വിഴിഞ്ഞം തുറമുഖത്ത് തീരമണയുന്ന ആദ്യ കപ്പലിനെ സ്വീകരിക്കുന്നതിനുള്ള ചടങ്ങിനു മുന്നോടിയായി ജില്ലയുടെ ചുമതലയുള്ള മന്ത്രിമാർ ഒരുക്കങ്ങൾ വിലയിരുത്തി. മന്ത്രിമാരായ വി. ശിവൻകുട്ടിയും ആന്റണി രാജുവും ജി ആർ അനിലും കപ്പലിനെ സ്വീകരിക്കുന്ന നടപടിക്രമങ്ങളെക്കുറിച്ചും സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ചും വിലയിരുത്തൽ നടത്തി.
അദാനി പോർട്ട് ഓപ്പറേഷൻ ബിൽഡിംഗിൽ നടന്ന ചർച്ചയിൽ ജില്ലാ കളക്ടർ ജെറോമിക് ജോർജും സബ് കളക്ടർ അശ്വതി ശ്രീനിവാസും വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് എംഡി അദീല അബ്ദുള്ളയും പരിപാടിയെക്കുറിച്ചു വിശദീകരിച്ചു. ക്രമീകരണങ്ങളെക്കുറിച്ചു മന്ത്രിമാർ ഉന്നിച്ച സംശയങ്ങൾക്ക് അദാനി വിഴിഞ്ഞം പോർട്ട് കോർപ്പറേറ്റ് അഫയേഴ്സ് മേധാവി സുശീൽ നായർ മറുപടി നൽകി. 3500 പേർക്ക് ഇരിക്കാവുന്ന തരത്തിൽ സജ്ജമാക്കുന്ന പന്തലിലും മന്ത്രിമാർ സന്ദർശിച്ചു ഒരുക്കങ്ങൾ വിലയിരുത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാറും പങ്കെടുത്തു.