നിയമസഭാ യുവജനക്ഷേമ യുവജനകാര്യ സമിതി സിറ്റിങ്ങില്‍ ലഭിച്ച പരാതികളില്‍ ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്ന് റിപ്പോര്‍ട്ട് ലഭ്യമാക്കി പരിഹാരമുണ്ടാക്കുമെന്ന് എ.പി.ജെ. അബ്ദുള്‍ കലാം ഹാളില്‍ ചേര്‍ന്ന നിയമസഭാ സമിതി സിറ്റിങ്ങില്‍ ചെയര്‍മാന്‍ കെ.വി.സുമേഷ് എം.എല്‍.എ. പറഞ്ഞു. ജില്ലയിലെ യുവാക്കളെയും വിദ്യാര്‍ത്ഥികളെയും ഉദ്യോഗാര്‍ത്ഥികളെയും ബാധിക്കുന്ന നാല്‍പ്പതോളം പരാതികളാണ് സിറ്റിങ്ങില്‍ ലഭിച്ചത്. ഓരോ പരാതികളും വിശദമായി പരിശോധിച്ച് പരിഹാരം കാണാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കുമെന്നും ചെയര്‍മാന്‍ പറഞ്ഞു.

നിര്‍മ്മിത ബുദ്ധിയുടെയും സാങ്കേതിക രംഗത്തെ വേഗതയാര്‍ന്ന മാറ്റങ്ങളുടെയും സാഹചര്യത്തില്‍ വിദ്യാഭ്യാസം, കരിക്കുലം, ഭാവിയിലെ തൊഴിലവസരങ്ങള്‍, തൊഴില്‍ മേഖലയിലെ പ്രശ്നങ്ങള്‍ എന്നിവ ദീര്‍ഘ വീക്ഷണത്തോടെ കൈകാര്യം ചെയ്യുന്നതിനാവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ യുവാക്കളില്‍ നിന്നും യുവജന സന്നദ്ധ സംഘടനകളില്‍ നിന്നും സ്വീകരിക്കുക, കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് നടപ്പിലാക്കുന്ന വിവിധ ക്ഷേമപദ്ധതികളുടെ പ്രവര്‍ത്തനം വിലയിരുത്തുക, വ്യക്തികളില്‍ നിന്നും സംഘടനകളില്‍ നിന്നും സമിതിക്ക് ലഭിക്കുന്ന പരാതികളും നിര്‍ദ്ദേശങ്ങളും പരിശോധിച്ച് പരിഹാര മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുക, കേന്ദ്രാവിഷ്‌കൃത യുവജനക്ഷേമ പദ്ധതികളുടെ നടത്തിപ്പിന് നേതൃത്വം നല്‍കുക, യുവജനക്ഷേമ പദ്ധതികള്‍ക്കായി അനുവദിക്കുന്ന സര്‍ക്കാര്‍ ഫണ്ട് ശരിയായി വിനിയോഗിക്കുന്നുവെന്ന് ഉറപ്പുവരുത്തുക, യുവജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായുള്ള സ്വയംതൊഴില്‍ പരിശീലന പദ്ധതികള്‍, സമ്പൂര്‍ണ്ണ ശുചിത്വ പദ്ധതികള്‍, നാഷണല്‍ ഹെല്‍ത്ത് മിഷന്‍, കായിക സാംസ്‌കാരിക പദ്ധതികള്‍, വിനോദസഞ്ചാര പദ്ധതികള്‍, പൊതുവിദ്യാഭ്യാസ പദ്ധതികള്‍ എന്നിവയില്‍ യുവജനപങ്കാളിത്തം മെച്ചപ്പെടുത്തുവാന്‍ നേതൃത്വം നല്‍കുക, യുവജനങ്ങളെയും യുവജനക്ഷേമത്തെയും സംബന്ധിച്ച് സഭയില്‍ ഉയര്‍ന്നുവരുന്ന പ്രശ്നങ്ങള്‍ പരിശോധിക്കുക, സഭയോ, സ്പീക്കറോ പ്രത്യേകം റഫര്‍ ചെയ്യുന്ന വിഷയങ്ങളും സമിതിക്ക് ഉചിതമെന്ന് തോന്നുന്ന വിഷയങ്ങളും ഹര്‍ജിയായി പരിഗണിച്ച് നടപടി സ്വീകരിക്കുക തുടങ്ങിയവയാണ് യുവജനക്ഷേമവും യുവജനകാര്യവും സംബന്ധിച്ച സമിതിയുടെ കര്‍ത്തവ്യങ്ങളെന്ന് ചെയര്‍മാന്‍ പറഞ്ഞു.

മാനേജ്മെന്റ് സ്‌കൂളില്‍ സീനിയറായ വ്യക്തിക്ക് നിയമനം നല്‍കാതെ ജൂനിയറായ വ്യക്തിക്ക് നിയമനം നല്‍കി സ്ഥിരപ്പെടുത്താനുള്ള ശ്രമമുണ്ടെന്ന പരാതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദ്യാഭ്യാസ വകുപ്പിന് നിര്‍ദ്ദേശം നല്‍കി. ഡെപ്യൂട്ടേഷനിലുള്ള 89 ഡയറ്റ് ലക്ചറര്‍മാരെ സ്ഥിരപ്പെടുത്തുന്നതിലൂടെ അഭ്യസ്ഥവിദ്യരായ യുവാക്കളുടെ അവസരം നഷ്ടപ്പെടുത്തുമെന്ന ഉദ്യോഗാര്‍ത്ഥികളുടെ പരാതി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തും. അസിസ്റ്റന്റ് സെയില്‍സ്മാന്‍ തസ്തികയിലെ നിയമനവുമായി ബന്ധപ്പെട്ട പരാതിയില്‍ പരിഹാരം കാണും. ജില്ലയിലെ വിവിധ വകുപ്പുകള്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ കാലതാമസവും വീഴ്ചയും വരുത്തുന്നതായി ഉദ്യോഗാര്‍ത്ഥികള്‍ പരാതിപ്പെട്ടു. വിജ്ഞാപനം നടത്തിയ ശേഷം ഒരു തസ്തികയിലേക്കുള്ള യോഗ്യത മാറ്റുന്നത് ഉദ്യോഗാര്‍ത്ഥികളെ പ്രതികൂലമായി ബാധിക്കും.

ജില്ലയിലെ ഗതാഗതവുമായി ബന്ധപ്പെട്ട പരാതി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തും. ദേശീയ തലത്തില്‍ നടത്തുന്ന പ്രവേശന-യോഗ്യത നിര്‍ണ്ണയ പരീക്ഷകള്‍ക്ക് ജില്ലയില്‍ പരീക്ഷാ കേന്ദ്രം അനുവദിക്കണമെന്ന ആവശ്യം ബന്ധപ്പെട്ട ഏജന്‍സികളുടെ ശ്രദ്ധയില്‍പ്പെടുത്തും.
വിദ്യാര്‍ത്ഥികള്‍ക്കും യുവജനങ്ങള്‍ക്കുമിടയില്‍ വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗം തടയുന്നതിന് നിയമം ശക്തിപ്പെടുത്താന്‍ നിര്‍ദ്ദേശം നല്‍കും. ഹാന്‍സ്, പാന്‍പരാഗ് തുടങ്ങിയ ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങളില്‍ നിന്ന് 200 രൂപ മാത്രമെ നിലവില്‍ പിഴ ഈടാക്കാന്‍ സാധിക്കുകയുള്ളു. ഇത് ഇവയുടെ വില്‍പനയും ഉപയോഗവും തടയാന്‍ പര്യാപ്തമല്ല.

ഇത്തരം സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുന്നതിനുള്ള അധികാരം നല്‍കണമെന്ന എക്സൈസ് വകുപ്പിന്റെ നിര്‍ദ്ദേശം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തും. തമിഴ്നാട്, കര്‍ണ്ണാടക സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലയായതിനാല്‍ ഈ സംസ്ഥാനങ്ങളില്‍ നിന്നുള്ള സിന്തറ്റിക് മയക്കുമരുന്നുകളുടെ കടത്ത് തടയുന്നതിന് അതിര്‍ത്തി പ്രദേശങ്ങളില്‍ പരിശോധനയും നിരീക്ഷണവും ശക്തമാക്കിയതായി എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു. ജില്ലയില്‍ മയക്കുമരുന്ന് വില്‍പ്പനയും ഉപഭോഗവും നടക്കുന്ന 36 ഹോട്ട്സ്പോട്ടുകളുള്ളതായി എക്സൈസ് വകുപ്പ് അറിയിച്ചു. ബോധവത്കരണത്തിന് പരമ്പരാഗത രീതികള്‍ പര്യാപ്തമല്ലെന്നും ആധുനിക രീതിയിലുള്ള ബോധവത്കരണ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുകയും ഡീ അഡിക്ഷന്‍ കേന്ദ്രങ്ങള്‍ സ്ഥാപിക്കുകയും വേണമെന്ന് സമിതി മുമ്പാകെ യുവജന സംഘടനകള്‍ ആവശ്യം ഉന്നയിച്ചു. കലാ-കായിക രംഗങ്ങളിലും സന്നദ്ധ സേവന മേഖലകളിലുമായി യുവ ജനങ്ങളെ കര്‍മ്മനിരതരാക്കുന്നതിലൂടെ ലഹരി ഉപഭോഗം ഒരു പരിധി വരെ കുറയ്ക്കാന്‍ കഴിയും.
ജില്ലയില്‍ സമിതി സിറ്റിങ് നല്ലനിലയില്‍ നടത്താന്‍ മുന്‍കൈയെടുത്ത ജില്ലാ കളക്ടര്‍ ഡോ.രേണു രാജിനെയും ജില്ലാ ഭരണകൂടത്തെയും വിവിധ വകുപ്പുകളെയും യുവജന സംഘടനകളെയും നിയമസഭാ സമിതി അഭിനന്ദിച്ചു. എം.എല്‍.എ.മാരായ എം.എസ്. അരുണ്‍കുമാര്‍, മുഹമ്മദ് മുഹസിന്‍, നജീബ് കാന്തപുരം, കെ.എം.സച്ചിന്‍ദേവ്, എം.വിജിന്‍ എന്നിവര്‍ സിറ്റിങ്ങില്‍ പരാതി സ്വീകരിച്ചു. ജില്ലാ കളക്ടര്‍ ഡോ.രേണുരാജ്, എ.ഡി.എം. എന്‍.ഐ.ഷാജു, യുവജന കമ്മീഷന്‍ അംഗം കെ.റഫീഖ്, യുവജനക്ഷേമ ബോര്‍ഡ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.ജറീഷ്, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.