അംബേദ്കര്‍ ഗ്രാമവികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി മേലാര്‍കോട് പഞ്ചായത്തിലെ എടക്കാട് പട്ടികജാതി കോളനിയില്‍ ഒരു കോടി രൂപയുടെ സമഗ്ര വികസനം നടത്തുന്നു. സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി കെ.ഡി പ്രസേനന്‍ എം.എല്‍.എ പദ്ധതി പ്രഖ്യാപനം നടത്തി. പട്ടികജാതി വികസന വകുപ്പിന്റെ ഒരുകോടി രൂപ ചെലവഴിച്ച് 29 കുടുംബങ്ങള്‍ താമസിക്കുന്ന കോളനിയിലെ റോഡ് നന്നാക്കുക, കോളനിക്ക് ചുറ്റും സംരക്ഷണഭിത്തി കെട്ടുക, പൊതുകിണര്‍ നവീകരണം, ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കല്‍, കമ്മ്യൂണിറ്റി ഹോള്‍ നിര്‍മ്മാണം, 12 വീടുകള്‍ നവീകരിക്കല്‍, ശുചിമുറികളുടെ നവീകരണം തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് സമഗ്ര വികസനത്തിന്റെ ഭാഗമായി നടപ്പാക്കുന്നത്.

പരിപാടിയോടനുബന്ധിച്ച് കോളനി നിവാസികള്‍ക്കായി സാമൂഹിക പക്ഷാചരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് നെന്മാറ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ പ്രഫുല്‍ദാസ് വിശദീകരിച്ചു. ആലത്തൂര്‍ വിമുക്തി മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പത്മദാസ് ലഹരി വിരുദ്ധ ക്ലാസ് എടുത്തു. മേലാര്‍ക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വത്സല അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം രജനി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസകാര്യ ചെയര്‍പേഴ്‌സണ്‍ പ്രേമലത, മേലാര്‍കോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസകാര്യ ചെയര്‍പേഴ്‌സണ്‍ സജ്‌ന ഹസന്‍, പ്രമോട്ടര്‍ വിനീഷ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.