- ‘കേരളത്തെ സംബന്ധിച്ച് അസാധ്യമെന്നൊരു വാക്ക് ഇല്ല’
- ആറുമാസം കൊണ്ട് പദ്ധതി പൂർണമായി കമ്മീഷൻ ചെയ്യാൻ കഴിയും
വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തേക്ക് ആദ്യമായെത്തിയ ചരക്കുകപ്പൽ ഷെൻ ഹുവ -15നെ കേരളം സ്വീകരിച്ചു. തുറമുഖ ബെർത്തിലേക്കു മുഖ്യമന്ത്രി പിണറായി വിജയൻ കപ്പലിനെ സ്വാഗതം ചെയ്തു. വാട്ടർ സല്യൂട്ട് നൽകി ബെർത്തിലേക്ക് ആനയിച്ച കപ്പിലിനെ മുഖ്യമന്ത്രി, കേന്ദ്ര സഹമന്ത്രി, മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, ജനപ്രതിനിധികൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ ബലൂണുകൾ പറത്തി സ്വീകരിച്ചു. വിഴിഞ്ഞം തുറമുഖം കേരളത്തിനു നൽകുന്ന വികസന സാധ്യതകളെക്കുറിച്ച് അൽപ്പം ധാരണമാത്രമേ നമുക്കുള്ളൂവെന്നതാണു യാഥാർഥ്യമെന്നും ഭാവനകൾക്കപ്പുറമുള്ള വികസനമാണു വരാൻ പോകുന്നതെന്നു കപ്പലിനെ സ്വീകരിച്ചു മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തെ സംബന്ധിച്ച് അസാധ്യമെന്നൊരു വാക്ക് ഇല്ല എന്നതാണു തെളിയുന്നതെന്നു പറഞ്ഞാണ് കപ്പലിനെ സ്വീകരിച്ച ശേഷം നടന്ന സമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗം മുഖ്യമന്ത്രി ആരംഭിച്ചത്. ഇതുപോലത്തെ എട്ടു കപ്പലുകൾകൂടി വരും ദിവസങ്ങളിൽ ഇവിടേയ്കു വരും. അഞ്ചോ ആറോ മാസംകൊണ്ടു പദ്ധതി പൂർണമായി കമ്മിഷൻ ചെയ്യാൻ കഴിയും. എത്ര വലിയ പ്രതിസന്ധിയേയും അതിജീവിക്കുമെന്ന് ഒരുമയിലൂടെയും ഐക്യത്തിലൂടെയും കേരളം തെളിയിച്ചിട്ടുണ്ട്. അതാണു വിഴിഞ്ഞം തുറമുഖത്തിന്റെ കാര്യത്തിലുമുണ്ടായത്. ഇതുപോലൊരു പോർട്ട് ലോകത്ത് അപൂർവമാണ്. അത്രമാത്രം വികസന സാധ്യതയാണ് ഈ തുറമുഖത്തിന്റെ ഭാഗമായുള്ളത്. ഇതിന്റെ ഭാഗമായി ഒരു ഔട്ടർ റിങ് റോഡ് പദ്ധതി വിഭാവനം ചെയ്തിട്ടുണ്ട്. അതുവഴി ധാരാളം പുതിയ പദ്ധതികൾ വരുമെന്നാണു കണക്കാക്കുന്നത്. അത്രമാത്രം വികസനക്കുതിപ്പിനു കരുത്തേകുന്ന ഒന്നായിരിക്കും ഈ തുറമുഖം – മുഖ്യമന്ത്രി പറഞ്ഞു.
ലോകത്തിലെ അന്താരാഷ്ട്ര തുറമുഖ പട്ടികയിൽ പ്രമുഖ സ്ഥാനത്തുനിന്നുള്ള പ്രയാണം വിഴിഞ്ഞം ആരംഭിച്ചിരിക്കുന്നു. ഇതു രാജ്യത്തിന്റെയാകെ അഭിമാനമാണ്. ഇത്തരമൊരു തുറമുഖം ഉയർന്നുവരുമ്പോൾ ചില അന്താരാഷ്ട്ര ലോബികൾ അവരുടെ താത്പര്യംവച്ചുള്ള എതിർ നീക്കങ്ങൾ നടത്താറുണ്ട്. വിഴിഞ്ഞം തുറമുഖത്തിന്റെ കാര്യത്തിലും അത്തരം ശക്തികൾ ഉണ്ടായിരുന്നുവെന്നതു വസ്തുതയാണ്. ചില പ്രത്യേക വാണിജ്യ ലോബികൾക്കും ഇത്തരമൊരു പോർട്ട് ഇവിടെ യാഥാർഥ്യമാകുന്നതിനു താത്പര്യമുണ്ടായിരുന്നല്ല.
അവരും പ്രത്യേക രീതിയൽ ഇതിനെതിരേ രംഗത്തുണ്ടായിരുന്നു. പക്ഷേ അതിനെയൊക്കെ അതിജീവിക്കാൻ കഴിഞ്ഞു. കേരളം രാജ്യത്തിനു നൽകുന്ന മഹത്തായ സംഭാവനകളിൽ ഒന്നാണ് വിഴിഞ്ഞം പദ്ധതി. രാജ്യത്തെ തുറമുഖങ്ങളിൽ മറ്റൊരു തുറമുഖത്തിനും ഇല്ലാത്ത നിരവധി സാധ്യതകളാണു വിഴിഞ്ഞത്തിനു മുന്നിൽ തുറന്നുകിടക്കുന്നത്. അതിദീർഘകാലം അതു വേണ്ട രീതിയിൽ മനസിലാക്കപ്പെടാതെയും ഉപയോഗിക്കപ്പെടാതെയും ഇരുന്നുവെന്നത് നിർഭാഗ്യകരമാണ്. ആ അവസ്ഥയ്ക്ക് ഇപ്പോൾ അറുതിവരുത്താൻ കഴിഞ്ഞു.
അന്താരാഷ്ട്ര കപ്പൽ ചാലിന്റെ 11 നോട്ടിക്കൽ മൈലിനുള്ളിൽ സ്ഥിതിചെയ്യുന്ന തുറമുഖമെന്ന പ്രത്യേകത, പ്രകൃതിദത്തമായ 20 മീറ്റർ സ്വാഭാവിക ആഴം ഇവയെല്ലാം അപൂർവങ്ങളിൽ അപൂർവമാണ്. മുഖ്യ കപ്പൽച്ചാലിനോട് ഇത്രമാത്രം അടുത്തു നിൽക്കുന്ന മറ്റൊരു തുറമുഖവും രാജ്യത്തില്ല. 400 മീറ്റർ നീളമുള്ള അഞ്ചു ബെർത്തുകൾ, മൂന്നു കിലോമീറ്റർ നീളമുള്ള പുലിമുട്ട് തുടങ്ങിയവയെല്ലാം വിഴിഞ്ഞം പദ്ധതിയുടെ ഭാഗമാണ്. ആദ്യ ഘട്ടത്തിൽ 400 മീറ്റർ ബെർത്ത് പൂർത്തിയായി. അതിലേക്കാണ് ആദ്യ ലോഡ് കാര്യർ ഷിപ്പ് എത്തിയത്. ആദ്യ ഘട്ടം പൂർത്തിയാകുന്നതോടെ പ്രതിവർഷം 10 ലക്ഷം ട്വന്റി ഫൂട്ട് ഇക്വലന്റ് യൂണിറ്റ് കണ്ടെയ്നർ കൈകാര്യം ചെയ്യുന്ന തുറമുഖമായി ഇതു മാറും.
പദ്ധതിയുടെ കരാർ ഒപ്പുവയ്ക്കുന്ന സമയത്ത് കേന്ദ്ര പരിസ്ഥിതി മന്ത്രായലം എട്ടു കോടി രൂപയുടെ പുനരധിവാസ പ്രവർത്തനങ്ങളാണു ശുപാർശ ചെയ്തിരുന്നത്. എന്നാൽ മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ വ്യക്തമായി മനസിലാക്കിയ സംസ്ഥാന സർക്കാർ 100 കോടി രൂപ പുനരധിവാസത്തിനായി മാത്രം ഇതുവരെ ചെലവഴിച്ചു. അടിസ്ഥാന വർഗത്തോടുള്ള കരുതലിന്റെയും പ്രതിബദ്ധതയുടേയും ദൃഷ്ടാന്തമായിക്കൂടി ഈ തുറമുഖം മാറുകയാണ്. നിർമാണം ആരംഭിച്ച ശേഷം വിഴിഞ്ഞം നിവാസികൾ വിവിധ പ്രശ്നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. അവയുടെ പരിഹാരത്തിനായി സർക്കാർ ഫണ്ടും അദാനി കമ്പനിയുടെ സിഎസ്ആർ ഫണ്ടും ഉപയോഗിച്ചു. അയ്യായിരത്തിലധികം തൊഴിലവസരങ്ങളാണു തുറമുഖത്തിന്റെ ഭാഗമായി നേരിട്ടു ലഭ്യമാകുന്നത്. തുറമുഖാധിഷ്ഠിത തൊഴിൽ പരിശീലനത്തിനായി 50 കോടി രൂപ ചെലവിൽ ട്രെയിനിങ് സെന്റർ കൂടി ഒരുക്കുകയാണ്. ഇത് ചെറുപ്പക്കാർക്കു കൂടുതൽ പ്രയോജനകരമാകും.
ഈ തുറമുഖം യാഥാർഥ്യമാകുന്നതോടെ രാജ്യത്തെ കണ്ടെയ്നർ ബിസിനസിന്റെ കേന്ദ്രമായി കേരളം മാറും. ആറു മാസംകൊണ്ട് ആ തലത്തിലേക്കു കേരളം മാറും. വ്യവസായം, വാണിജ്യം, ഗതാഗതം, ടൂറിസം തുടങ്ങിയ വിവിധ രംഗങ്ങളിൽ വലിയ വികസനത്തിനും അതുവഴി സംസ്ഥാനത്തിന്റെ പൊതുവായ സാമ്പത്തിക വളർച്ചയ്ക്കും വിഴിഞ്ഞം കാരണമാകും. തുറമുഖ നിർമാണം പൂർത്തിയാകുന്നതോടെ അനുബന്ധ വ്യവസായങ്ങൾക്കു വലിയ സാധ്യതകളാണു വരാനിരിക്കുന്നത്. അവയെല്ലാം പ്രയോജനപ്പെടുത്താൻ കഴിയണം. വാണിജ്യ വ്യവസായ രംഗങ്ങളിലെ സംരംഭകർ ഇക്കാര്യത്തിൽ നിറഞ്ഞ മനസോടെ പിന്തുണ നൽകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്തിന്റെ പശ്ചാത്തല വികസനക്കുതിപ്പിലെ വിജയമുദ്രയാണു വിഴിഞ്ഞം തുറമുഖമെന്നു ചടങ്ങിൽ അധ്യക്ഷത വഹിച്ച തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. കടലിനെ സൃഷ്ടിപരമായും ഭാവനപരമായും ഉപയോഗിക്കുന്ന രാജ്യങ്ങൾ വലിയ വകസനക്കുതിപ്പു നേടിയിട്ടുണ്ട്. കേരളത്തിന്റെ വികസനത്തിൽ വിഴിഞ്ഞത്തിനു മുൻപും പിൻപും എന്ന ടെർമിനോളജിക്കു തുടക്കംകുറിച്ചുകഴിഞ്ഞു. വിഴിഞ്ഞം തുറമുഖം രാജ്യത്തിന്റെ അന്താരാഷ്ട്ര ചരക്കു നീക്കത്തിന്റെ കവാടമായി മാറുമെന്നും അദ്ദേഹം പറഞ്ഞു.
വിഴിഞ്ഞം പദ്ധതി പ്രദേശത്തു നടന്ന ചടങ്ങിൽ കേന്ദ്ര വിദേശകാര്യ, പാർലമെന്ററികാര്യ സഹമന്ത്രി വി. മുരളീധരൻ, മന്ത്രിമാരായ കെ. രാജൻ, വി. ശിവൻകുട്ടി, ജി.ആർ. അനിൽ, ആന്റണി രാജു, സജി ചെറിയാൻ, കെ.എൻ. ബാലഗോപാൽ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ചീഫ് സെക്രട്ടറി ഡോ. വി. വേണു, ശശി തരൂർ എം.പി, എം. വിൻസന്റ് എം.എൽ.എ, മേയർ ആര്യ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, അദാനി വിഴിഞ്ഞം പോർട്ട് ലിമിറ്റഡ് ചെയർമാൻ കരൺ അദാനി, എമിരറ്റസ് ആർച്ച് ബിഷപ് ഡോ. എം. സൂസപാക്യം, ഗുരുരത്നം ജ്ഞാനതപസ്വി, പാളയം ഇമാം ഡോ. വി.പി. ഷുഹൈബ് മൗലവി, സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ.വി. തോമസ്, തുറമുഖ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എസ്. ശ്രീനിവാസ്, ജില്ലാ കളക്ടർ ജെറോമിക് ജോർജ്, കൗൺസിലർമാരായ ഓമനയമ്മ, പനിയടിമ, വിഴഞ്ഞം സീപോർട്ട് ലിമിറ്റഡ് എംഡി ഡോ. അദീല അബ്ദുള്ള, അദാനി വിഴിഞ്ഞം തുറമുഖ കമ്പനി സി.ഇ.ഒ. രാജേഷ് ഝാ, ജില്ലയിൽനിന്നുള്ള എംഎൽഎമാർ, തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, ഉ്ദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.