കേരള നോളെജ് ഇക്കോണമി മിഷന്റെ എന്റെ തൊഴിൽ എന്റെ അഭിമാനം 2.0 , തൊഴിലരങ്ങത്തേക്ക് പദ്ധതി നടപ്പിലാക്കുന്ന പഞ്ചായത്തുകളിലെ അധ്യക്ഷരുടെ ഏകദിന യോഗം ചേർന്നു. പദ്ധതിക്ക് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ പഞ്ചായത്തുകൾ ഉൾപ്പെടുന്ന തിരുവനന്തപുരം റീജിയണൽ യോഗമാണ് തിരുവനന്തപുരം ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ഹാളിൽ നടന്നത്. കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ആലപ്പുഴ ജില്ലാ സെക്രട്ടറി എൻ സജീവൻ അധ്യക്ഷനായ യോഗത്തിൽ നോളെജ് ഇക്കോണമി മിഷൻ ഡയറക്ടർ ഡോ. പി എസ് ശ്രീകല ആമുഖ പ്രഭാഷണം നടത്തി.
യോഗത്തിൽ നാല് ജില്ലകളിൽ നിന്നായി 32 പഞ്ചായത്ത് പ്രസിഡന്റുമാർ പങ്കെടുത്തു. കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. എന്റെ തൊഴിൽ എന്റെ അഭിമാനം, തൊഴില രങ്ങത്തേക്ക് പദ്ധതികളുടെ 2024 വരെയുള്ള പ്രവർത്തനങ്ങൾ യോഗം ചർച്ച ചെയ്തു. കമ്യൂണിറ്റി പ്രവർത്തനങ്ങൾക്ക് തയ്യാറെടുക്കേണ്ട രീതികളെകുറിച്ച് അഡ്വ. ബിലാൽ മുഹമ്മദ് ക്ലാസെടുത്തു. തുടർന്ന് പഞ്ചായത്ത് പ്രസിഡന്റുമാർ ഗ്രൂപ്പ് തിരിഞ്ഞ് പഞ്ചായത്തുകളിൽ നടത്തേണ്ട പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്തു. ചർച്ചയിൽ ക്രോഡീകരിച്ച ആശയങ്ങളുടെ അവതരണത്തിൽ പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി തദ്ദേശസ്ഥാപനങ്ങളിൽ ഫെസിലിറ്റേഷൻ സെന്ററും മറ്റു സംവിധാനങ്ങളും ഒരുക്കാൻ തയ്യാണെന്ന് പ്രസിഡന്റുമാർ അറിയിച്ചു.