ജില്ലാ ഭരണകൂടത്തിന്റെയും ഭാരതീയ റിസര്‍വ് ബാങ്കിന്റെയും നബാര്‍ഡിന്റെയും സംയുക്താഭിമുഖ്യത്തില്‍ ലീഡ് ബാങ്ക് നടപ്പിലാക്കുന്ന സുരക്ഷ 2023 ക്യാമ്പെയിനില്‍ കുടുംബശ്രീയും പങ്കാളിയാകും. ജില്ലാ കളക്ടര്‍ ഡോ. രേണു രാജിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് കുടുംബശ്രീയെ സുരക്ഷ 2023 ന്റെ ഭാഗമാക്കാന്‍ തീരുമാനിച്ചത്. യോഗത്തില്‍ കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍ കേയംതൊടി മുജീബ് മുഖ്യാതിഥിയായി. സുരക്ഷാ പൂര്‍ത്തീകരിച്ച ഡിവിഷനുള്ള ഉപഹാരം കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍ ജില്ലാ കളക്ടറില്‍ നിന്ന് ഏറ്റുവാങ്ങി.ലീഡ് ബാങ്ക് മാനേജര്‍ ബിബിന്‍ മോഹന്‍ പദ്ധതി വിശദീകരിച്ചു. കുടുംബശ്രീ ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ പി.കെ ബാലസുബ്രഹ്മണ്യന്‍ മുഖ്യ പ്രഭാഷണം നടത്തി.

ഇതുവരെ 9 ഗ്രാമ പഞ്ചായത്തുകളിലും ഒരു നഗരസഭയിലും ക്യാമ്പെയിന്‍ പൂര്‍ത്തിയാക്കി. ബാക്കിയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ക്യാമ്പെയിനില്‍ കുടുംബശ്രീയുടെ പങ്കാളിത്തമുണ്ടാകും. ജില്ലയിലെ അര്‍ഹരായ മുഴുവന്‍ ആളുകളെയും കേന്ദ്ര സര്‍ക്കാരിന്റെ സുരക്ഷാപദ്ധതികളില്‍ ഉള്‍പ്പെടുത്തുക എന്നതാണ് സുരക്ഷ 2023 ക്യാമ്പയിനിന്റെ ലക്ഷ്യം.

20 രൂപയുടെ പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന അപകട ഇന്‍ഷുറന്‍സ് കൂടാതെ 436 രൂപ വാര്‍ഷികപ്രീമിയത്തില്‍ 2 ലക്ഷം രൂപയുടെ ലൈഫ് ഇന്‍ഷുറന്‍സ് വാഗ്ദാനം ചെയ്യുന്ന പ്രധാന്‍ മന്ത്രി ജീവന്‍ ജ്യോതി ബീമാ യോജനയും സുരക്ഷ 2023 ല്‍ ഉള്‍പ്പെടുന്നുണ്ട്. നബാര്‍ഡ് ജില്ലാ ഓഫീസര്‍ വി. ജിഷ വി, ലീഡ് ബാങ്ക് ഓഫീസര്‍ കൃഷ്ണദാസന്‍, വാര്‍ഡ് മെമ്പര്‍മാര്‍, വാര്‍ഡ് കൗണ്‍സിലര്‍മാര്‍, സി ഡി സ് ചെയര്‍പേഴ്സണ്‍മാര്‍, സാമ്പത്തിക സാക്ഷരതാ കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.