കൊയിലാണ്ടി മണ്ഡലത്തിൽ നവകേരള സദസ്സ് നവംബർ 25 ന്


നവകേരള നിർമിതിയുടെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന കൊയിലാണ്ടി മണ്ഡലതല നവകേരള സദസ്സ് നവംബർ 25 ന് രാവിലെ 11 മണിക്ക് കൊയിലാണ്ടി സ്പോട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ നടക്കും. ഇതിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. കൊയിലാണ്ടി നഗരസഭ ഇ എം എസ് ടൗൺഹാളിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം പി ടി എ റഹീം എം എൽ എ ഉദ്ഘാടനം ചെയ്തു.

കാനത്തിൽ ജമീല എം എൽ എ ചെയർ പേഴ്സണായും സഹകരണ ഭവൻ ഡെപ്യൂട്ടി രജിസ്ട്രാർ എൻ എം ഷീജ കൺവീനറുമായുള്ള 1001 അംഗ സംഘാടക സമിതിക്കാണ് രൂപം നൽകിയത്. കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ കെ പി സുധ, പയ്യോളി നഗരസഭ ചെയർമാൻ വി കെ അബ്ദുറഹ്മാൻ, മുൻ എംഎൽഎമാരായ കെ ദാസൻ, പി വിശ്വൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ പി ബാബുരാജ്, സുരേഷ് ചങ്ങാടത്ത്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സതി കിഴക്കയിൽ, ഷീബ മലയിൽ, സി കെ ശ്രീകുമാർ ജമീല സമദ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എംപി ശിവാനന്ദൻ, സിന്ധു സുരേഷ്, ദുൽക്കിഫിൽ, ചരിത്രകാരൻ എം ആർ രാഘവ വാര്യർ, ഫോക് ലോർ അക്കാദമി വൈസ് ചെയർമാൻ കോയ കാപ്പാട്, കൊയിലാണ്ടി നഗരസഭാ വൈസ് ചെയർമാൻ അഡ്വ. കെ സത്യൻ, പയ്യോളി നഗരസഭ കൗൺസിലർ ടി ചന്തു മാസ്റ്റർ, കൊയിലാണ്ടി നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ കെ അജിത്ത്, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെടിഎം കോയ, കോഴിക്കോട് സർവ്വകലാശാല സിൻഡിക്കേറ്റ് മെമ്പർ അഡ്വ. എൽ ജി ലിജീഷ്, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ എന്നിവർ വൈസ് ചെയർമാൻമാരാണ്. ഇതോടൊപ്പം ഉപസമിതികളും രൂപീകരിച്ചു.

കാനത്തിൽ ജമീല എം എൽ എ അധ്യക്ഷത വഹിച്ചു. നോഡൽ ഓഫീസറും സഹകരണ ഭവൻ ഡെപ്യൂട്ടി രജിസ്ട്രാർ എൻ എം ഷീജ പദ്ധതി വിശദീകരണവും സംഘാടക സമിതി പാനൽ അവതരണവും നടത്തി. ചടങ്ങിൽ കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ കെ പി സുധ സ്വാഗതവും തഹസിൽദാർ സി.പി മണി നന്ദിയും പറഞ്ഞു. യോഗത്തിൽ മറ്റു ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, സിഡിഎസ് അംഗങ്ങൾ, അങ്കണവാടി ജീവനക്കാർ എന്നിവർ പങ്കെടുത്തു.