മാതൃകാപരവും സംഘാടനമികവും കൊണ്ട് ശ്രദ്ധേയമായി കുന്നംകുളത്ത് നടന്ന 65-ാമത് സംസ്ഥാന സ്കൂൾ കായികോത്സവം. കുന്നംകുളം സിന്തറ്റിക് ട്രാക്കിൽ തുടർന്നും അന്താരാഷ്ട്ര മത്സരങ്ങൾ നടത്താനുള്ള ചൂണ്ടുപലകയായി ഈ കായികമേള മാറി. സംഘാടക സമിതി ചെയർമാനായ എസി മൊയ്തീൻ എംഎൽഎയുടെ നേതൃത്വത്തിൽ നടന്ന കായികമേള പരിഭവങ്ങളോ പരാതികളോ ഇല്ലാതെ മികവുറ്റതാക്കാൻ കഴിഞ്ഞു. കായിക പ്രേമികളായ കുന്നംകുളത്തുകാരും കൗമാര കായിക മാമാങ്കം ഏറ്റെടുത്തതോടെ കായികമേള അപ്രതീക്ഷിത വിജയത്തിലേക്ക് കുതിച്ചു.
എസി മൊയ്തീൻ എംഎൽഎ മന്ത്രിയായിരിക്കുമ്പോൾ ആരംഭിച്ച കുന്നംകുളത്തെ വികസന പ്രവർത്തനങ്ങളുടെ ഭാഗമായാണ് കുന്നംകുളത്തിന് സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ആഥിത്യം വഹിക്കാനായത്. കായിക താരങ്ങളുൾപ്പെടെ മേളയുടെ ഭാഗമായ എല്ലാവർക്കും കൊടകര സ്വദേശി അയ്യപ്പദാസിന്റെ നേതൃത്വത്തിൽ പാകം ചെയ്ത രുചികരമായ ഭക്ഷണങ്ങൾ അധ്യാപകർ വിളമ്പി. ത്രിതല പഞ്ചായത്ത് അംഗങ്ങളും ജനപ്രതിനിധികളും അവർക്കൊപ്പം കൂടി. ദിവസവും ഏഴായിരത്തോളം പേർക്കാണ് വിഭവ സമൃദ്ധമായ സദ്യയും വിഭവങ്ങളും ഒരുക്കിയത്. ആയിരം പേർക്ക് ഒരുമിച്ച് ഇരുന്നുണ്ണാനുള്ള സൗകര്യവും ഒരുക്കിയിരുന്നു.
ജൈവ അജൈവ മാലിന്യങ്ങൾ വേർതിരിച്ച് കുന്നംകുളം നഗരസഭാ കായിക വേദിയിലെ മാലിന്യമകറ്റി. നഗരസഭാ ചെയർപേഴ്സൺ സീത രവീന്ദ്രന്റെ മേൽനോട്ടത്തിൽ നഗരസഭാംഗങ്ങളും ജീവനക്കാരും ഉദ്യോഗസ്ഥരും അതിന് ഒറ്റക്കെട്ടായി പ്രവർത്തിച്ചു. ഗ്രീൻ വളണ്ടിയർമാരും എൻ എസ് എസ് വളണ്ടിയർമാരും കൈകോർത്തപ്പോൾ കായികമേള കൂടുതൽ ഹരിതാഭമായി.
കായികതാരങ്ങൾക്കുള്ള താമസവും വെള്ളവും, യാത്രാ സൗകര്യവുമെല്ലാം കുറ്റമറ്റരീതിയിലാണ് നടപ്പാക്കിയത്. നിലവാരമാർന്ന ട്രോഫികളാണ് വിജയികൾക്ക് നൽകിയത്. ശബ്ദവും വെളിച്ചും ഇടതടവില്ലാതെ പ്രവർത്തിച്ചു. കാണികൾക്ക് മത്സരങ്ങൾ ഗ്യാലറിയിലിരുന്ന് കാണാനും മത്സര ഫലങ്ങൾ നിമിഷ നേരംകൊണ്ട് അറിയാനുമായി രണ്ട് ബിഗ് സ്ക്രീനും ഒരുക്കിയിരുന്നു. അധ്യാപക സംഘടനാ നേതാക്കളായിരുന്നു വിവിധ കമ്മിറ്റി കൺവീനർമാർ. ജനപങ്കാളിത്തം കൊണ്ടും 65-ാമത് സംസ്ഥാന കായിക മേള ശ്രദ്ധ നേടി. മേളയിലെ ക്രമസമാധാനം പോലീസിൽ സുരക്ഷിതമായിരുന്നു. മത്സരത്തിനിടെ കായിക താരങ്ങൾക്കുണ്ടായ അപകടങ്ങളെ നേരിടാൻ മെഡിക്കൽ സംഘവും ജാഗരൂകരായി പ്രവർത്തിച്ചു.
ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി വില്യംസ്, പൊതു വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ഡയറക്ടർ എം കെ ഷൈൻ മോൻ, സ്പോട്സ് ഓർഗനൈസർ എൽ ഹരീഷ് ശങ്കർ, ഗവ. മോഡൽ ബോയ്സ് സ്കൂൾ പ്രിൻസിപ്പാൾ സോമൻ, റസിയ ടീച്ചർ, പഞ്ചായത്ത് പ്രസിഡന്റ്മാർ, കായികാധ്യാപകൻ ശ്രീനേഷ്, വിവിധ കായിക വകുപ്പ് ഉദ്യോഗസ്ഥർ, അധ്യാപകർ തുടങ്ങിയവരുടെ സേവനവും മേളയെ മികവുറ്റതാക്കി.