പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞവും അതിന്റെ തുടർച്ചയായുള്ള വിദ്യാകിരണം പദ്ധതിയും  പൊതുവിദ്യാഭ്യാസ മേഖലയിൽ വിപ്ലവകരമായ മാറ്റം ഉണ്ടാക്കിയതായി പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി.   പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നൽ നൽകുന്ന പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന 973 സ്‌കൂൾ കെട്ടിടങ്ങളിൽ 411 എണ്ണം പൂർത്തിയാക്കാനായി. 127ൽ അധികം  സ്‌കൂൾ കെട്ടിടങ്ങളുടെ നിർമ്മാണം ഈ അക്കാദമിക വർഷത്തിനുള്ളിൽ പൂർത്തിയാക്കും.  ബാക്കി കെട്ടിടങ്ങളുടെ നിർമ്മാണം സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനുള്ള തീരുമാനങ്ങൾ കൈക്കൊണ്ടിട്ടുണ്ട്. രണ്ടായിരത്തി അറുന്നൂറ് കോടിയിലധികം രൂപയാണ് സ്‌കൂൾ കെട്ടിട നിർമ്മാണത്തിന് മാത്രമായി കിഫ്ബി പദ്ധതി പ്രകാരം നീക്കി വെച്ചിട്ടുള്ളതെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

 വിദ്യാഭ്യാസ മേഖലയിൽ കേരളവുമായുള്ള സഹകരണത്തിന്റെ തുടർച്ചയായി ഫിൻലന്റ് വിദ്യാഭ്യാസ മന്ത്രി മിസ് അന്ന മജ ഹെന്റിക്‌സൺ,    ഫിൻലന്റ് അംബാസഡർ, ഫിൻലന്റ് കോൺസുലേറ്റ് ജനറൽ എന്നിവർ അടങ്ങുന്ന ഉന്നതതല സംഘം സംസ്ഥാനത്ത് എത്തി ചർച്ച നടത്തും. ബഹുമാനപ്പെട്ട മുഖ്യമന്ത്രി, പൊതുവിദ്യാഭ്യാസവും-തൊഴിലും വകുപ്പ് മന്ത്രി, പ്ലാനിംഗ് ബോർഡ് വൈസ് ചെയർപേഴ്‌സൺ, ചീഫ് സെക്രട്ടറി, പൊതുവിദ്യാഭ്യസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, പൊതുവിദ്യാഭ്യാസ ഡയറക്ടർ, വിവിധ വിദ്യാഭ്യാസ ഏജൻസികളുടെ തലവൻമാർ എന്നിവരുമായി ഒക്ടോബർ 19 നാണ്  ചർച്ച.  ഫിൻലന്റുമായുള്ള സഹകരണവുമായി ബന്ധപ്പെട്ട് റോഡ് മാപ്പ് തയ്യാറാക്കി കൂടുതൽ പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്താനാണ്  സന്ദർശനം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി അറിയിച്ചു.

പാഠ്യപദ്ധതി പരിഷ്‌കരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഇതിനോടകം 3 കരട് ചട്ടക്കൂടുകൾ പുറത്തിറക്കികഴിഞ്ഞു. ഒന്ന്, മൂന്ന്, നാല്, അഞ്ച്, ഏഴ്, ഒമ്പത്  ക്ലാസുകളിലെ പുതുക്കിയ പാഠപുസ്തകങ്ങൾ 2024 ൽ സ്‌കൂൾ തുറക്കുന്നതോടെ വിദ്യാർത്ഥികൾക്ക് ലഭ്യമാക്കും. ഖാദർ കമ്മിറ്റി ഒന്നും രണ്ടും ഭാഗം റിപ്പോർട്ടുകൾ സമർപ്പിച്ചു കഴിഞ്ഞു. അതിൽ ഒന്നാം ഭാഗം നടപ്പാക്കുന്നത് സംബന്ധിച്ച റിപ്പോർട്ടും സ്‌പെഷ്യൽ റൂളും സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. ഈ റിപ്പോർട്ട് കാരണം ആർക്കും ജോലി നഷ്ടം ഉണ്ടാകില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ഒക്ടോബർ 16 മുതൽ 20 വരെ തൃശ്ശൂർ കുന്നംകുളം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂൾ സ്റ്റേഡിയത്തിൽ അറുപത്തി അഞ്ചാമത് സംസ്ഥാന സ്‌കൂൾ കായികോത്സവം സംഘടിപ്പിക്കും.  കേരള സ്‌കൂൾ കലോത്സവം 2024 ജനുവരി 4 മുതൽ 8 വരെ തീയതികളിലായി കൊല്ലം ജില്ലയിൽ വച്ച് 24 വേദികളിലായി നടത്തും. ഗവൺമെന്റ്, എയ്ഡഡ്, ഗവൺമെന്റ് അംഗീകൃത അൺ എയ്ഡഡ് സ്‌പെഷ്യൽ സ്‌കൂളുകളിലെ വിദ്യാർത്ഥികളുടെയും ഭിന്നശേഷിയുള്ള ജനറൽ സ്‌കൂളുകളിലെ വിദ്യാർത്ഥികളുടേയും 24-ാമത് സംസ്ഥാന സ്‌പെഷ്യൽ സ്‌കൂൾ കലോത്സവം 2023 നവംബർ 9 മുതൽ 11 വരെ  എറണാകുളം ജില്ലയിലെ ഗവൺമെന്റ് വി.എച്ച്.എസ്.എസ്. കളമശ്ശേരിയിൽ വച്ച് നടത്തും.

പൊതുവിദ്യാഭ്യാസ വകുപ്പ്  ഒക്ടോബർ 16, 17, 18 തീയതികളിൽ കുട്ടികളുടെ ദേശീയ കാലാവസ്ഥാ സമ്മേളനം ശാസ്ത്ര സാങ്കേതിക മ്യൂസിയം ആൻഡ് പ്രിയദർശിനി പ്ലാനിറ്റേറിയത്തിൽ സംഘടിപ്പിക്കും. ഗവേഷണ റിപ്പോർട്ടുകളുടെ അവതരണം, പോസ്റ്റർ അവതരണങ്ങൾ, ശാസ്ത്ര പ്രതിഭകളുമായുള്ള സംവാദം, പ്രദർശനങ്ങൾ, ഫീൽഡ് വിസിറ്റ് തുടങ്ങിയവ കുട്ടികളുടെ കാലാവസ്ഥാ സമ്മേളനത്തിന്റെ ഭാഗമാണ്. സംസ്ഥാനത്തെ ഹയർ സെക്കണ്ടറി സ്‌കൂളുകളിൽ കഴിഞ്ഞ അക്കാദമിക വർഷം സ്ഥാപിച്ച സ്‌കൂൾ കാലാവസ്ഥാ കേന്ദ്രങ്ങളുടെ തുടർ പ്രവർത്തനത്തിന്റെ ഭാഗമായാണ് ദേശീയ കാലാവസ്ഥാ സമ്മേളനം നടത്തുന്നതെന്നും മന്ത്രി അറിയിച്ചു. എസ് സി ആർടി ഡയറക്ടർ ജയപ്രകാശ് ആർ കെ, സമഗ്ര ശിക്ഷാ സംസ്ഥാന പ്രോജക്ട് ഡയറക്ടർ ഡോ. സുപ്രിയ എ ആർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.