പൊന്നാനി ഫിഷറീസ് ഹാർബറിലെ രണ്ടാംഘട്ട പുനർഹം ഭവനസമുച്ചയങ്ങളുടെ നിർമാണം പ്രവൃത്തികൾ പുനരാരംഭിച്ചു.
ഭവന പദ്ധതിയുടെ നിർമാണം നിലച്ചതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഫിഷറീസ് സംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഹാർബറിൽ സന്ദർശനത്തിനെത്തിയപ്പോൾ നിർമാണം പുനരാരംഭിക്കാൻ കരാറുകാരന് കർശന നിർദേശം നൽകിയിരുന്നു. തുടർന്നാണ് നടപടി.

ഭവന സമുച്ചയത്തിന്റെ അടിത്തറ നിർമാണമാണ് പുനരാരംഭിച്ചിട്ടുള്ളത്. കടൽതീരത്ത് നിന്നും 50 മീറ്ററിനുള്ളിൽ താമസിക്കുന്ന കടലാക്രമണ ഭീഷണിയിൽ കഴിയുന്ന കുടുംബങ്ങളെ സുരക്ഷിതമായ സ്ഥലത്തേയ്ക്ക് പുനരധിവസിപ്പിക്കുകയാണ് പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. നിലവിൽ 128 കുടുംബങ്ങൾ താമസിക്കുന്ന ഭവന സമുച്ചയത്തിനടുത്തായാണ് പുതിയ കെട്ടിട സമുച്ചയം ഉയരുന്നത്.

13 ബ്ലോക്കുകളിലായി 100 വീടുകളാണ് നിർമിക്കുന്നത്. 14.33 കോടി രൂപയാണ് പദ്ധതി ചെലവ്. 540 ചതുരശ്ര അടിയിലാണ് ഓരോ വീടുകളും നിർമിക്കുന്നത്. 18 മാസമാണ് കരാർ കാലാവധി. രണ്ടാംഘട്ട നിർമാണ പ്രവൃത്തികൾ പൂർത്തിയാവുന്നതോടെ കടലാക്രമണ ഭീഷണിയില്ലാതെ 228 മത്സ്യത്തൊഴിലാളി കുടുംബങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റാൻ സാധിക്കും