സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റി, ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ജില്ലാ ടി.ബി. യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പൊതുജനങ്ങളിലും യുവാക്കളിലും വിദ്യാര്‍ത്ഥികളിലും എച്ച്.ഐ.വി, എയ്ഡ്‌സ് പ്രതിരോധ ബോധവത്ക്കരണം നടത്തുക എന്ന ഉദ്ദേശ്യത്തോടെയുള്ള ‘ഒന്നായി പൂജ്യത്തിലേക്ക്’ എന്ന ലക്ഷ്യത്തിലേക്കുള്ള ഫോക്ക് ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം നടന്നു.
മലമ്പുഴ ജില്ലാ ജയിലില്‍ നടന്ന പരിപാടി ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.ആര്‍. സെല്‍വരാജ് ഉദ്ഘാടനം ചെയ്തു. ജില്ലാ ജയില്‍ അസിസ്റ്റന്റ് സൂപ്രണ്ട് വി. മുരളീധരന്‍ അധ്യക്ഷനായി. ജില്ലാ എയ്ഡ്‌സ് നിയന്ത്രണ ഓഫീസര്‍ ഡോ. സി. ഹരിദാസന്‍ മുഖ്യപ്രഭാഷണം നടത്തി.
ക്യാമ്പയിന്റെ ഭാഗമായി ജില്ലയില്‍ ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായി പാവക്കൂത്ത്, കുറവരശു കളി, തെരുവുനാടകം, കാക്കാരിശ്ശി നാടകം തുടങ്ങിയ 85 പരിപാടികള്‍ നടത്താനാണ് ഉദ്ദേശിക്കുന്നത്. പ്രധാനമായും യുവാക്കളെ ലക്ഷ്യമിട്ടാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍, കോളേജുകള്‍, പാരാമെഡിക്കല്‍ സ്ഥാപനങ്ങള്‍, ജയിലുകള്‍, ടെക്‌നിക്കല്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലാണ് നടത്തുക.
ഉദ്ഘാടന പരിപാടിയില്‍ ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഗീതു മരിയ ജോസഫ്, അസിസ്റ്റന്റ് സര്‍ജന്‍ ഡോ. അനൂപ് റസാഖ്, ജില്ലാ നഴ്‌സിങ് ഓഫീസര്‍ കെ. രാധാമണി, ഡെപ്യൂട്ടി ജില്ലാ എഡ്യുക്കേഷന്‍ മീഡിയ ഓഫീസര്‍ ടി.എസ് സുബ്രഹ്മണ്യന്‍, ദിശ ക്ലസ്റ്റര്‍ പ്രോഗ്രാം മാനേജര്‍ സുനില്‍കുമാര്‍, ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് മലപ്പുറം യുവാഭാവന ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് പാവക്കൂത്ത് അവതരിപ്പിച്ചു.