വൈജ്ഞാനിക സമ്പത്ത് ഉപയോഗിച്ചുകൊണ്ട് സമൂഹത്തില്‍ ഗുണാത്മകമായ മാറ്റം സൃഷ്ടിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഴിയണമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു. കെകെടിഎം ഗവ. കോളേജ് നാക് എ ഗ്രേഡ് നേടിയതിന്റെ വിജയാഘോഷവും കോളേജില്‍ പുതിയതായി നിര്‍മ്മിച്ച ലേഡീസ് ഹോസ്റ്റലിന്റെ ഉദ്ഘാടനവും നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനും സമ്പത്‌വ്യവസ്ഥ വിപുലീകരിക്കുന്നതിനും സഹായകമായ വിധത്തില്‍ നോളജ് ഇക്കോണമി സൃഷ്ടിക്കാന്‍ കഴിയുന്ന വൈജ്ഞാനിക സമ്പത്ത് പ്രയോജനപ്പെടുത്താന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കണം എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഇടപ്പെടുന്നതെന്ന് മന്ത്രി പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഭൗതിക സാഹചര്യത്തിന്റെ കാര്യത്തില്‍ വലിയ കുതിച്ചുചാട്ടമാണ് ഉണ്ടായിട്ടുള്ളത്. കിഫ്ബിയും റൂഫാ ഫണ്ടും സംസ്ഥാന സര്‍ക്കാരിന്റെ പ്ലാന്‍ ഫണ്ടും ഉപയോഗിച്ച് കേരളത്തില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഒരുപാട് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്. ഭൗതിക പശ്ചാത്തലരംഗത്ത് കുതിച്ചുചാട്ടം ഉണ്ടാകുമ്പോള്‍ കേരളീയ സമൂഹത്തിന്റെ നീറുന്ന പ്രശ്‌നങ്ങള്‍ക്ക് അഭിസംബോധന ചെയ്യുന്ന തരത്തില്‍ ജ്ഞാനോല്‍പ്പാദനം നടത്തുന്ന കേന്ദ്രങ്ങളായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മാറണം.
അറിവിന്റെ പ്രായോഗിക പരാവര്‍ത്തനം എന്ന നിലവാരത്തില്‍ ഉയര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കഴിയണമെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ നവവൈജ്ഞാനിക സമൂഹമാക്കി മാറ്റുക എന്നത് നവകേരള സൃഷ്ടിയുടെ ലക്ഷ്യമാണ്. നൂതന ആശയങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇന്നോവേഷന്‍ ഇന്‍ക്യുബേഷന്‍ സ്റ്റാറ്റസ് എന്‍വയോണ്മെന്റ് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ക്കൂടി ഉണ്ടാകണമെന്നാണ് ഈ കാലത്ത് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്. തൊഴില്‍ ലഭ്യതയും തൊഴിലാധിപത്യവും വര്‍ദ്ധിപ്പിക്കുക, ഗവേഷണ താല്‍പര്യങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ഈ പദ്ധതി നടപ്പിലാക്കുന്നത്. വിദ്യാര്‍ഥികളെ അവരുടെ സര്‍ഗാത്മകശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ഗവേഷണ മികവിനും തൊഴില്‍ദായകന്മാരായും സൃഷ്ടിക്കാന്‍ ഉന്നത വിദ്യാഭ്യാസ മേഖലയിലൂടെ കഴിഞ്ഞിട്ടുണ്ട്.
ചടങ്ങില്‍ അഡ്വ. വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ടി കെ ബിന്ദു ശര്‍മിള, ഡിഡി ഇന്‍ ചാര്‍ജ് ഡോ. പി എസ് മനോജ് കുമാര്‍, കൊടുങ്ങല്ലൂര്‍ മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ ടി കെ ഗീത, വൈസ് പ്രിന്‍സിപ്പാള്‍ പ്രൊഫ. ജി ഉഷകുമാരി, പിടിഎ വൈസ് പ്രസിഡന്റ് പി എ ഷാഹുല്‍ഹമീദ്, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പി വി ബിജി, വാര്‍ഡ് കൗണ്‍സിലര്‍മാര്‍, വിദ്യാര്‍ത്ഥി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.