കേരളത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഊര്‍ജ്ജസ്വലമായി പ്രവര്‍ത്തിക്കുന്നുവെന്നും അത് മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണന്നും കേരളനിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു.പന്തളം ബ്ലോക്ക് പഞ്ചായത്തുതല റിസോഴ്‌സ് സെന്റര്‍  ഉദ്ഘാടനം കുളനടയില്‍ നിര്‍വഹിച്ചു സംസാരിക്കുയായിരുന്നു അദ്ദേഹം.

        ജനകീയ ആസൂത്രണ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ ഒട്ടാകെ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ബ്ലോക്ക് പഞ്ചായത്ത് റിസോഴ്‌സ് സെന്റര്‍ ഉദ്ഘാടനം ചെയ്തത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കാര്യശേഷി വികസനമാണ്  റിസോഴ്‌സ് സെന്റര്‍ ലക്ഷ്യമാക്കുന്നത്. കിലയുടെ നേതൃത്വത്തില്‍ കേന്ദ്രാവിഷ്‌കൃത പദ്ധതിയായ രാഷ്ട്രീയ ഗാം സ്വരാജ് അഭയാനിന്റെ ഭാഗമായി ബ്ലോക്ക് പഞ്ചായത്തു തലത്തിലാണ് റിസോഴ്‌സ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്.

എംപ്ലോബിലിറ്റി സെന്റര്‍, ബ്ലോക്ക് ഇന്‍ഫര്‍മേഷന്‍ സെന്റര്‍, തൊഴില്‍സഭ ഏകോപനവും തുടര്‍ പ്രവര്‍ത്തനങ്ങളും, പരിശീലന സംവിധാനം, ബ്ലോക്ക്തല പി എം യു എന്നിവയെല്ലാം ബ്ലോക്ക് പഞ്ചായത്ത് റിസോഴ്‌സ് സെന്ററിന്റെ ഭാഗമാണ്.പന്തളം ബ്ലോക്ക് വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി എം മധു അധ്യക്ഷനായിരുന്നു.
കില ജില്ലാതല ഫെസിലിറ്റേറ്റര്‍ എ ആര്‍ അജീഷ് കുമാര്‍, പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.രാജേന്ദ്രപ്രസാദ്, തുമ്പമണ്‍ ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് തോമസ് വര്‍ഗീസ്, അനീഷ്‌മോന്‍, രജിത കുഞ്ഞുമോന്‍, സന്തോഷ്‌കുമാര്‍, ജൂലി ദിലീപ്, സനല്‍, പി എന്‍ സുരേഷ്‌കുമാര്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.