പട്ടികജാതി വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത്തല സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണം സംഘടിപ്പിച്ചു. സമൂഹത്തില്‍ പിന്നാക്കം നില്‍ക്കുന്നവരെ ഉയര്‍ത്തിക്കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ നടത്തിയ പരിപാടിയില്‍ പട്ടികജാതി വികസന വകുപ്പിന്റെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് നിര്‍വഹിച്ചു.

ചടങ്ങിനോടനുബന്ധിച്ച് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കലാകാരന്മാര്‍ക്ക് വാദ്യോപകരണങ്ങള്‍ വിതരണം ചെയ്യുന്ന സ്‌നേഹ താളം പദ്ധതി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തിന്റെ 2023 – 24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് സ്‌നേഹതാളം പദ്ധതി നടപ്പാക്കുന്നത്. പട്ടികജാതി വികസന വകുപ്പിന്റെയും ബ്ലോക്ക് പഞ്ചായത്തിന്റെയും ഭവന നവീകരണ പദ്ധതിയായ സേഫ് പദ്ധതി, വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനമുറി പദ്ധതി എന്നിവയുടെ താക്കോല്‍ദാനവും ഭൂരഹിത പുനരുധിവാസ പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ക്കുള്ള പട്ടയം നല്‍കലും സംഘടിപ്പിച്ചു.

മാര്‍ഗ ദീപം എന്ന പേരില്‍ നടത്തിയ പി എസ് സി പരിശീലനത്തിലെ റാങ്ക് ജേതാക്കളെയും വിവിധ സര്‍വകലാശാല പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ചവരെയും ചടങ്ങില്‍ ആദരിച്ചു. ചടങ്ങിനോടനുബന്ധിച്ച് വാഴപ്പിള്ളി ജംഗ്ഷനില്‍ നിന്നും സാംസ്‌കാരിക ഘോഷയാത്രയും സംഘടിപ്പിച്ചു.

ബ്ലോക്ക് പഞ്ചായത്ത് സുവര്‍ണ്ണ ജൂബിലി ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജോസി ജോളി, സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ റാണിക്കുട്ടി ജോര്‍ജ്, മേഴ്‌സി ജോര്‍ജ്, ബെസ്റ്റിന്‍ ചേറ്റൂര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സാറാമ്മ ജോണ്‍, രമ രാമകൃഷ്ണന്‍, ആവോലി പഞ്ചായത്ത് പ്രസിഡന്റ് ഷെല്‍മി ജോണ്‍സ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എം ജി രതി, പട്ടികജാതി വികസന ഓഫീസര്‍ ടി എ റസീന തുടങ്ങിയവര്‍ പങ്കെടുത്തു.