ചെറുഗ്രാമങ്ങളിലേത് ഉള്‍പ്പടെ ചെറുപ്പക്കാര്‍ക്ക് അവസരങ്ങളുടെ വലിയനിര ഒരുക്കി ലക്ഷങ്ങള്‍ക്ക് തൊഴില്‍ ഉറപ്പാക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണ് സംസ്ഥാന സര്‍ക്കാരെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍, കുളക്കട അസാപ് സ്‌കില്‍ പാര്‍ക്ക് ക്യാമ്പസില്‍ ആഗോള അക്കൗണ്ടിങ് കമ്പനിയായ ജിആര്‍ 8 അഫിനിറ്റി സര്‍വീസസ് എല്‍എല്‍പിയുടെ പ്രാദേശിക കേന്ദ്രം നാടിന് സമര്‍പ്പിക്കുകയായിരുന്നു അദ്ദേഹം.

കൊമേഴ്സ് ബിരുദധാരികള്‍ക്ക് തൊഴില്‍സാധ്യതയുടെ വാതിലുകള്‍ തുറന്നാണ് കമ്പനി എത്തുന്നത്. അമേരിക്കയിലെ അക്കൗണ്ടിങ്‌മേഖലയിലേക്ക് എന്റോള്‍ഡ് ഏജന്റുമാരെ പരിശീലിപ്പിക്കുന്നത് അസാപ്പ് തുടങ്ങിയ പശ്ചാത്തലത്തില്‍ ഇവിടെ കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് കമ്പനി തൊഴിലവസരം ഒരുക്കും.
കുളക്കട അസാപ് സ്‌കില്‍പാര്‍ക്ക് സെന്ററില്‍ ആദ്യം പരിശീലനം ലഭിച്ച 25 പേര്‍ക്കും പ്ലെയിസ്മെന്റ് കിട്ടി. ഇവരില്‍ 18 പേരെയാണ് ജി ആര്‍ 8 ശാഖയിലേക്ക് തെരഞ്ഞെടുത്തത്. കമ്പനി എല്ലായിടത്തും നല്‍കുന്ന അതേശമ്പളവും ആനുകൂല്യങ്ങളും ഉറപ്പാക്കിയിട്ടുമുണ്ട്.

ഐ ടി അധിഷ്ഠിത തൊഴില്‍സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുകയാണിപ്പോള്‍. ആധുനിക സൗകര്യങ്ങള്‍ എല്ലായിടത്തും ആവശ്യാനുസരണം ഏര്‍പ്പെടുത്തുന്നു. വിപുലീകരണവും ആവശ്യകതയ്ക്ക് അനുസൃതമായി നടത്തും എന്നും അദ്ദേഹം പറഞ്ഞു.
അസാപ് സി എം ഡി ഡോ ഉഷ ടൈറ്റസ് അധ്യക്ഷയായി. കമ്പനിയുടെ സി ഇ ഒ ഫ്രാങ്ക് പാട്രി, ഡയറക്ടര്‍ അനീഷ് നങ്ങേലില്‍, എച്ച് ആര്‍ മേധാവി അനന്തേഷ് ബില്ലവ, ഡിജിറ്റല്‍ യൂണിവെഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ സജി ഗോപിനാഥ്, കേരള സ്റ്റാര്‍ട്ട് അപ് മിഷന്‍ സി ഇ ഒ അനൂപ് അംബിക, കുളക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ. സജിമോന്‍, മറ്റു ജനപ്രതിനിധികള്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വിവിധ സ്ഥാപനങ്ങളുമായുള്ള ധാരണാപത്രം മന്ത്രിക്ക് കൈമാറി.