മുഖ്യമന്ത്രിയും മന്ത്രിമാരും സംസ്ഥാനത്തെ നിയമസഭാ മണ്ഡലങ്ങളിൽ പര്യടനം നടത്തുന്ന നവകേരള സദസിന് മുന്നോടിയായി തൃപ്പൂണിത്തുറ മണ്ഡലത്തിലെ സംഘാടകസമിതി രൂപീകരിച്ചു. മുൻ എം.എൽ.എ എം.സ്വരാജിനെ സംഘാടകസമിതി ചെയർമാനായി തിരഞ്ഞെടുത്തു. ജനറൽ കൺവീനറായി ദുരന്ത നിവാരണം ഡെപ്യൂട്ടി കളക്ടർ കെ.ഉഷാ ബിന്ദു മോളെ
തിരഞ്ഞെടുത്തു.

തൃപ്പൂണിത്തുറ ചൂരക്കാട് പുഷ്പാജ്ഞലി ഓഡിറ്റോറിയത്തിൽ നടന്ന സംഘാടകസമിതി രൂപീകരണ യോഗത്തിൽ തൃപ്പൂണിത്തുറ നഗരസഭ ചെയർപേഴ്സൺ രമാ സന്തോഷ് അധ്യക്ഷത വഹിച്ചു. കേരള കലാമണ്ഡലം മുൻ വൈസ് ചാൻസലർ കെ.ജി പൗലോസ് സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു.

ദാരിദ്ര്യ ലഘൂകരണം ജില്ലാ കോ ഓഡിനേറ്റർ ശ്യാമലക്ഷ്മിയെ നോഡൽ ഓഫീസറായി തിരഞ്ഞെടുത്തു.പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് സംഘാടക സമിതിയുടെ കീഴിൽ 9 സബ് കമ്മിറ്റികളെയും തിരഞ്ഞെടുത്തു. മണ്ഡലത്തിലെ നവകേരള സദസിന്റെ ഭാഗമായി കലാപരിപാടികൾ, സെമിനാറുകൾ, പ്രദർശനം തുടങ്ങിയവ സംഘടിപ്പിക്കും.

തൃപ്പുണിത്തുറ മണ്ഡലത്തിലെ എല്ലാ തദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുമായി 501 അംഗ ജനറൽ കമ്മിറ്റിയെയും എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു. പുതിയകാവ് ക്ഷേത്ര മൈതാനത്ത് ഡിസംബർ ഒമ്പതിന് വൈകീട്ട് മൂന്ന് മുതലാണ് തൃപ്പൂണിത്തുറ മണ്ഡലത്തിലെ നവകേരള സദസ് സംഘടിപ്പിക്കുന്നത്.

സംഘാടക സമിതി രൂപികരണ യോഗത്തിൽ വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ, വൈസ് പ്രസിഡന്റുമാർ, പഞ്ചായത്ത് അംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ, ആശാ വർക്കർമാർ വിവിധ വകുപ്പ് ഉദ്യോഗസ്ഥന്മാർ, രാഷ്ട്രീയ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.