സെന്റ് ആല്‍ബര്‍ട്ട്‌സ് കോളേജില്‍ പുതിയ അക്കാദമിക് കെട്ടിടം ഉദ്ഘാടനം ചെയ്തു

ഉന്നത വിദ്യാഭ്യാസമേഖലയ്ക്ക് പ്രഥമ പരിഗണന നല്‍കി വളരുന്ന തലമുറയ്ക്ക് എല്ലാ വിദ്യാഭ്യാസ സാധ്യതയും ഉറപ്പാക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍.ബിന്ദു പറഞ്ഞു. റൂസ ഫണ്ട് ഉപയോഗിച്ച് എറണാകുളം സെന്റ് ആല്‍ബര്‍ട്ട്‌സ് കോളേജില്‍ നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ റൂസ ഫണ്ട് ഉപയോഗിച്ച് മാത്രം 568 കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. 168 കോളേജുകളില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. 60% കേന്ദ്ര വിഹിതവും 40% സംസ്ഥാന വിഹിതവുമാണ് പദ്ധതിക്കായി വിനിയോഗിക്കുന്നത്. കേന്ദ്ര-സംസ്ഥാനവിഹിതങ്ങള്‍ ഉപയോഗിച്ച് സമയബന്ധിതമായി പ്രൊപ്പോസല്‍ സമര്‍പ്പിച്ച് തുക അനുവദിക്കാനും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാനും യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനും സര്‍ക്കാരിന് സാധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കിഫ്ബി, പ്ലാന്‍ ഫണ്ട് തുടങ്ങിയ വിവിധ ഫണ്ടുകള്‍ ഉപയോഗിച്ച് നിരവധി പദ്ധതികളാണ് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങള്‍ക്കാണ് ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ പ്രാധാന്യം നല്‍കിയത്. ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കാണ് രണ്ടാംഘട്ടത്തില്‍ പ്രാധാന്യം നല്‍കുന്നത്. വരും തലമുറയ്ക്ക് ഏറ്റവും മെച്ചപ്പെട്ട രീതിയില്‍ വിദ്യാഭ്യാസ രംഗവും മികച്ച തൊഴില്‍ മേഖലകളും കേരളീയ അന്തരീക്ഷത്തില്‍ തന്നെ സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമം.

തൊഴിലും വിദ്യാഭ്യാസവും തമ്മില്‍ ബന്ധിപ്പിക്കുന്ന നൈപുണ്യ കോഴ്‌സുകള്‍ വഴി കുട്ടികള്‍ക്ക് ആത്മവിശ്വാസത്തോടെ തൊഴില്‍ മേഖലയില്‍ സമീപിക്കാന്‍ സാധിക്കും. കൂടാതെ കുട്ടികള്‍ക്കായി നോളജ് ട്രാന്‍സ്ലേഷന്‍, ഇന്‍കുബേഷന്‍, സ്റ്റാര്‍ട്ടപ്പ് സെന്ററുകള്‍ കലാലയങ്ങളില്‍ ലഭ്യമാക്കുന്നതിനുള്ള സൗകര്യം ഒരുക്കും. ഉന്നത വിദ്യാഭ്യാസത്തിനായി വിദ്യാര്‍ത്ഥികള്‍ വിദേശരാജ്യങ്ങളിലേക്ക് ചേക്കേറുന്ന ഒരു പ്രവണതയാണ് കാണുന്നത്. ലോകോത്തരമായ സ്ഥാപനങ്ങള്‍ കേരളീയ അന്തരീക്ഷത്തില്‍ തന്നെ സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

വെല്ലുവിളികളോട് ആത്മവിശ്വാസത്തോടെ പൊരുതുന്ന രീതിയില്‍ വിദ്യാര്‍ഥികളെ വളര്‍ത്തിയെടുക്കണം. കുട്ടികള്‍ക്ക് നൈപുണ്യ പരിശീലനം ലഭ്യമാകുന്നതിനുള്ള സൗകര്യം ഒരുക്കണം. അസാപ്പിന്റെ സഹായത്തോടെ 140 നൈപുണ്യ കോഴ്‌സുകള്‍ നല്‍കി വരുന്നുണ്ട്. ഇത്തരത്തില്‍ നൈപുണ്യ പരിശീലനം നല്‍കുന്ന മറ്റ് ഏജന്‍സികളുടെ സഹായവും ഉറപ്പാക്കാം. ഗവേഷണാത്മക പ്രവര്‍ത്തനങ്ങളിലും വിദ്യാര്‍ത്ഥികളെ സജ്ജമാക്കണം. കൃഷി, വ്യവസായം, ആരോഗ്യം തുടങ്ങിയ മേഖലകളിലെ പ്രശ്‌നങ്ങള്‍ പ്രായോഗിക രൂപത്തില്‍ ആവിഷ്‌കരിക്കുന്നതിനായി വിദ്യാര്‍ഥികള്‍ക്ക് ഫെലോഷിപ്പുകള്‍ നല്‍കിവരുന്നുണ്ട്. ഇത്തരത്തിലുള്ള പ്രോത്സാഹനങ്ങള്‍ വഴി വിദ്യാര്‍ത്ഥികളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

റൂസ ഫണ്ട് ഉപയോഗിച്ച് 74 ലക്ഷം ചെലവഴിച്ചാണ് സെന്റ് ആല്‍ബര്‍ട്ട്‌സ് കോളേജില്‍ പുതിയ അക്കാദമി കെട്ടിടം പൂര്‍ത്തീയാക്കിയത്. 58,29,934 രൂപ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കും 67,70,066 രൂപ ആധുനിക ഉപകരണങ്ങള്‍ വാങ്ങുന്നതിനും വിനിയോഗിച്ചു. പദ്ധതിയുടെ ഭാഗമായി കോളേജില്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്ക്, കഫെറ്റീരിയ, കെമിസ്ട്രി ലാബ്, ലൈബ്രറി, അക്വാ കള്‍ച്ചര്‍ ലാബ്, പെണ്‍കുട്ടികള്‍ക്ക് വിശ്രമസ്ഥലം തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

സെന്റ് ആല്‍ബര്‍ട്ട്‌സ് കോളേജില്‍ നടന്ന പരിപാടിയില്‍ ടി.ജെ വിനോദ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ഹൈബി ഈഡന്‍ എംപി മുഖ്യപ്രഭാഷണം നടത്തി. സെന്റ് ആല്‍ബര്‍ട്ട്‌സ് കോളേജ് ചെയര്‍മാന്‍ ഫാ.ഡോ. ആന്റണി തോപ്പില്‍, വാര്‍ഡ് കൗണ്‍സിലര്‍ മനു ജേക്കബ്, സെന്റ് ആല്‍ബര്‍ട്ട്‌സ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ.വി.എം ബിജോയ് എന്നിവര്‍ സംസാരിച്ചു.