കേരളത്തിന്റെ മഹോത്സവമാകാനെത്തുന്ന കേരളീയത്തിന് പിന്തുണയുമായി റസിഡന്റ്സ് അസോസിയേഷനുകളും വ്യാപാരി വ്യവസായി സമൂഹവും. കേരളത്തിന്റെ നേട്ടങ്ങളുടെ പ്രദർശനങ്ങളുമായി നവംബർ ഒന്നുമുതൽ ഏഴുവരെ തിരുവനന്തപുരം നഗരത്തിൽ നടക്കുന്ന കേരളീയം പരിപാടിയുടെ പ്രചാരണത്തിലും പങ്കാളിത്തത്തിലും മുഴുവൻ നഗരസവാസികളുടെയും വ്യാപാരസമൂഹത്തിന്റെയും പിന്തുണയുണ്ടാകുമെന്ന് സംഘടനകൾ വ്യക്തമാക്കി. കേരളീയം പരിപാടി തിരുവനന്തപുരം നഗരവാസികൾ ഏറ്റെടുക്കാൻ ആഹ്വാനം ചെയ്തുകൊണ്ട് ടാഗോർ തിയറ്ററിൽ ചേർന്ന വിപുലമായ യോഗത്തിൽ ഇരുനൂറിലേറെ റെസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ, വ്യാപാരി വ്യവസായി സംഘടനകൾ, കോർപറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാർ, കോർപറേഷൻ കൗൺസിലർമാർ എന്നിവർ പങ്കെടുത്തു.
കേരളീയം സ്വാഗതസംഘം ചെയർമാനായ പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി വി. ശിവൻകുട്ടിയും ഗതാഗതവകുപ്പ്മന്ത്രി ആന്റണി രാജുവും നേതൃത്വം നൽകിയ യോഗത്തിൽ എം.എൽ.എമാരായ വി.കെ. പ്രശാന്ത്, ഐ.ബി. സതീഷ്, മേയർ ആര്യാ രാജേന്ദ്രൻ, കേരളീയം സ്വാഗതസംഘം കൺവീനറും വ്യവസായ വകുപ്പ് ഡയറക്ടറുമായ എസ്. ഹരികിഷോർ എന്നിവർ സംസാരിച്ചു.