ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങള്‍, ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവയുമായി സഹകരിച്ച് ഹയര്‍ സെക്കന്‍ഡറി വിഭാഗം അധ്യാപകരുടെ സേവനകാല വിദ്യാഭ്യാസത്തിനുള്ള പദ്ധതി ആവിഷ്‌കരിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച പഠനാനുഭവങ്ങള്‍ ഒരുക്കി ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം ശക്തിപ്പെടുത്താന്‍ അധ്യാപകരെ സജ്ജരാക്കുകയാണ് ലക്ഷ്യം. ശില്പശാലാ മാതൃകയില്‍ മുഴുവന്‍ സമയപങ്കാളിത്തത്തോടെയുള്ള റസിഡന്‍ഷ്യല്‍ കോഴ്‌സായാണ് ക്രമീകരിച്ചിരിക്കുന്നത്. പത്തു ദിവസം നീണ്ടു നില്‍ക്കുന്ന ടീച്ചര്‍ ട്രാന്‍സ്ഫര്‍മേഷന്‍ പ്രോഗ്രാമില്‍ ഗവേഷണ പരിപാടികള്‍, അതിഥി പ്രഭാഷണങ്ങള്‍, ചര്‍ച്ചകള്‍, സംവാദങ്ങള്‍, ലാബ് ലൈബ്രറി പ്രവര്‍ത്തനങ്ങള്‍, ഫീല്‍ഡ് ട്രിപ്പ്, കലാസ്വാദനവേളകള്‍, അവതരണങ്ങള്‍, വിവിധ വൈദഗ്ധ്യമേഖലകളിലുള്ള പരിശീലനങ്ങള്‍ തുടങ്ങിയവയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.
കേരളത്തിലെ മികച്ച ബിരുദാനന്തരബിരുദ പഠനസൗകര്യമുള്ള കോളേജുകളാണ് പഠനകേന്ദ്രങ്ങളായി തിരഞ്ഞെടുത്തിട്ടുള്ളത്. ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളിലെ ലൈബ്രറി, ലാബ്, മള്‍ക്കീമീഡിയാ സൗകര്യങ്ങളും ഗവേഷണ സ്ഥാപനം എന്ന നിലയിലുള്ള മികവുകളും പ്രയോജനപ്പെടുത്താം. നിശ്ചിത കാലയളവിനുള്ളില്‍ മുഴുവന്‍ അധ്യാപരും കോഴ്‌സ് പൂര്‍ത്തീകരിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന നാല്‍പ്പതു പേര്‍ക്കാണ് ഒരു കേന്ദ്രത്തിലെ ഒരു വിഷയത്തിന് പ്രവേശനം നല്‍കുക. ഒരു വിഷയത്തിന് രണ്ടു കേന്ദ്രങ്ങള്‍ വീതം ഒരുക്കിയിട്ടുണ്ട്. മലയാളം, ഇംഗ്ലീഷ്, മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഹിസ്റ്ററി, ഇക്കണോമിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്, കൊമേഴ്‌സ് എന്നീ വിഷയങ്ങള്‍ക്കാണ് ഈ വര്‍ഷം കോഴ്‌സ് സംഘടിപ്പിക്കുന്നത്. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് തുടര്‍ന്നുള്ള സേവനകാലയളവില്‍ വിവിധ അക്കാഡമിക ആവശ്യങ്ങള്‍ക്ക് പ്രയോജനപ്പെടുത്താവുന്ന കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് നല്‍കും. തിരഞ്ഞെടുക്കപ്പെടുന്ന അധ്യാപകര്‍ക്ക് യാത്രാബത്ത, ദിനബത്ത എന്നിവയും താമസവും ഭക്ഷണവും നല്‍കും. കോളേജിലെ ലാബ്, ലൈബ്രറി തുടങ്ങിയ വിപുലമായ സൗകര്യങ്ങള്‍ക്കു പുറമേ ലഘുയാത്രകള്‍ നടത്തി പഠനം നടത്തുന്നതിനുള്ള സൗകര്യവും ഉണ്ട്. അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, ഗവേഷകര്‍, സാങ്കേതിക വിദഗ്ധര്‍ തുടങ്ങിയവരുമായി സംവാദങ്ങളില്‍ ഏര്‍പ്പെടാനുള്ള അവസരങ്ങള്‍ സവിശേഷതയാണ്. ഈ വര്‍ഷത്തെ കോഴ്‌സിന് അപേക്ഷിക്കാനുള്ള അവസാന തിയതി ഒക്‌ടോബര്‍ 20. നവംബര്‍ 16 മുതല്‍ രണ്ടുഘട്ടങ്ങളിലായി നടക്കുന്ന കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാം.
അപേക്ഷകര്‍  www.hscap.kerala.gov.in എന്ന വെബ്‌സൈറ്റിന്റെ ഹോം പേജിലെ HSSTTP എന്ന ടാബില്‍ ക്ലിക്ക് ചെയ്ത് ഓണ്‍ലൈന്‍ അപേക്ഷകള്‍ പ്രിന്‍സിപ്പലിനു സമര്‍പ്പിക്കുകയും പ്രിന്‍സിപ്പല്‍ ഒക്‌ടോബര്‍ 20ന് വൈകിട്ട് അഞ്ചിന് മുമ്പ് ഡയറക്ടറേറ്റിലേക്ക് ഫോര്‍വേഡ് ചെയ്യുകയും വേണം.