വിദ്യാർത്ഥികൾക്കിടയിൽ കലാവസ്ഥയെക്കുറിച്ചുള്ള അവബോധം ഉണ്ടാക്കുന്നതിന്റെ അനിവാര്യത ഏറ്റവും ഉയർന്നു നിൽക്കുന്ന കാലഘട്ടത്തിലാണ് നാം ഇപ്പോൾ ഉള്ളതെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ. തിരുവനന്തപുരത്ത് നടക്കുന്ന ‘ദേശീയ വിദ്യാർത്ഥി കാലാവസ്ഥാ സമ്മേളനം 2023’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കാലാവസ്ഥാ വ്യതിയാനം, ആഗോളതാപനം, പ്രകൃതി ദുരന്തരങ്ങൾ എന്നിവ ആഗോള പ്രശ്‌നങ്ങളായി ലോകം മുഴുവൻ ചർച്ച ചെയ്യുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. പാരിസ്ഥിതികാവബോധം സൃഷ്ടിക്കാനും കാലാവസ്ഥാ പ്രശ്‌നങ്ങളെപ്പറ്റിയുള്ള സമഗ്രധാരണ വളർത്താനുമുള്ള യത്‌നങ്ങളുടെ ഭാഗമാണ് സമ്മേളനമെന്ന് മന്ത്രി പറഞ്ഞു.
പ്രകൃതിയിലെ മനുഷ്യന്റെ വലിയതോതിലുള്ള ഇടപെടൽ പാരിസ്ഥിതികമായ ഒരു ദുരന്തത്തിന്റെ മുഖത്താണ് ഇന്ന് ലോകത്തെ എത്തിച്ചിട്ടുള്ളത്. അതിൽ പ്രധാനമാണ് കാലാവസ്ഥാദുരന്തം. കാലാവസ്ഥാവ്യതിയാനം ലോകത്തിന്റെ എല്ലാ ഭാഗങ്ങളെയും ബാധിക്കുന്നു. നമ്മുടെ കേരളവും ഇന്ത്യയും ഇതിന്റെ ആഘാതം അറിഞ്ഞിട്ടുള്ളതാണെന്ന് മന്ത്രി പറഞ്ഞു.
ദരിദ്രരും ദുർബ്ബലരുമാണ് പ്രകൃതിദുരന്തങ്ങളുടെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും ആദ്യത്തെ ഇര. ഇത്തരം കാര്യങ്ങളെപ്പറ്റി വ്യാപകമായ ബോധവത്കരണം ആവശ്യമാണ്. പുതിയ തലമുറ ഇതേക്കുറിച്ച് ധാരണയുള്ളവരാകണം. ഈ വിഷയങ്ങളെ ഫലപ്രദമായി അഭിസംബോധന ചെയ്യാൻ ദേശീയ വിദ്യാർത്ഥി കാലാവസ്ഥാ സമ്മേളനത്തിന് കഴിയട്ടെ എന്നും മന്ത്രി പറഞ്ഞു.
പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, സമഗ്ര ശിക്ഷാ കേരള, സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ സുപ്രിയ എ. ആർ.,കൈറ്റ് സി.ഇ.ഒ അൻവർ സാദത്ത്, സീമാറ്റ് ഡയറക്ടർ ഡോ. സുനിൽ വി.ടി, സിഐഇടി ഡയറക്ടർ ബി. ബാബുരാജ്, യുണിസെഫ് സോഷ്യൽ പോളിസി സെപ്ഷ്യലിസ്റ്റ് അഖില രാധാകൃഷ്ണൻ എന്നിവർ സംബന്ധിച്ചു.
മലപ്പുറം തിരൂർ ഗവ. ബോയ്‌സ് എച്ച്.എസ്.എസ്. ഫാത്തിമ ഫർഹാന വിദ്യാർഥി പ്രതിനിധിയായി പങ്കെടുത്തു. കേരളത്തിലെ വിവിധ സ്‌കൂളുകളിൽ ഹയർസെക്കണ്ടറി വിഭാഗത്തിൽ പഠിക്കുന്ന 300 വിദ്യാർത്ഥികളാണ് സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയിരിക്കുന്നത്. ഹരിയാന,ഛത്തീസ്ഗഢ് തുടങ്ങി ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർഥികളും സമ്മേളനത്തിന്റെ ഭാഗമാണ്. ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിൽ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനം 18ന് സമാപിക്കും. സമാപന സമ്മേളനം പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും.