കുരങ്ങ് പനിക്കെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ ഊര്‍ജ്ജിതമാക്കാന്‍ ജില്ലാ കളക്ടര്‍ രേണുരാജിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
വനത്തിനുള്ളിലും വനത്തിനോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളിലും കുരങ്ങുകള്‍ ചത്ത് കിടക്കുന്നത് കണ്ടാല്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളും പ്രതിരോധ പ്രവര്‍ത്തനങ്ങളും യോഗത്തില്‍ ചര്‍ച്ചചെയ്തു. എല്ലാ പഞ്ചായത്തുകളും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തണം.

കുരങ്ങ് പനിക്കെതിരെയുള്ള ബോധവത്ക്കരണ ലഘുലേഖകള്‍, പോസ്റ്ററുകള്‍ എന്നിവ അതത് പഞ്ചായത്തുകളുടെ സമൂഹ മാധ്യമങ്ങള്‍ വഴിയും അല്ലാതെയും ജനങ്ങളിലേക്കെത്തിക്കണം. വനവുമായി ബന്ധപ്പെട്ട് ജോലിചെയ്യുന്നവരും വനത്തില്‍ പോകുന്നവരും പ്രത്യേക മുന്‍കരുതലെടുക്കണം. പ്രതിരോധ മരുന്നുകള്‍ ഉപയോഗിക്കണം. ആവശ്യമെങ്കില്‍ പി.പി.ഇ കിറ്റ് പോലുള്ള സൗകര്യങ്ങള്‍ ഉറപ്പ് വരത്തണം. ബി.ബി എമല്‍ഷന്‍ പോലുള്ള പ്രതിരോധ ലേപനങ്ങള്‍ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ലഭ്യമാണ്. വനമേഖലയിലും വനാതിര്‍ത്തികളിലും നിരീക്ഷണം ശക്തമാക്കും. ഇതിനായി ബന്ധപ്പെട്ട വകുപ്പുകള്‍ അടിയന്തര ശ്രദ്ധ നല്‍കണം.

നവംബര്‍ മുതല്‍ മെയ് വരെയാണ് സാധാരണയായി രോഗവ്യാപനം കൂടുതലായി കണ്ടുവരുന്നത്. കുരങ്ങുകള്‍ ചത്തുകിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ വനംവകുപ്പ് അധികൃതരെയോ ആരോഗ്യപ്രവര്‍ത്തകരെയോ വിവരം അറിയിക്കണം. കുരങ്ങുകളിലൂടെയാണ് രോഗ വാഹകരായ ചെള്ളുകള്‍ വളര്‍ത്തുമൃഗങ്ങളിലേക്കും മനുഷ്യരിലേക്കും പടരുന്നത്. ലക്ഷണങ്ങളുള്ളവര്‍ സ്വയം ചികിത്സയ്ക്ക് മുതിരാതെ തുടക്കത്തില്‍ തന്നെ ഡോക്ടറുടെ ഉപദേശം തേടണം. വൈറസ് രോഗമായ കുരങ്ങുപനി ഉണ്ണി, പട്ടുണ്ണി, വട്ടന്‍ തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന ചെള്ളുകളാണ് പരത്തുന്നത്. കുരങ്ങുകളിലാണ് ഈ രോഗം കണ്ടുവരുന്നതെങ്കിലും ചെള്ളിന്റെ കടിയേല്‍ക്കുന്നതിലൂടെ മനുഷ്യരിലേക്കും ഇതു പകരുന്നു.

രോഗലക്ഷണങ്ങള്‍

* ശക്തമായ പനി അല്ലെങ്കില്‍ വിറയലോടുകൂടിയ പനി
* ശരീരവേദന അല്ലെങ്കില്‍ പേശിവേദന
* തലവേദന
* ഛര്‍ദ്ദി
* കടുത്ത ക്ഷീണം
* രോമകൂപങ്ങളില്‍ നിന്ന് രക്തസ്രാവം
* അപസ്മാരത്തോടുകൂടിയോ അല്ലാതെയോ ഉള്ള തലകറക്കം
* സ്ഥലകാല ബോധമില്ലായ്മ

പ്രതിരോധ മാര്‍ഗങ്ങള്‍

* കുരങ്ങുപനി കാണപ്പെട്ട പ്രദേശങ്ങളിലെ വനത്തിനുള്ളില്‍ കഴിവതും പോകാതിരിക്കുക.
* വനത്തില്‍ പോകേണ്ടിവരുന്നവര്‍ ചെള്ള് കടിയേല്‍ക്കാതിരിക്കാന്‍ കട്ടിയുള്ള ഇളം നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കണം.
* വസ്ത്രത്തിന് പുറമെയുള്ള ശരീരഭാഗങ്ങളില്‍ ചെള്ളിനെ അകറ്റുന്ന ലേപനങ്ങള്‍ പുരട്ടണം.
* വനത്തില്‍ നിന്ന് തിരിച്ചുവരുന്നവര്‍ ശരീരത്തില്‍ ചെള്ള് കടിച്ചിരിക്കുന്നില്ലെന്ന് വിശദമായി പരിശോധിച്ച് ഉറപ്പുവരുത്തണം. വനത്തില്‍ പോകുന്ന കന്നുകാലികളുടെ ദേഹത്ത് ചെള്ള് പിടിക്കാതിരിക്കാനുള്ള മരുന്ന് മൃഗാശുപത്രികളില്‍ ലഭ്യമാണ്.

ഡി.എം.ഒ ഡോ. പി. ദിനീഷ്, ഡി.പി.എം ഡോ. സമീഹ സൈതലവി, ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ. പി.എസ്. സുഷമ, മാസ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ കെ.എം മുസ്തഫ, ടെക്നിക്കല്‍ അസിസ്റ്റന്റുമാരായ കെ.എം ഷാജി, കെ എച്ച് സുലൈമാന്‍, ജില്ലാ എപ്പിഡെര്‍മിയോളജിസ്റ്റ് ഡോ.ബിപിന്‍ ബാലകൃഷ്ണന്‍, വിവിധ വകുപ്പ് പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.