ഭരണസംവിധാനത്തെ ജനകീയ വത്കരിക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നിയമസഭാ മണ്ഡലങ്ങളിലൂടെ നടത്തുന്ന പര്യടനം വിജയിപ്പിക്കാന്‍ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും പൊതുജനങ്ങളുടെയും കൂട്ടായ പ്രവര്‍ത്തനം അത്യാവശ്യമാണെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍. എം എല്‍ എ മാരുടെ യോഗത്തിന് ശേഷം കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു മന്ത്രി.നവംബര്‍ 18ന് കാസര്‍കോഡ് മഞ്ചേശ്വരത്തു നിന്നും ആരംഭിക്കുന്ന മുഖ്യമന്ത്രിയുടെ പര്യടനം ഡിസംബര്‍ 18,19,20 തീയതികളിലാണ് കൊല്ലം ജില്ലയില്‍ എത്തുക. ജില്ലയിലെ പരിപാടിയുടെ നടത്തിപ്പിന്റെ നേതൃത്വം ജില്ലാ കലക്ടര്‍ക്കായിരിക്കും. ഇതിന് മുന്നോടിയായി അതത് മണ്ഡലത്തിലെ എം എല്‍ എമാരുടെ നേതൃത്വത്തില്‍ ഈ മാസം തന്നെ സംഘാടക സമിതി രൂപീകരിക്കണം. പരിപാടി വിജയിപ്പിക്കുന്നതിനായി തൊഴിലാളികളും കൃഷിക്കാരും വിദ്യാര്‍ഥികളും മഹിളകളും യുവാക്കളും മുതിര്‍ന്ന പൗരന്‍മാരും അടങ്ങുന്ന ബഹുജന സദസ്സുകള്‍ ആസൂത്രണം ചെയ്യണം.
ഇതിന് മുന്നോടിയായി ജനകീയ കൂട്ടായ്മയിലൂടെ വേദികളുടെയും മറ്റിതര പരിപാടികളുടെയും നടത്തിപ്പ് സംബന്ധിച്ച് രൂപരേഖ തയ്യാറാക്കണമെന്നും പരിപാടിയിലെ ജനപങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനായി വീട്ടുമുറ്റ സദസ്സുകള്‍ സംഘടിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.നാല് മണ്ഡലങ്ങള്‍ വരെ ഒരു ദിവസം പൂര്‍ത്തിയാക്കുന്ന തരത്തിലായിരിക്കും മുഖ്യമന്ത്രിയുടെ പര്യടനം ക്രമീകരിക്കുക. രാവിലെ ഒന്‍പത് മണിയോടെ പ്രഭാതയോഗത്തില്‍ വിവിധ തുറയിലുള്ള ജനങ്ങളുമായി മുഖ്യമന്ത്രി സംവദിക്കും. തുടര്‍ന്ന് ഓരോ മണ്ഡലത്തിലും പൊതുജനസദസ്സിനെ മുഖ്യമന്ത്രി അഭിസംബോധന ചെയ്യും. പരിപാടി സ്ഥലത്ത് ജനങ്ങളുടെ പരാതികള്‍ സ്വീകരിക്കാന്‍ പ്രത്യേക സംവിധാനം ഒരുക്കും. ഡിസംബര്‍ 18 ന് രാവിലെ 11 ന് പത്തനാപുരം, 3 ന് പുനലൂര്‍, 4.30 ന് കൊട്ടാരക്കര, 6 ന് കുന്നത്തൂര്‍ മണ്ഡലങ്ങളിലും 19 ന് രാവിലെ 11 ന് കരുനാഗപ്പള്ളി, 3 ന് ചവറ, 4.30 ന് കുണ്ടറ, 6 ന് കൊല്ലം മണ്ഡലങ്ങളിലും 20 ന് രാവിലെ 11 ന് ചടയമംഗലം, 3 ന് ഇരവിപുരം, 4.30 ന് ചാത്തന്നൂര്‍ മണ്ഡലങ്ങളില്‍ പര്യടനം നടത്തുമെന്നും മന്ത്രി പറഞ്ഞു.യോഗത്തില്‍ മന്ത്രി ജെ ചിഞ്ചുറാണി, എം എല്‍ എമാരായ എം നൗഷാദ്, പി എസ് സുപാല്‍, ജി എസ് ജയലാല്‍, ജില്ലാ കലക്ടര്‍ അഫ്സാന പര്‍വീണ്‍, സബ് കലക്ടര്‍ മുകുന്ദ് ഠാക്കൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.