സംസ്ഥാനത്തിന്റെ നേട്ടങ്ങളുടെ വിളംബരവുമായി നവംബർ ഒന്നുമുതൽ ഏഴുവരെ തിരുവനന്തപുരത്തു നടക്കുന്ന കേരളീയത്തിന്റെ ഭാഗമായി നാളെ 1001 വിദ്യാർഥികൾ പങ്കെടുക്കുന്ന സംഘഗാനാലാപനം അരങ്ങേറും. മലയാളനാടിനെക്കുറിച്ചുള്ള സംഘ ഗാനാലാപനത്തിൽ കാട്ടാക്കട നിയമസഭാമണ്ഡലത്തിലെ മുഴുവൻ സ്‌കൂളുകളിലെയും വിദ്യാർഥികൾ പങ്കെടുക്കും.

ഉച്ചയ്ക്ക് ഒരുമണിക്ക് കാട്ടാക്കട തൂങ്ങാംപാറ കാളിദാസ കൺവെൻഷൻ സെന്ററിലാണ് കാട്ടാലാരവം, കേരളീയത്തിനൊപ്പം കാട്ടാക്കട എന്ന പരിപാടി അരങ്ങേറുന്നത്. കേരളീയം പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കൂടിയായ ഐ.ബി. സതീഷ് എം.എൽ.എയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. കേരളീയത്തിന്റെ ഭാഗമായി ബുധനാഴ്ച (ഒക്ടോബർ 17) മുതൽ കാട്ടാക്കട മണ്ഡലത്തിലെ സ്‌കൂളുകളിൽ കേരളീയം കോർണർ ആരംഭിക്കുകയും ഉച്ചഭക്ഷണം കഴിഞ്ഞുള്ള ഇടവേള സമയത്ത് ബോധേശ്വരന്റെയും വള്ളത്തോളിന്റെയും അടക്കമുള്ള കവിതകളുടെ ആലാപനം നടത്തുകയും ചെയ്യുന്നുണ്ട്.