2024 ജനുവരി 1 ന് മുന്‍പായി തൃശ്ശൂര്‍ ജില്ലയിലെ 4734 അതിദാരിദ്രകുടുംബങ്ങള്‍ക്കും അതിദാരിദ്ര്യനിര്‍മാര്‍ജ്ജന പദ്ധതിയുടെ ഗുണഫലങ്ങള്‍ ഉറപ്പാക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതിയായ ടുഗെതര്‍ ഫോര്‍ തൃശ്ശൂരിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 2025 നവംബര്‍ ഒന്നിന് മുന്‍പായി സംസ്ഥാനത്തുടനീളം അതിദരിദ്രര്‍ ഇല്ലാത്ത കുടുംബങ്ങള്‍ എന്ന ലക്ഷ്യം സര്‍ക്കാര്‍ കൈവരിക്കും.
വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ സംസ്ഥാനത്തെ 64,061 അതി ദരിദ്രകുടുംബങ്ങളുടെയും ജീവിത നിലവാരം ഉയര്‍ത്താനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നതായി മന്ത്രി പറഞ്ഞു. ജില്ലയിലെ അതിദരിദ്രര്‍ക്ക് സഹായഹസ്തവുമായി ടുഗെതര്‍ ഫോര്‍ തൃശ്ശൂര്‍ എന്ന പദ്ധതിക്ക് ചുക്കാന്‍ പിടിക്കുന്ന ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണതേജയെ മന്ത്രി അനുമോദിച്ചു.

ടുഗെതര്‍ ഫോര്‍ തൃശ്ശൂര്‍ പദ്ധതിയുടെ ലോഗോ പ്രകാശനം മന്ത്രി കെ രാജന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍, ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണതേജ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. 462 കുടുംബങ്ങള്‍ക്ക് സഹായഹസ്തം നല്‍കാന്‍ സന്നദ്ധരായി എത്തിയ 13 സ്‌പോണ്‍സര്‍മാരെ ചടങ്ങില്‍ ആദരിച്ചു. നൂറു കുടുംബങ്ങള്‍ക്ക് ആശ്രയമായി മാറുന്ന കുടുംബശ്രീ ജില്ലാ മിഷന്‍& സ്റ്റാഫ് യൂണിയന്‍, ചെമ്പുക്കാവ് കെഎസ്എഫ്ഇ, മണപ്പുറം ഫിനാന്‍സ് എന്നിവരെയും സഹായഹസ്തവുമായി മുന്‍പോട്ട് വന്ന ആദ്യ തദ്ദേശ സ്വയംഭരണ സ്ഥാപനമായ വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും മറ്റ് സ്‌പോണ്‍സര്‍മാരായ നിറ്റ ജലാറ്റിന്‍, വല്ലച്ചിറ സ്‌നേഹ ചാരിറ്റീസ്, ദയ ഹോസ്പിറ്റല്‍, ധനലക്ഷ്മി മള്‍ട്ടി സ്റ്റേറ്റ് അഗ്രി കോപ്പറേറ്റീവ് സൊസൈറ്റി, സി ഫോര്‍ ചാരിറ്റി ട്രസ്റ്റ്, എടക്കളത്തൂര്‍ ദേശാഭിമാനി കലാകായിക സാംസ്‌കാരിക വേദി, ഓഷ്യന്‍ ഗ്രൂപ്പ്, എലൈറ്റ് ഗ്രൂപ്പ്, ബദറുദ്ദീന്‍ എടക്കാട്ടുതറ എന്നിവരെയുമാണ് ചടങ്ങില്‍ ആദരിച്ചത്.

മാലിന്യമുക്തിയ്ക്കായി കേരളം നടത്തുന്ന യുദ്ധത്തില്‍ പങ്കാളികളാകാനും മന്ത്രി കെ രാജന്‍ ആഹ്വാനം ചെയ്തു. അതിദാരിദ്ര്യ നിര്‍മാര്‍ജനത്തിനൊപ്പം മാലിന്യനിര്‍മാര്‍ജനവും ഏറെ വെല്ലുവിളികള്‍ നിറഞ്ഞതാണ് മന്ത്രി വ്യക്തമാക്കി. മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനായുള്ള തുക തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴി നികുതിയായി ഈടാക്കുന്നതിനുള്ള ഓര്‍ഡിനന്‍സ് പുറത്തിറക്കുന്നത് പരിഗണനയില്‍ ആണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പരിപാടിയില്‍ മാലിന്യ മുക്ത നവ കേരളത്തിനായുള്ള പ്രതിജ്ഞ ഏവരും ചൊല്ലി.

രാമവര്‍മ്മപുരം വിജ്ഞാന്‍ സാഗര്‍ സയന്‍സ് ആന്റ് ടെക്നോളജി പാര്‍ക്ക് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണതേജ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ മഞ്ജുള അരുണന്‍, അഹമ്മദ് പി എം, വിഎസ് പ്രിന്‍സ്, വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രസിഡണ്ടുമാര്‍, അതിദാരിദ്ര്യം നിര്‍മ്മാര്‍ജ്ജന പദ്ധതി ജില്ലാ നോഡല്‍ ഓഫീസര്‍ സറീന എ റഹ്മാന്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഒത്തൊരുമിക്കാം തൃശ്ശൂരിനായി; ടുഗെതര്‍ ഫോര്‍ തൃശ്ശൂര്‍ പദ്ധതിയുമായി ജില്ലാ ഭരണകൂടം

ജില്ലയിലെ അതിദരിദ്ര കുടുംബങ്ങള്‍ക്ക് ആഹാരം ഉറപ്പാക്കുന്ന ജില്ലാ ഭരണകൂടത്തിന്റെ ‘ടുഗെതര്‍ ഫോര്‍ തൃശ്ശൂര്‍’ പദ്ധതിയ്ക്ക് തുടക്കമായി. ജില്ലയിലെ 4743 അതിദാരിദ്ര്യ കുടുംബങ്ങളാണ് പദ്ധതിയിലൂടെ സഹായഹസ്തം ലഭ്യമാവുക. ഇവര്‍ക്കായി വിവിധ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും സഹകരണത്തോടെ ആവശ്യമായ ഭക്ഷ്യധാന്യങ്ങള്‍ എത്തിക്കുന്നതാണ് പദ്ധതി. സൗജന്യ റേഷന്‍ ലഭിക്കുന്നതിന് പുറമേ പ്രതിമാസം ഏകദേശം 700 രൂപ വിലവരുന്ന പലവ്യഞ്ജനങ്ങള്‍ അടങ്ങിയ കിറ്റ് ഈ കുടുംബങ്ങള്‍ക്ക് പദ്ധതിയിലൂടെ ലഭ്യമാക്കും. ഇതിനോടകം 462 കുടുംബങ്ങള്‍ക്ക് 13 സ്പോണ്‍സര്‍മാരിലൂടെ സഹായം നല്‍കാന്‍ ജില്ലാ ഭരണകൂടത്തിന് കഴിഞ്ഞിട്ടുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴി നടപ്പിലാക്കുന്ന അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിന് കൈത്താങ്ങും പിന്തുണയുമായി മാറുന്ന പുത്തന്‍ മാതൃക കൂടിയാണ് ടുഗെതര്‍ ഫോര്‍ തൃശ്ശൂരെന്ന ആശയം.

സ്പോണ്‍സറാകാന്‍

ടുഗെതര്‍ ഫോര്‍ തൃശ്ശൂര്‍ പദ്ധതിയില്‍ അതിദരിദ്ര കുടുംബങ്ങള്‍ക്കുള്ള സഹായപദ്ധതിയില്‍ സ്പോണ്‍സര്‍മാരാകാന്‍ താല്‍പര്യമുള്ളവര്‍ക്ക് തദ്ദേശ സ്ഥാപനങ്ങളെയോ കലക്ടറേറ്റിലോ ബന്ധപ്പെടാം. അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതി ജില്ലാ നോഡല്‍ ഓഫിസറെ ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍: 9567450970.