നവകേരള നിർമിതിയുടെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന കോഴിക്കോട് നോർത്ത്, സൗത്ത് മണ്ഡലതല നവകേരള സദസ്സ് നവംബർ 25ന് വൈകീട്ട് ആറ് മണിക്ക് കോഴിക്കോട് ബീച്ചിൽ നടക്കും. ഇതിനായി വിലുലമായ സംഘാടക സമിതി രൂപീകരിച്ചു. കോഴിക്കോട് ടൗൺ ഹാളിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ചരിത്രത്തിൽ ആദ്യമായാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിമാർ നവകേരള സദസ്സുമായി കേരളത്തിലെ 140 നിയമസഭ മണ്ഡലങ്ങളിലൂടെയും സഞ്ചരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
എം ടി വാസുദേവൻ നായർ, എംപി മാരായ എളമരം കരീം, എം കെ രാഘവൻ, ബിനോയ് വിശ്വം, മേയർ ഡോ. ബീന ഫിലിപ്പ് എന്നിവർ രക്ഷാധികാരികളായും തുറമുഖം മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ചെയർമാനായും തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ വർക്കിംഗ് ചെയർമാനായും ഡെപ്യൂട്ടി കലക്ടർ ഇ അനിതകുമാരി കൺവീനറുമായുള്ള 1001 അംഗ സംഘാടക സമിതിക്കാണ് രൂപം നൽകിയത്.
യോഗത്തിൽ തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി ഗവാസ്, മുൻ എം എൽ എമാരായ എ. പ്രദീപ് കുമാർ, പുരുഷൻ കടലുണ്ടി, മുൻ മേയർ ടി പി ദാസൻ, മുൻ ഡെപ്യൂട്ടി മേയർ അബ്ദുൽ ലത്തീഫ്, ഡെപ്യൂട്ടി കലക്ടർ ഇ അനിതകുമാരി, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടർ കെ.ടി ശേഖർ, വിവിധ രാഷ്ട്രീയ പാർട്ടി, സംഘടനാ പ്രതിനിധികൾ എന്നിവർ സംസാരിച്ചു.
ബേപ്പൂർ നിയോജക മണ്ഡലത്തിലെ സംഘാടക സമിതി രൂപീകരണ യോഗം ഫറോക്ക് റോയൽ അലയൻസ് ഓഡിറ്റോറിയത്തിൽ പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.
എലത്തൂർ മണ്ഡലതല സംഘാടക സമിതി രൂപീകരണ യോഗം നന്മണ്ട ഗ്രാമപഞ്ചായത്ത് ഓപ്പൺ സ്റ്റേജിൽ വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ. കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കുറ്റ്യാടി മണ്ഡലത്തിലെ സംഘാടക സമിതി മേമുണ്ട ഹയർ സെക്കണ്ടറി സ്‌കൂളിൽ ചേർന്ന യോഗത്തിൽ രൂപീകരിച്ചു. കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം എൽ എ നവ കേരള സദസ്സ് പരിപാടിയും സ്വാഗത സംഘം ഭാരവാഹികളെയും പ്രഖ്യാപിച്ചു.
ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് ബാലുശ്ശേരി മണ്ഡലംതല സംഘാടക സമിതി രൂപീകരണ യോഗം ഗോകുലം കൺവെൻഷൻ സെന്ററിൽ നടക്കും. നാല് മണിക്ക് സുരഭി ഓഡിറ്റോറിയത്തിൽ പേരാമ്പ്ര മണ്ഡലം സംഘാടക സമിതി രൂപീകരിക്കും. കൊയിലാണ്ടി മണ്ഡല സംഘാടക സമിതി യോഗം ഇ എം എസ് ടൗൺ ഹാളിലും നാദാപുരം മണ്ഡലത്തിലേത് നാദാപുരം പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലും ഇന്ന് നാല് മണിക്ക് നടക്കും.
ഒക്ടോബർ 18 ന് വൈകീട്ട് നാല് മണിക്ക് കുന്ദമംഗലം ബ്ലോക്ക് രാജീവ്ഗർ ഓഡിറ്റോറിയത്തിൽ കുന്ദമംഗലം മണ്ഡലതല സംഘാടക സമിതി യോഗം ചേരും. വടകര മണ്ഡലതല സംഘാടക സമിതി യോഗം 19 ന് വൈകീട്ട് നാലിന് ടൗൺഹാളിൽ നടക്കും.
തിരുവമ്പാടി മണ്ഡല സംഘാടക സമിതി യോഗം 20ന് മുക്കം ഇ എം എസ് ഓഡിറ്റോറിയത്തിലും കൊടുവള്ളി മണ്ഡലത്തിൽ വൈകീട്ട് നാലു മണിക്ക് കൊടുവള്ളി കമ്യൂണിറ്റി ഹാളിലും ചേരും ഓരോ മണ്ഡലത്തിലും എം.എൽ.എമാർ നവകേരള സദസ്സിനു നേതൃത്വം വഹിക്കും. പരിപാടിയുടെ നടത്തിപ്പിനായി വിവിധ വകുപ്പുകളിലെ ഉദ്യോസ്ഥരെ നോഡൽ ഓഫീസർമാരായി നിയമിച്ചിട്ടുണ്ട്.