ടി.വി. പുരം സർക്കാർ എൽ.പി. സ്‌കൂളിലെ വർണക്കൂടാരം മാതൃകാ പ്രീപ്രൈമറി സ്‌കൂൾ തുറന്നു. സി.കെ. ആശ എം.എൽ.എ. ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീജി ഷാജി അധ്യക്ഷത വഹിച്ചു. വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ. രഞ്ജിത്ത്് മുഖ്യപ്രഭാഷണം നടത്തി. എസ്.എസ്.കെ. ജില്ലാ പ്രൊജക്ട് കോ-ഓർഡിനേറ്റർ കെ.ജെ. പ്രസാദ് പദ്ധതി വിശദീകരിച്ചു.

ജില്ലാപഞ്ചായത്തംഗം ഹൈമി ബോബി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. കെ. ശ്രീകുമാർ, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ സീമ സുജിത്, പഞ്ചായത്തംഗങ്ങളായ ഗീത ജോഷി, ടി.എ. തങ്കച്ചൻ, ബ്ലോക്ക് പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡി. മമിത, പ്രധാനാധ്യാപകൻ വി.എസ്. ജോഷി, പി.ടി.എ. പ്രസിഡന്റ് പി.പി. പ്രജീഷ് എന്നിവർ പ്രസംഗിച്ചു. സംസ്ഥാന സർക്കാർ സമഗ്രശിക്ഷാ കേരളം സ്റ്റാർസ് പദ്ധതിയിലൂടെ പത്തു ലക്ഷം രൂപ ചെലവഴിച്ചാണ് വർണക്കൂടാരം നിർമിച്ചത്.

മാതൃക പ്രീ പ്രൈമറി സ്‌കൂളാക്കി മാറ്റുന്നതിന്റെ ഭാഗമായി സ്‌കൂളിന്റെ ചുവരുകളും മറ്റും ചിത്രങ്ങൾ വരച്ച് ആകർഷകമാക്കി. കുട്ടികൾക്കായി ചിൽഡ്രൻസ് പാർക്ക്, പഠന, വായന, രചന, ശാസ്ത്ര, ഗണിത മൂലകൾ അടങ്ങിയ ആക്റ്റിവിറ്റി ഏരിയയും ഒരുക്കിയിട്ടുണ്ട്.