കേരള സാഹിത്യ അക്കാദമിയുടെ 67-ാം വാര്‍ഷികാഘോഷം നിയമ, വ്യവസായ, കയര്‍ വികസന വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. 67 വര്‍ഷവും സാഹിത്യ അക്കാദമി കേരളത്തിലെ ആശയ, സാംസ്‌കാരിക മണ്ഡലത്തില്‍ പ്രധാന പങ്ക് വഹിച്ചുവെന്നും തിരുവനന്തപുരത്ത് സ്ഥിതി ചെയ്ത സാഹിത്യ അക്കാദമി തൃശ്ശൂരിലേക്ക് മാറ്റിയതോടെ ആധികാരികമായി തൃശ്ശൂര്‍ സാംസ്‌കാരിക തലസ്ഥാനമായി മാറിയെന്നും ചടങ്ങില്‍ മന്ത്രി പറഞ്ഞു.

എല്ലാ വാര്‍ഷികാഘോഷങ്ങളും കേവലം ഒരു ആഹ്ലാദത്തിന്റെയും ആഘോഷത്തിന്റെയും സന്ദര്‍ഭം മാത്രമല്ല നാം ഇത്തരം സന്ദര്‍ഭങ്ങളെ ഇന്നത്തെ കാലത്തിന്റെ സവിശേഷതകളോട് കൂട്ടിച്ചേര്‍ത്ത് വായിക്കുകയും അതില്‍ എങ്ങനെ മുന്നോട്ട് പോകണമെന്ന് കൂടി ചര്‍ച്ച ചെയ്യുന്ന ഇടം കൂടിയാണ് സാഹിത്യ അക്കാദമിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ പി ബാലചന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. കേരള സാഹിത്യ അക്കാദമി പ്രസിഡന്റും സാഹിത്യകാരനുമായ സച്ചിദാനന്ദന്‍ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങില്‍ ‘ഇന്ത്യയും ഭാരതവും: ഭരണഘടനയിലെ രാഷ്ട്രദര്‍ശനം’ എന്ന വിഷയത്തില്‍ ഡോ. സുനില്‍ പി ഇളയിടം വാര്‍ഷികദിന പ്രഭാഷണം നടത്തി. സാഹിത്യ അക്കാദമി സെക്രട്ടറി സി പി അബൂബക്കര്‍, സാഹിത്യ അക്കാദമി നിര്‍വ്വാഹക സമിതി അംഗം വി എസ് ബിന്ദു, സാഹിത്യ- സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.