കേരളത്തിൽ കുടുംബശ്രീയിലൂടെ സർക്കാർ നടപ്പിലാക്കിയ സ്ത്രീ ശാക്തീകരണം ഇന്ത്യയ്ക്ക് തന്നെ മാതൃകയാണെന്ന് ഫിഷറീസ് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിനു മുന്നോടിയായി നടന്ന കായംകുളം മണ്ഡലതല സ്വാഗത സംഘം രൂപീകരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

എല്ലാ  മേഖലയിലും ഇന്ന് കേരളം രാജ്യത്തിനു മാതൃകയാണ്. കേരളത്തിൽ 33 ശതമാനമല്ല മറിച്ച് 50% സ്ത്രീ സംവരണമാണ് നടപ്പിലാക്കിയത്. കേരളത്തിലെ 90 ശതമാനം ഗ്രാമീണ റോഡുകളും നവീകരിച്ച്‌ ഗ്രാമങ്ങളെ നഗര സ്വഭാവമുള്ളതാക്കി മാറ്റാൻ സർക്കാരിനായി. ലോക നിലവാരത്തിലേക്ക് കേരളത്തിലെ വിദ്യാഭ്യാസ മേഖല ഉയർന്നതിനൊപ്പം മാലിന്യ സംസ്കരണത്തിലും മികച്ച വിജയം കൈവരിച്ചു. മൺമറഞ്ഞുപോയ ജലാശയങ്ങളെ പുനരുജീവിപ്പിക്കാൻ ഹരിത മിഷനിലൂടെ പ്രത്യേക പ്രവൃത്തികൾ നടന്നു വരുന്നു. കേരളത്തിലെ ആദ്യത്തെ സ്ഥിരം നാടക വേദിയുടെ നിർമ്മാണം കായംകുളത്ത് ആരംഭിക്കുമെന്നും ഡിസംബർ16 ന് കായംകുളത്ത് നടക്കുന്ന നവകേരള സദസിൽ എല്ലാ വിഭാഗം ജനങ്ങളുടെയും പങ്കാളിത്തം ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.

കദീശ പള്ളി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ യു. പ്രതിഭ എം.എൽ.എ അധ്യക്ഷത വഹിച്ചു. എ.എം ആരിഫ് എംപി മുഖ്യാതിഥിയായി. നഗരസഭ ചെയർപേഴ്സൺ പി. ശശികല, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബുജാഷി ടീച്ചർ, ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രജനി, മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ ദാസ്, ദേവികുളങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.പവനനാഥൻ, പത്തിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽ. ഉഷ, ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധാകര കുറുപ്പ്, ഭരണിക്കാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ദീപ, ജില്ലാ പഞ്ചായത്ത് അംഗം കെ.ജി സന്തോഷ്, നഗരസഭ വൈസ് ചെയർമാൻ ജെ. ആദർശ്, ജില്ലാ പഞ്ചായത്ത് അംഗം നികേഷ് തമ്പി, ബിബിൻ സി ബാബു തുടങ്ങിയവർ പങ്കെടുത്തു.

സംഘാടക സമിതി: മന്ത്രിമാരായ സജി ചെറിയാൻ, പി. പ്രസാദ്, എ.എം ആരിഫ് എംപി എന്നിവർ രക്ഷാധികാരികളും യു. പ്രതിഭ എംഎൽഎ ചെയർപേഴ്സണും എൽ.എസ്.ജി.ഡി ജോയിന്റ് ഡയറക്ടർ സുദേഷ് കൺവീനറുമായ സ്വാഗതസംഘം കമ്മിറ്റിയാണ് രൂപീകരിച്ചത്. 12 സബ് കമ്മിറ്റികളും രൂപീകരിച്ചു. റിസപ്ഷൻ കമ്മിറ്റി ചെയർമാൻ: പി. ശശികല, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ: എസ്. പവനനാഥൻ, സ്റ്റേജ് കമ്മിറ്റി ചെയർമാൻ: ജെ. ആദർശ്, കലാസാംസ്കാരിക കമ്മിറ്റി: കെ.ജി സന്തോഷ്, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ: അംബുജാക്ഷി ടീച്ചർ, അക്കോമഡേഷൻ കമ്മിറ്റി ചെയർമാൻ: ബിബിൻ സി. ബാബു, സോഷ്യൽ മീഡിയ വോളണ്ടിയർ കമ്മിറ്റി ചെയർമാൻ: നികേഷ് തമ്പി, ഗതാഗതം കമ്മിറ്റി ചെയർമാൻ: ഇന്ദിരാ ദാസ് , മെഡിക്കൽ കമ്മിറ്റി ചെയർമാൻ എൽ. ഉഷ, ഫുഡ് കമ്മിറ്റി ചെയർമാൻ: സുധാകര കുറുപ്പ്, മീഡിയ കമ്മിറ്റി ചെയർമാൻ: കെ. ദീപ.