ജൂനിയര്‍ വിഭാഗം പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ ഫൈനല്‍ മത്സരത്തോടെ കുന്നംകുളത്ത് സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ ട്രാക്ക് ഉണര്‍ന്നു. കണ്ണൂര്‍ ജി.വി.എച്ച്.എസ്.എസിലെ വിദ്യാര്‍ത്ഥിനി ഗോപികാ ഗോപിയാണ് മേളയിലെ ആദ്യ സ്വര്‍ണ്ണം നേടിയത്. 11.01.81 സമയത്താണ് ഗോപിക ഓടിയെത്തിയത്. കോഴിക്കോട് ഉഷാ സ്‌കൂള്‍ ഓഫ് അത്ലറ്റിക്‌സിലെ വിദ്യാര്‍ത്ഥിനി അശ്വിനി ആര്‍ നായര്‍ വെള്ളി നേടി. ആദ്യ ദിനത്തില്‍ 21 ഇനങ്ങളുടെ ഫൈനല്‍ മത്സരങ്ങളാണ് നടന്നത്. രാവിലെ 9 മണിക്ക് പൊതു വിദ്യാഭാസ ഡയറക്ടര്‍ എസ് ഷാനവാസ് 65-ാമത് സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിന്റെ പതാക ഉയര്‍ത്തി. തുടര്‍ന്ന് 14 ജില്ലകളുടെയും പതാക ട്രാക്കിലുയര്‍ന്നു.

പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍ കുട്ടി കായിക മേളയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഉദ്ഘാടത്തോടനുബന്ധിച്ച് വിവിധ ജില്ലകളില്‍ നിന്നുള്ള എന്‍സിസി, എസ്പിസി, വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച് പാസ്റ്റ്, ബാന്റ് മേളം എന്നിവയും നടന്നു. തുടര്‍ന്ന് എ സി മൊയ്തീന്‍ എംഎല്‍എ യില്‍ നിന്ന് സംസ്ഥാന കായിക താരങ്ങളും അവരില്‍ നിന്ന് ഒളിമ്പ്യന്‍ ലിജോ ഡേവിഡ് തൊട്ടാനവും ദീപശിഖ ഏറ്റുവാങ്ങി. പത്മശ്രീ ഒളിമ്പ്യന്‍ പി ആര്‍ ശ്രീജേഷ് ദീപം മത്സര മൈതാനിയില്‍ തെളിയച്ചതോടെ 65-ാം സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ ജ്വാല ഉയര്‍ന്നു. ഏഷ്യാഡ് മെഡല്‍ ജേതാക്കളെ ആദരിച്ച് 107 നിറത്തിലുള്ള ബലൂണുകള്‍ പറത്തി. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ നയന-ശ്രവ്യ മനോഹരമായ കലാപരിപാടികള്‍ അരങ്ങേറി.