സംസ്ഥാന സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കാനും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുമാണ് നിയോജകമണ്ഡലങ്ങള്‍തോറും നവകേരള സദസ് നടത്തുന്നതെന്ന് വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. മണ്ണാര്‍ക്കാട് റൂറല്‍ സര്‍വീസ് സഹകരണബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന നവകേരള സദസിന്റെ മണ്ണാര്‍ക്കാട് നിയോജകമണ്ഡലംതല സംഘാടകസമിതി രൂപീകരണയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്ത് ജീവിക്കാനാവശ്യമായ വരുമാനമുണ്ടാക്കുന്ന തരത്തിലുള്ള സംവിധാനമാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സര്‍ക്കാര്‍ നിരവധി വികസനപ്രവര്‍ത്തനങ്ങളാണ് വിവിധമേഖലകളിലായി നടത്തിയതും നടത്തിവരുന്നതും. വിദ്യാഭ്യാസം, ഗതാഗതം, കാര്‍ഷിക, ജലസേചനമേഖലകളുള്‍പ്പെടെ അതിന്റെ മാറ്റങ്ങള്‍ കാണാം. ഇനിയും തീരാത്ത പ്രശ്‌നങ്ങള്‍ പരിഹരിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

1001 അംഗ സംഘാടക സമിതി രൂപീകരിച്ചു

മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ ജോസ് ബേബി ചെയര്‍മാനായും മണ്ണാര്‍ക്കാട് തഹസില്‍ദാര്‍ ജെറിന്‍ ജോണ്‍സണ്‍ കണ്‍വീനറുമായുള്ള 1001 അംഗ സംഘാടക സമിതിയും 101 അംഗങ്ങളെ ഉള്‍പ്പെടുത്തി എക്സിക്യൂട്ടീവ് കമ്മിറ്റിയും രൂപീകരിച്ചു. പരിപാടിയുടെ വൈസ് ചെയര്‍മാനായി കെ.ടി.ഡി.സി ചെയര്‍മാന്‍ പി.കെ ശശി, ജോയിന്റ് കണ്‍വീനര്‍മാരായി അട്ടപ്പാടി ട്രൈബല്‍ താലൂക്ക് ഭൂരേഖ തഹസില്‍ദാര്‍ കെ. മോഹന്‍കുമാര്‍, അട്ടപ്പാടി, മണ്ണാര്‍ക്കാട് ബി.ഡി.ഒമാരായ സി. ഉണ്ണികൃഷ്ണന്‍, അജിത കുമാരി എന്നിവരെ തെരഞ്ഞെടുത്തു. ഒക്ടോബര്‍ 20 നകം ഗ്രാമപഞ്ചായത്ത് തല സംഘാടക സമിതി യോഗവും നവംബര്‍ അഞ്ചിനകം ബൂത്ത് തല സംഘാടകസമിതി യോഗവും ചേരും.

മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ ജോസ് ബേബി അധ്യക്ഷനായ സംഘാടകസമിതി രൂപീകരണ യോഗത്തില്‍ കെ.ടി.ഡി.സി. ചെയര്‍മാന്‍ പി.കെ. ശശി, സബ് കലക്ടര്‍ ഡി. ധര്‍മലശ്രീ, മണ്ണാര്‍ക്കാട് തഹസില്‍ദാര്‍ ജെറിന്‍ ജോണ്‍സണ്‍, വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപന ജനപ്രതിനിധികള്‍, രാഷ്ട്രീയ പ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.