* നാലാം തവണയും സംസ്ഥാന സർക്കാരിന്റെ ആരോഗ്യ പുരസ്‌കാരം
കിളിമാനൂർ ഗ്രാമപഞ്ചായത്തിനു തുടർച്ചയായി നാലാം തവണയും സംസ്ഥാന സർക്കാരിന്റെ ആരോഗ്യ പുരസ്‌കാരം. ആരോഗ്യരംഗത്ത് പഞ്ചായത്ത് നടപ്പാക്കുന്ന മാതൃകാപരമായ പ്രവർത്തനങ്ങളെ മുൻനിർത്തിയാണ് തുടർച്ചയായി നാലാം തവണയും പരുസ്‌ക്കാരമെത്തിയത്. ആരോഗ്യരംഗത്തെ പ്രാഥമിക മുൻകരുതലുകൾ മുതൽ രോഗപ്രതിരോധ നടപടികൾ വരെ ചിട്ടയോടെ നടപ്പാക്കുന്ന പഞ്ചായത്തിന്റെ പ്രവർത്തനങ്ങൾ വേറിട്ടതാണ്. വിവിധ വാർഡുകളിലായി 16 പാലിയേറ്റീവ് ഹോം കെയറുകൾ പഞ്ചായത്തിൽ പ്രവർത്തിക്കുന്നു. ഇവിടെ കഴിയുന്ന 87 രോഗികൾക്കും മരുന്നുകളും ഭക്ഷണവും വസ്ത്രങ്ങളും മറ്റ് അവശ്യ സാധനങ്ങളും അധികൃതർ യഥാസമയം എത്തിക്കുന്നു. വർഷത്തിൽ രണ്ട് തവണ ഇവർക്കായി കുടുംബസംഗമവും വിളിച്ചു ചേർക്കുന്നുണ്ട്.
2018-19 സാമ്പത്തിക വർഷത്തിൽ 50 ശതമാനത്തിലധികം ധനവിനിയോഗം നടത്തി പദ്ധതികൾ പൂർത്തിയാക്കിയ കിളിമാനൂർ പഞ്ചായത്ത് മേഖലയിൽ ജില്ലയിൽ അഞ്ചാം സ്ഥാനത്തെത്തി. ഡിസംബറോടു കൂടി നൂറുശതമാനം പദ്ധതി നിർമാണം നടത്താനാണ് ലക്ഷ്യമിടുന്നത്. അടുത്തവർഷത്തേക്കുള്ള പദ്ധതികൾക്കും തുടക്കമായി.
പഞ്ചായത്തിലെ ഭവനരഹിതരായ 117 പേരെ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി വീട് നിർമ്മാണത്തിനുള്ള തുടക്കം കുറിച്ചു. ഇതിൽ 100 പേർക്ക് ആദ്യഗഡു വിതരണം ചെയ്തു. കൂടാതെ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന 18 അങ്കണവാടികളിലും ശിശുസൗഹൃദ ശൗചാലയങ്ങൾ നിർമിക്കും. പുതുതായി അഞ്ച് അങ്കണവാടികൾ നിർമിക്കാൻ സ്ഥലവും കണ്ടെത്തിക്കഴിഞ്ഞു.