ബത്തേരി താലൂക്ക് ആശുപത്രിയില്‍ സജ്ജീകരിച്ചിട്ടുള്ള സൗകര്യങ്ങള്‍ പൂര്‍ണതോതില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു. സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ മന്ത്രി സന്ദര്‍ശനം നടത്തി. ഗോത്രമേഖലയിലെ ആളുകള്‍ കുടുതലായി എത്തുന്ന ആശുപത്രിയില്‍ പ്രത്യേക പരിഗണന നല്‍കണം. കഴിഞ്ഞ രണ്ട് വര്‍ഷമായി ആശുപത്രിയില്‍ ഓ.പി.ഡി ട്രാന്‍സ്ഫര്‍മേഷന്‍, നാല് ഓപ്പറേഷന്‍ തീയറ്ററുകള്‍, പീഡിയാട്രിക്ക് ഐ.സി.യു, പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണം, അതിലേക്കുള്ള മെഷിനുകള്‍ സജ്ജികരിക്കുകയാണെന്നും. മന്ത്രി പറഞ്ഞു.

ജില്ലയിലെ പ്രത്യേക സഹാചര്യം പരിഗണിച്ച് ആശുപത്രിയില്‍ കുടുതലായും അവധിയിലാവുന്ന ഡോക്ടര്‍ന്മാര്‍ക്ക് പകരം ജനറല്‍ ട്രാന്‍സ്ഫര്‍ നടത്തും. ആശുപത്രിയില്‍ തകരാറിലായിരിക്കുന്ന ഓക്സിജന്‍ പ്ലാന്റിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി. ആശുപത്രിക്ക് വരുമാനം ലഭിക്കുന്ന പേ വാര്‍ഡ് സംവിധാനം ബത്തേരിയില്‍ ഒരുക്കാന്‍ ഉള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ആര്‍ദ്രം ആരോഗ്യം പദ്ധതിയുടെ ഭാഗമായി ആരോഗ്യ വകുപ്പിന് കീഴിലുളള സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും നേരിട്ട് സന്ദര്‍ശനം നടത്തുന്നതിന്റെ ഭാഗമായാണ് ബത്തേരി താലൂക്ക് ആശുപത്രിയില്‍ മന്ത്രി സന്ദര്‍ശനം നടത്തിയത്.

ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാര്‍, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യകാര്യ സ്റ്റാന്റിഗ് കമ്മിറ്റി ചെയര്‍മാന്‍ അനീഷ് ബി നായര്‍, ആരോഗ്യ വകുപ്പ് അഡീഷ്ണല്‍ ഡയറക്ടര്‍ ഡോ.കെ.സക്കീന, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ കെ.ജെ റീന, ആര്‍ദ്രം നോഡല്‍ ഓഫീസര്‍ പി.എസ് സുഷമ, ഡി.എം.ഒ ഡോ. പി ദിനീഷ്, ഡി.പി.എം ഡോ സമീഹ സെയ്തലവി, താലൂക്ക് ആശുപത്രി സൂപ്രണ്ടന്റ് കെ.വി സിന്ധു, എച്ച്.എം.സി മെമ്പര്‍ പി ആര്‍ ജയപ്രകാശ്, ആരോഗ്യ പ്രവര്‍ത്തകര്‍, രാഷ്ട്രിയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.