സര്‍ക്കാര്‍ നടപ്പാക്കുന്ന സര്‍വതല സ്പര്‍ശിയായ വികസന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനങ്ങളിലേക്ക് എത്തേണ്ടതുണ്ടെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. ഡിസംബര്‍ 10, 11 ,12 തീയതികളില്‍ ജില്ലയില്‍ നടക്കുന്ന നവകേരള സദസിന് മുന്നോടിയായി മണ്ഡല അടിസ്ഥാനത്തിലുള്ള സംഘാടകസമിതി രൂപീകരണ യോഗം ചെറുതോണി ടൗണ്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മൂന്ന് ദിവസങ്ങളിലായി ജില്ലയിലെ 5 മണ്ഡലങ്ങളിലും മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ടെത്തി ജനങ്ങളുമായി സംവദിക്കും. ഡിസംബര്‍ 10 ന് തൊടുപുഴ , 11 ന് ഇടുക്കി , ദേവികുളം , ഉടുമ്പന്‍ചോല , 12 ന് പീരുമേട് മണ്ഡലങ്ങളില്‍ നവകേരള സദസ് നടക്കും.

യുവജനങ്ങള്‍, സ്ത്രീകള്‍, വിദ്യാര്‍ഥികള്‍, കര്‍ഷകര്‍, സാംസ്‌കാരിക നായകന്മാര്‍ തുടങ്ങി എല്ലാ വിഭാഗം ജനങ്ങളെയും ഒന്നിച്ച് അണിനിരത്തിയാണ് നവകേരള സദസ് സംഘടിപ്പിക്കുന്നത്. ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനും അതോടൊപ്പം ഇതുവരെ നടത്തിയിട്ടുള്ള വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയുമാണ് പരിപാടി നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. പൊതു ജനങ്ങളെ ബാധിക്കുന്ന എല്ലാ വിഷയങ്ങളിലും സര്‍ക്കാര്‍ ഇടപെടല്‍ നടത്തുന്നുണ്ട്.

മന്ത്രിമാരുടെ നേതൃത്വത്തില്‍ താലൂക്ക് തലത്തില്‍ നടത്തിയ അദാലത്തുകള്‍ വഴി നിരവധി പരാതികള്‍ പരിഹരിക്കാന്‍ കഴിഞ്ഞു. ഇത് എത്രമാത്രം നടപ്പാക്കി എന്ന് അറിയാന്‍ അവലോകന യോഗവും നടത്തി. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ എല്ലാ മന്ത്രിമാരെയും പങ്കെടുപ്പിച്ച് മേഖലാതല അവലോകന യോഗങ്ങളും വിജയകരമായി നടത്തി. ഓരോ മണ്ഡലത്തിലും നവകേരള സദസ്സുകള്‍ സംഘടിപ്പിക്കുമ്പോള്‍ വികസനനേട്ടങ്ങള്‍ കൃത്യമായി ചര്‍ച്ച ചെയ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു.

യോഗത്തില്‍ ജില്ലാകളക്ടര്‍ ഷീബാ ജോര്‍ജ് വിഷയാവതരണം നടത്തി. ഇടുക്കി മണ്ഡല സംഘാടക സമിതിയുടെ മുഖ്യരക്ഷാധികാരിയായി മന്ത്രി റോഷി അഗസ്റ്റിനും ഉപരക്ഷാധികാരിയായി അഡ്വ.ഡീന്‍ കുര്യാക്കോസ് എംപിയും ഉള്‍പ്പെടുന്ന ജനറല്‍ കമ്മിറ്റിയും രക്ഷാധികാരികളായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി ബിനു, ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്, എ.ഡി.എം ഷൈജു പി ജേക്കബ് ,ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി. വി വര്‍ഗീസ്, ഇടുക്കി തഹസില്‍ദാര്‍ ഡിക്സി ഫ്രാന്‍സിസ്, ഇടുക്കി എ.ഡി.സി ശ്രീലേഖ സി എന്നിവരെയും നിശ്ചയിച്ചു. വിവിധ കമ്മിറ്റികളുടെ ചെയര്‍മാന്മാരെയും അംഗങ്ങളെയും യോഗം തെരെഞ്ഞെടുത്തു. വരും ദിവസങ്ങളില്‍ പഞ്ചായത്ത് തലത്തില്‍ വാര്‍ഡ് മെമ്പര്‍മാരെ ഉള്‍കൊള്ളിച്ചുകൊണ്ട് പഞ്ചായത്ത് പ്രസിഡന്റുമാരുടെ അധ്യക്ഷതയില്‍ സംഘാടകസമിതി യോഗങ്ങള്‍ ചേരും.

ഇടുക്കി ബ്ലോക്ക് പഞ്ചായത് പ്രസിഡന്റ് രാജി ചന്ദ്രന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ജോര്‍ജ് പോള്‍, അനുമോള്‍ വിനീഷ്, ജിന്‍സി ജോയ്, രമ്യ റെനീഷ്, സിന്ധു ജോസ്, ജില്ലാ പഞ്ചായത്ത് അംഗം കെ. ജി സത്യന്‍, രാഷ്ട്രീയകക്ഷി നേതാക്കളായ ഷാജി കാഞ്ഞമല, എംകെ പ്രിയന്‍, അനില്‍ കൂവപ്ലാക്കല്‍, റോമിയോ സെബാസ്റ്റ്യന്‍, സിഎം അസിസ്, പി. കെ ജയന്‍, സണ്ണി ഇല്ലിക്കല്‍, ജില്ലാ തല വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഉടുമ്പന്‍ചോല സംഘാടകസമിതി രൂപീകരണയോഗം

നവകേരള സദസ്സിന്റെ ഭാഗമായി ഉടുമ്പന്‍ചോല മണ്ഡലതല സംഘാടകസമിതി രൂപീകരണയോഗം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. നെടുങ്കണ്ടം സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ എം എം മണി എംഎല്‍എ അധ്യക്ഷത വഹിച്ചു. ഉടുമ്പന്‍ചോല മണ്ഡലതല നവകേരള സദസ്സ് ഡിസംബര്‍ 11 ന് വൈകിട്ട് 5 മണിക്ക് നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യന്‍ സ്‌കൂളില്‍ ഗ്രൗണ്ടില്‍ സംഘടിപ്പിക്കും.

പരിപാടിയുടെ സംഘാടക സമിതി ചെയര്‍മാനായി എം എം മണി എം എല്‍ എ, ജനറല്‍ കമ്മിറ്റി വൈസ് ചെയര്‍മാന്‍മാരായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജിജി കെ ഫിലിപ്, വി എന്‍ മോഹനന്‍, നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ടി കുഞ്ഞ്, കണ്‍വീനറായി ഉടുമ്പന്‍ചോല താലൂക്ക് തഹസില്‍ദാര്‍ എ വി ജോസ് എന്നിവരെയാണ് തെരഞ്ഞെടുത്തത്. പഞ്ചായത്ത് തലത്തില്‍ വാര്‍ഡ് മെമ്പര്‍മാരെ ഉള്‍കൊള്ളിച്ചുകൊണ്ട് പഞ്ചായത്ത് പ്രസിഡന്റുമാരുടെ അധ്യക്ഷതയില്‍ സംഘാടകസമിതി രൂപീകരിക്കണമെന്ന് എം എല്‍ എ യോഗത്തില്‍ നിര്‍ദേശിച്ചു.

അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ഷൈജു പി ജേക്കബ്, ഡെപ്യൂട്ടി കളക്ടര്‍ മനോജ് കെ, നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ടി കുഞ്ഞ്, നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലേഖ ത്യാഗരാജന്‍, പാമ്പാടുംപാറ പഞ്ചായത്ത് പ്രസിഡന്റ് പി ടി ഷിഹാബ്, ഉടുമ്പന്‍ചോല പഞ്ചായത്ത് പ്രസിഡന്റ് കെ സജികുമാര്‍, രാജകുമാരി പ്രസിഡന്റ് സുമ ബിജു, രാജാക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി, ഇരട്ടയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിഷ ഷാജി, വണ്ടന്‍മേട് പഞ്ചായത്ത് പ്രസിഡന്റ് ലിജു വര്‍ഗീസ്, മറ്റ് ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ്മോന്‍, മറ്റു രാഷ്ട്രീയകക്ഷി നേതാക്കളായ പിഎന്‍ വിജയന്‍, ജോസ് പാലത്തിനാല്‍, സിബി മൂലപ്പറമ്പില്‍, സനില്‍കുമാര്‍ മംഗലശ്ശേരി, ടി എം ജോണ്‍, വി സി അനില്‍, കെജി ഓമനക്കുട്ടന്‍, കെ സി സോമന്‍, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.