച്ച് പാലക്കാട് ജില്ലാ ആശുപത്രിയിലെ ജില്ലാ ഓഫ്താല്‍മിക് സര്‍ജന്‍ ഡോ. എ. രോഹന്‍ നേത്ര ബോധവത്ക്കരണ ക്ലാസെടുത്തു. കൂടാതെ ആരോഗ്യപ്രവര്‍ത്തകരുടെയും വിദ്യാര്‍ത്ഥികളുടെയും പങ്കാളിത്തത്തോടെ വിളംബര റാലിയും നയനപഥം ജില്ലാ മൊബൈല്‍ ഒഫ്താല്‍മിക് യൂണിറ്റിന്റെ നേതൃത്വത്തില്‍ പൊതുജനങ്ങള്‍ക്ക് വേണ്ടി നേത്ര പരിശോധന ക്യാമ്പും നടത്തി.